'ചരിത്രം മായ്ച്ചുകളയരുത്‌'; സത്‌ലജിനെ പിന്തുണച്ച് ഗുൽ പനാഗ്

#മൂവി ഡെസ്‌ക്
ഗുല്‍ പനാഗ് | Photo - AFP
ഗുല്‍ പനാഗ് | Photo - AFP

ദിൽജിത് ദൊസാഞ്ജ് നായകനായ സത്‌ലജിനെ പിന്തുണച്ച് നടിയും മോഡലുമായ ഗുൽ പനാഗ്. തീവ്രവാദം രൂക്ഷമായിരുന്നു കാലത്തു പഞ്ചാബിൽ ജനിച്ചുവളർന്ന വ്യക്തിയാണ് താനെന്ന് അവർ സാമൂഹിക മാധ്യമമായ X-ൽ കുറിച്ചു. ചരിത്രം മായ്ച്ചു കളയാനുള്ളതല്ല. വേദനാജനകമായ ഇത്തരം കഥകൾ ഇനിയും പറയേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.

ജസ്വന്ത്‌സിങ് ഖൽറ എന്ന മനുഷ്യാവകാശ പ്രവർത്തകന്റെ ജീവിതം ആസ്പദമാക്കി എടുത്ത സിനിമയാണ് സത്‌ലജ്. 1980 -90 കാലഘട്ടത്തിൽ പഞ്ചാബിൽ തീവ്രവാദം ശക്തമായിരുന്ന കാലത്തു ആയിരകണക്കിന് തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങൾ നിയമവിരുദ്ധമായി ദഹിപ്പിക്കുകയും കാണാതാവുകയും ചെയ്തെന്ന ആരോപണങ്ങളാണ് ചിത്രം പ്രമേയമാക്കുന്നത്.

X-ൽ പങ്കുവെച്ച കുറിപ്പിൽ ഗുൽ പനാഗ് ഇങ്ങനെ എഴുതി.

'തീവ്രവാദം ഏറ്റവും രൂക്ഷമായിരുന്ന വർഷങ്ങളിലാണ് ഞാൻ പഞ്ചാബിൽ വളർന്നത്. ബസുകൾ തടഞ്ഞുനിർത്തി നിരപരാധികളായ യാത്രക്കാരെ പുറത്തേക്ക് വലിച്ചിറക്കി കൊലപ്പെടുത്തിയ സംഭവങ്ങളെക്കുറിച്ച് പത്രങ്ങളിൽ വായിച്ചത് എനിക്ക് ഓർമ്മയുണ്ട്. തീവ്രവാദ പ്രസ്ഥാനങ്ങളുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും യുവാക്കളെ പിടിച്ചുകൊണ്ടുപോയി തടവിലാക്കി പീഡിപ്പിച്ച സംഭവങ്ങളെക്കുറിച്ചും ഞാൻ കേട്ടിട്ടുണ്ട്. എന്റെ സ്വന്തം ഗ്രാമത്തിൽ നിന്നുള്ളവരും അതിലുണ്ടായിരുന്നു.

ആ കാലഘട്ടത്തിലെ ഓർമ്മകൾ, ഇത്തരത്തിലുള്ള കഥകൾ പൊതുചർച്ചയുടെ ഭാഗമായി തുടരണമെന്ന തന്റെ വിശ്വാസം കൂടുതൽ ശക്തിപെടുത്തുന്നു. അത്രയും വേദന നിറഞ്ഞ കാലത്തെക്കുറിച്ചു പറയുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നത് എന്തിനാണ്? ചരിത്രത്തിലെ പ്രയാസകരമായ നിമിഷങ്ങൾ മറക്കാതിരിക്കാൻ ഇത്തരം സിനിമകൾ സഹായിക്കും- ഗുൽ പനാഗ് എഴുതി.

തുടക്കം മുതൽ ഒരുപാടു വിവാദങ്ങളിലൂടെ കടന്നുപോയ ചിത്രമാണ് സത്‌ലജ്. 2022-ൽ ഗല്ലുഘര (കൂട്ടക്കൊല) എന്ന പേരിലാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രീകരണം പൂർത്തിയാക്കി നവംബറിൽ സെൻസർ ബോർഡിന് മുന്നിലെത്തിയ ചിത്രത്തിന് 21 കട്ടും പഞ്ചാബ് 95 എന്ന പുതിയ പേരും നിർദേശിക്കപ്പെട്ടു. ഈ തീരുമാനത്തിനെതിരെ നിർമാതാക്കളായ RSVP മുംബൈ ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ 2023 ൽ ടൊറോന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്ന സിനിമയുടെ ഗാല പ്രീമിയറും റദ്ദാക്കി.

കോടതി നടപടികൾക്ക് ശേഷം ചിത്രം റിവിഷൻ കമ്മിറ്റിക്കു വിട്ടു. കമ്മിറ്റി 21-നു പകരം 120 കട്ടുകൾ നിർദേശിച്ചു. കൂടാതെ ചിത്രത്തിൽ നിന്ന് ജസ്വന്ത് സിങ്ങ് ഖൽറയുടെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ടതായി നിർമാതാക്കൾ ആരോപിച്ചു. ഈ മാറ്റങ്ങൾ അംഗീകരിക്കാൻ തയ്യാറാകാതിരുന്നതിനാൽ വർഷങ്ങളോളം ഈ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തില്ല.

ഒടുവിൽ ജൂലായ് 3-ന് സീനുകൾ ഒന്നും കട്ട് ചെയ്യാതെ സീ 5-ൽ സത്‌ലജ് റിലീസ് ചെയ്തു. എന്നാൽ 48 മണിക്കൂറിനുള്ളിൽ ചിത്രം നീക്കംചെയ്യപ്പെടുകയായിരുന്നു.

സത്‌ലജിന് തിയേറ്റർ റിലീസിനുള്ള സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. സർട്ടിഫിക്കേഷൻ നടപടിക്രമങ്ങൾ പാലിക്കാതെ നിർമാതാക്കൾ ചിത്രം പേരുമാറ്റി ഒ.ടി.ടി യിൽ റിലീസ് ചെയ്യുകയായിരുന്നു. ഇത് 2021-ലെ ഐ.ടി ആക്ടിന്റെ ലംഘനമാണ് എന്നതാണ് പിൻവലിക്കാനുള്ള കാരണമായി അധികൃതർ പറഞ്ഞത്.

Content Highlights: Gul Panag advocates for the necessity of telling difficult historical stories., The film Satluj documents the life of activist Jaswant Singh Khalra., The film faced extensive censorship from the CBFC before its brief ZEE5 release., Government cited security concerns under IT Rules for the film's removal., The removal sparked backlash from the SGPC and Punjab-based political groups.