ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

#മൂവി ഡെസ്ക്
ഹാഫ് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Instagram
ഹാഫ് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Instagram

ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ടിഫ്) ചരിത്രനേട്ടവുമായി സംജാദ് സംവിധാനം ചെയ്ത മലയാള ചിത്രം ‘ഹാഫ്’. മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ആദ്യ മലയാള ചിത്രമായ ‘ഹാഫി’ന്റെ പ്രദർശനത്തിന് തിയറ്ററിൽ ലഭിച്ച ആവേശകരമായ പ്രതികരണം ചിത്രത്തിന്റെ അണിയറപ്രവർത്തകരെയും അമ്പരപ്പിച്ചു. സെപ്റ്റംബർ 18ന് നടന്ന വേൾഡ് പ്രീമിയറിന് പിന്നാലെ നടന്ന ചോദ്യോത്തര സെഷനിലും പ്രേക്ഷകരുടെ ആവേശം പ്രകടമായി.

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവും സജീവ് പി.കെയും ചേർന്ന് നിർമിച്ച ചിത്രത്തിന്റെ പ്രദർശനത്തിന് പിന്നാലെ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ചോദ്യങ്ങളും പങ്കുവെച്ച പ്രേക്ഷകർ ചോദ്യോത്തര സെഷനിൽ അണിയറപ്രവർത്തകരുമായി സംവദിക്കുകയും ചിത്രത്തോടുള്ള തങ്ങളുടെ സ്നേഹവും പിന്തുണയും നേരിട്ട് അറിയിക്കുകയും ചെയ്തു.

Also Read: ടൊറോന്റോ ചലച്ചിത്രമേളയിൽ ഇത്തവണ കൂടുതൽ ഇന്ത്യൻ ചിത്രങ്ങൾ

സംവിധായകൻ സംജാദിനൊപ്പം നിർമാതാക്കളായ ആൻ സജീവും സജീവ് പി.കെയും, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രഞ്ജിത്ത് സജീവ്, ഐശ്വര്യ രാജ്, സംഗീത സംവിധായകൻ മിഥുൻ മുകുന്ദൻ, സൗണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ് എന്നിവർ ചോദ്യോത്തര സെഷനിൽ പങ്കെടുത്തു. ചിത്രത്തിന്റെ പ്രമേയം, മേക്കിംഗ്, ദൃശ്യാവിഷ്കാരം, സംഗീതം, ശബ്ദരൂപകൽപ്പന, അഭിനേതാക്കളുടെ പ്രകടനം തുടങ്ങിയ വിവിധ ഘടകങ്ങളെക്കുറിച്ച് അവർ പ്രേക്ഷകരുമായി സംവദിച്ചു.

പ്രദർശനത്തിനിടെ തിയറ്ററിൽ നിറഞ്ഞുനിന്ന ആവേശവും കൈയടികളും ചിത്രത്തിന് ലഭിച്ച പ്രേക്ഷകസ്വീകാര്യതയുടെ നേർക്കാഴ്ചയായി. വെരിട്രി യുലിസ്മാന്റെ ആക്ഷൻ കൊറിയോഗ്രഫിയും ചിത്രത്തിന്റെ സംഗീതവും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടി. ചിത്രത്തിന്റെ റോ ആയ അവതരണശൈലിയും പ്രത്യേക ശ്രദ്ധ നേടി.

പാപ്പിനുവിന്റെ ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദിന്റെ എഡിറ്റിംഗും വിഷ്ണു ഗോവിന്ദിന്റെ ശബ്ദസംവിധാനവും ചിത്രത്തിന്റെ അന്തരീക്ഷത്തെ കൂടുതൽ തീവ്രമാക്കുന്നതായി പ്രേക്ഷകർ അഭിപ്രായപ്പെട്ടു. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രഞ്ജിത്ത് സജീവിന്റെയും ഐശ്വര്യ രാജിന്റെയും പ്രകടനവും ചോദ്യോത്തര സെഷനിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു.

Also Read: ഹോർഹെ ലൂയിസ് ബോർഹെസിന്‍റെ ജീവിതകഥ; ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേള 2026-ലെ ദൈർഘ്യമേറിയ ചിത്രം

പ്രവീൺ വിശ്വനാഥും സംജാദും ചേർന്നാണ് ‘ഹാഫി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രണ്ട് ഹാഫ്-ബ്ലഡ് വാംപയർമാരെ കേന്ദ്രീകരിച്ചുള്ള വ്യത്യസ്തമായ വാംപയർ ആക്ഷൻ ത്രില്ലറാണ് ചിത്രം. ശക്തമായ ആക്ഷനും ഡാർക്ക് ആറ്റ്മോസ്ഫിയറും ചേർന്ന വേറിട്ടൊരു സിനിമാനുഭവമാണ് ‘ഹാഫ്’ ഒരുക്കുന്നത്.

‘ഹാഫി’ന്റെ ഉത്തരേന്ത്യൻ പ്രദർശനവും വിതരണവും എക്സൽ എന്റർടെയ്ൻമെന്റും എ.എ. ഫിലിംസും ചേർന്നാണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ അന്താരാഷ്ട്ര സെയിൽസ് അവകാശം ബെസ്റ്റ് ഫ്രണ്ട് ഫോർഎവർ (ബി.എഫ്.എഫ്.) സ്വന്തമാക്കിയിട്ടുണ്ട്.

മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തിലെ ചരിത്രപരമായ അരങ്ങേറ്റത്തിന് പിന്നാലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘ഹാഫി’ന് ലഭിച്ച ഈ ആവേശകരമായ സ്വീകരണം ചിത്രത്തിന്റെ അന്താരാഷ്ട്ര യാത്രയിലെ ശ്രദ്ധേയമായ അധ്യായമായി മാറുകയാണ്.

Content Highlights: The Malayalam vampire action thriller Half, directed by Samjad and starring Ranjith Sajeev and Aishwarya Raj, made history as the first Malayalam film to premiere in the Midnight Madness section at the Toronto International Film Festival (TIFF) to overwhelming audience acclaim.