ഗോവിന്ദയ്ക്ക് വെടിയേറ്റ സംഭവം;ആശുപത്രിയിൽ 200 പോലീസുകാർ ഉണ്ടായിരുന്നു, വെളിപ്പെടുത്തി രാഗിണി ഖന്ന

#Movies desk
നടന്‍ ഗോവിന്ദ | AP
നടന്‍ ഗോവിന്ദ | AP

2024 ഒക്ടോബറിൽ ലൈസൻസുള്ള റിവോൾവറിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി ഗോവിന്ദയുടെ കാലിന് പരിക്കേറ്റിരുന്നു. ഈ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഗോവിന്ദയുടെ സഹോദരിയുടെ മകളും നടിയുമായ രാഗിണി ഖന്ന. സംഭവം ആകസ്മികമായിരുന്നു എന്ന് വിക്കി ലാൽവാനിയോട് സംസാരിക്കവേ രാഗിണി ഓർത്തെടുത്തു.

'ചിചി മാമയ്ക്ക് വെടിയേറ്റു എന്ന് പറഞ്ഞ് എന്റെ അമ്മയ്ക്ക് ഒരു കോൾ വന്നു. അപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നുവെന്ന് പിന്നീട് അമ്മ പറഞ്ഞു. എന്റെ അമ്മ പെട്ടെന്നുതന്നെ ആശുപത്രിയിലേക്ക് പോയി. ഞാൻ ഞെട്ടിപ്പോയിരുന്നു. ഞാൻ വളരെ വൈകാരികമായി പ്രതികരിക്കുന്ന ഒരാളാണ്. അതിനാൽ കൂടുതൽ ടെൻഷനാവുന്നതിന് മുമ്പ് കുറച്ചു നേരം കൂടി കഴിഞ്ഞ് ഞാൻ അവിടെ പോയി. എന്റെ അമ്മയും സഹോദരനും ഉടൻ തന്നെ പോയിരുന്നു. മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഞാനവിടെ പോയത്.'

സംഭവത്തെ കുറിച്ചുള്ള പോലീസിന്റെ അന്വേഷണങ്ങളെക്കുറിച്ചും പോലീസിന്റെ സാന്നിധ്യത്തെ കുറിച്ചും രാഗിണി സംസാരിച്ചു.

'ആശുപത്രിയിൽ തന്നെ 200 പോലീസുകാർ ഉണ്ടായിരുന്നു, സംഭവിച്ചതെന്താണെന്ന് അറിയാൻ അദ്ദേഹത്തിന്റെ വീടിന് പുറത്ത് 50 പോലീസുകാരും ഉണ്ടായിരുന്നു. ഇത് യഥാർത്ഥമല്ലെങ്കിൽ അങ്ങനെയൊരു സാഹചര്യത്തിൽ നിന്ന് നിങ്ങൾക്ക് എങ്ങനെ രക്ഷപ്പെടാൻ കഴിയും? നമ്മുടെ പോലീസിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. അവർ അവരുടെ ജോലി നന്നായി ചെയ്തു, അവർക്ക് തൃപ്തികരമായ റിസൾട്ടും ലഭിച്ചു. മറ്റൊരാളാണ് ഇതിന് പിന്നിൽ ഉണ്ടായിരുന്നതെങ്കിൽ, അത്രയും വലിയ വ്യക്തിത്വമുള്ള ഒരാളെ ഇങ്ങനെ ചെയ്തതിന് ശേഷം അയാൾക്ക് രക്ഷപ്പെടാൻ കഴിയില്ലായിരുന്നു. അദ്ദേഹം ഒരു മാസത്തിനുള്ളിൽ സുഖപ്പെട്ടു, ഒരു മാസത്തിനുള്ളിൽ അദ്ദേഹത്തിന് എഴുന്നേറ്റ് നിൽക്കാൻ കഴിഞ്ഞു', രാഗിണി പറഞ്ഞു.

ഗോവിന്ദ, ആശുപത്രിക്കിടക്കയിൽ നിന്ന് ആരാധകരെ ആശ്വസിപ്പിക്കാൻ ഹൃദയസ്പർശിയായ ഒരു ശബ്ദസന്ദേശം പങ്കുവെച്ചിരുന്നു. തനിക്ക് ലഭിച്ച പരിചരണത്തിനും ആരാധകരുടെയും മാതാപിതാക്കളുടെയും ഗുരുവിന്റെയും പിന്തുണയ്ക്കും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.

'നമസ്‌കാരം, ഞാൻ ഗോവിന്ദയാണ്. എനിക്ക് വെടിയേറ്റു. നിങ്ങളുടെയെല്ലാം അനുഗ്രഹം കൊണ്ടും മാതാപിതാക്കളുടെ അനുഗ്രഹം കൊണ്ടും ഗുരുവിന്റെ കാരുണ്യം കൊണ്ടും ബുള്ളറ്റ് നീക്കം ചെയ്തിരിക്കുന്നു. ഇവിടുത്തെ ഡോക്ടർമാർക്ക്, ബഹുമാനപ്പെട്ട ഡോക്ടർ അഗർവാളിന്, നിങ്ങളുടെയെല്ലാം പ്രാർത്ഥനകൾക്ക് ഞാൻ നന്ദി പറയുന്നു. നന്ദി, പ്രണാമം.'

കൂലി നമ്പർ വൺ, ഹസീന മാൻ ജായേഗി, സ്വർഗ്, സാജൻ ചലേ സസുരാൽ, രാജാ ബാബു, രാജാജി, പാർട്ണർ എന്നിവയാണ് ഗോവിന്ദയുടെ പ്രശസ്തമായ സിനിമകൾ. 2019-ൽ പുറത്തിറങ്ങിയ രംഗീല രാജ സാമ്പത്തികമായി പരാജയമായിരുന്നു. തുടർന്ന് അഭിനയത്തിൽനിന്ന് മാറിനിൽക്കുകയായിരുന്നു അദ്ദേഹം.

Content Highlights: Ragini Khanna, Govinda`s niece, details the 2024 accidental shooting, confirming extensive police presence and putting foul play rumors to rest.