ഇന്ത്യൻ ജേഴ്സിയും മാസ്കും ധരിച്ച് ഹനുമാൻകൈൻഡ്; വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നേരിട്ടെത്തി

ഡൽഹി ജന്തർമന്തറിൽ ക്രോക്കോച്ച് ജനതാ പാർട്ടി (സി.ജെ.പി)യുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നേരിട്ടെത്തി റാപ്പർ ഹനുമാൻകൈൻഡ്. ചലോ സൻസദ് മാർച്ചിന്റെ ഭാഗമായാണ് മലയാളിയായ റാപ്പർ എത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയും മാസ്‌കും ധരിച്ചാണ് ഹനുമാൻകൈൻഡ് മാർച്ചിന്റെ ഭാഗമായത്.
പ്രതിഷേധത്തിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിനെയും കണ്ണീർവാതക പ്രയോഗത്തെയും ഹനുമാൻകൈൻഡ് രൂക്ഷമായി വിമർശിച്ചു. പ്രക്ഷോഭസ്ഥലത്തെ ദൃശ്യങ്ങൾ റാപ്പർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.
'നീതിപൂർവമായ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധിക്കാൻ എത്തിയ ആളുകൾക്കെതിരെ ഇത്തരത്തിൽ ക്രൂരമായ ബലപ്രയോഗം നടത്തിയതിന് യാതൊരു ന്യായീകരണവുമില്ല. നമ്മൾ മെച്ചപ്പെട്ട സാഹചര്യങ്ങൾ അർഹിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നത് ഒരു കുറ്റമല്ല,' എന്ന് ഹനുമാൻകൈൻഡ് കുറിച്ചു.
പോലീസ് നടപടി തുടങ്ങുന്നതിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ദേശീയപതാകയേന്തി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങളും റാപ്പർ പങ്കുവെച്ചിരുന്നു. 'പോലീസ് കണ്ണീർവാതകം പ്രയോഗിക്കുന്നതിനും ആളുകളെ ലാത്തി വീശുന്നതിനും തൊട്ടുമുമ്പ്,' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
ഹനുമാൻകൈൻഡിന് പുറമെ പ്രമുഖ സിനിമാ താരങ്ങളായ ഷബാന ആസ്മി, പ്രകാശ് രാജ് ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ പ്രക്ഷോഭസ്ഥലത്ത് നേരിട്ടെത്തി വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഹൃതിക് റോഷൻ, ദിൽജിത് ദോസാഞ്ജ്, വിർ ദാസ്, ദിഷ പഠാണി തുടങ്ങിയ പ്രമുഖരും സോഷ്യൽ മീഡിയയിലൂടെ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് ഹനുമാൻകൈൻഡ് എന്ന പേരിൽ ശ്രദ്ധ നേടിയ സൂരജ് ചെറുകാട്ട്. ബിഗ് ഡൗഗ്‌സ് എന്ന റാപ്പിലൂടെയാണ് ആഗോള ശ്രദ്ധയിലേക്ക് ഉയർന്നത്. 'ധുരന്ധർ' ഉൾപ്പെടെ ചിത്രങ്ങളുടെ ഭാഗമായി. മലയാളത്തിൽ 'റൈഫിൾ ക്ലബ്' എന്ന സിനിമയിൽ വേഷമിട്ടു.
Content Highlights: Globally acclaimed Malayali rapper Hanumankind (Sooraj Cherukat) made a surprise appearance at Delhi's Jantar Mantar to support a student protest led by the Crocodile Janata Party (CJP). Dressed in an Indian cricket team jersey and a face mask, he actively participated in the 'Chalo Sansad March' alongside the protesting students. The rapper strongly condemned the police force, criticizing their harsh use of tear gas and lathi charges against peaceful demonstrators asserting their rights. He shared visuals on social media capturing the moments just before the police action while students were holding the national flag and raising slogans. Several prominent personalities including Prakash Raj, Shabana Azmi, Hrithik Roshan, and Diljit Dosanjh have also extended their solidarity to the ongoing movement