മരണവാർത്ത പുറത്തുവിട്ടത് സംസ്കാരം കഴിഞ്ഞശേഷം; ശാന്തമായ വിടവാങ്ങലാണ് അസ്രാനി ആവശ്യപ്പെട്ടിരുന്നതെന്ന് കുടുംബം

കഴിഞ്ഞദിവസമാണ് പ്രശസ്ത ബോളിവുഡ് നടൻ ഗോവർദ്ധൻ അസ്രാനി അന്തരിച്ചത്. കുടുംബാംഗങ്ങൾ മാത്രമാണ് അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തത്. ആളും ബഹളവും ഒന്നുമില്ലാതെയുള്ള വിടവാങ്ങലാണ് അസ്രാനി ആഗ്രഹിച്ചിരുന്നതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞിരിക്കുകയാണ്. തന്റെ ഭാര്യയായ മഞ്ജുവിനോട് അദ്ദേഹം പറഞ്ഞ അവസാന ആഗ്രഹം എന്താണെന്നും കുടുംബം വെളിപ്പെടുത്തി. ഇൻസ്റ്റാഗ്രാമിൽ ദീപാവലി ആശംസ നേർന്ന് മണിക്കൂറുകൾക്കകമായിരുന്നു അന്ത്യം
ആരോഗ്യപരമായ പ്രശ്നങ്ങളെത്തുടർന്ന് അഞ്ച് ദിവസം മുംബൈയിലെ ജുഹുവിലുള്ള ആരോഗ്യനിധി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസ്രാനി അവിടെവെച്ചാണ് അന്തരിച്ചത്. അദ്ദേഹത്തിൻ്റെ സംസ്കാരം അതേദിവസം വൈകുന്നേരം തന്നെ സാന്താക്രൂസ് ശ്മശാനത്തിൽ വെച്ച് ലളിതമായ ചടങ്ങുകളോടെ, കുടുംബാംഗങ്ങളുടെ മാത്രം സാന്നിധ്യത്തിൽ നടന്നു. സംസ്കാരം കഴിഞ്ഞതിനുശേഷമാണ് അസ്രാനിയുടെ മരണവിവരം കുടുംബം പുറത്തുവിട്ടത്. ഒരു സാധാരണക്കാരനായി ഓർമിക്കപ്പെടാനാണ് അസ്രാനി ആഗ്രഹിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
ശാന്തവും മാന്യവുമായ ഒരു വിടവാങ്ങലാണ് അസ്രാനി ആവശ്യപ്പെട്ടതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. സംസ്കാരച്ചടങ്ങിന് പൊതുജനശ്രദ്ധയോ മാധ്യമങ്ങളുടെ ബഹളങ്ങളോ ഒഴിവാക്കണമെന്നായിരുന്നു അവസാന ആഗ്രഹമായി നടൻ ഭാര്യയോട് ആവശ്യപ്പെട്ടത്. ഇത് പരിഗണിച്ചാണ് അന്ത്യകർമ്മങ്ങൾ അതീവ സ്വകാര്യമായി നടത്തുകയും, സംസ്കാരം പൂർത്തിയായതിന് ശേഷം മാത്രം മരണവാർത്ത പുറത്തുവിട്ടതും.
ഇന്ത്യൻ സിനിമയിലെ മികച്ച ഹാസ്യനടന്മാരിൽ ഒരാളായിരുന്നു അസ്രാനി. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 350-ലധികം സിനിമകളിൽ അഭിനയിച്ചു. രാജസ്ഥാനിലെ ജയ്‌പൂരിൽ ജനിച്ച അദ്ദേഹം ജയ്‌പുരിലെ സെയ്ന്റ് സേവ്യേഴ്‌സ് സ്കൂളിൽനിന്നാണ് വിദ്യാഭ്യാസം നേടിയത്. പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ പരിശീലനം നേടി. 1960-കളുടെ മധ്യത്തിൽ ഹിന്ദി ചലച്ചിത്രമേഖലയിൽ പ്രവേശിച്ചു.
ഗൗരവമേറിയ സഹകഥാപാത്രങ്ങളുമായാണ് തുടക്കം കുറിച്ചതെങ്കിലും അദ്ദേഹത്തിന്റെ ഹാസ്യരംഗങ്ങൾ 1970-കളിലും 1980-കളിലും ഹിന്ദി സിനിമയുടെ ഒരു പ്രധാനഘടകമായി മാറി. ‘ഷോലെ’, ‘ചുപ്‌കെ ചുപ്‌കെ’ തുടങ്ങിയ ക്ലാസിക് ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധേയനാക്കി.
ഹിന്ദി സിനിമയിലെ നാഴികക്കല്ലായ ഷോലെയിലെ(1975) ജയിൽ വാർഡൻ അസ്രാനിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു. ഗുജറാത്തി, രാജസ്ഥാനി സിനിമകളിലും അസ്രാണി പ്രാവീണ്യം തെളിയിച്ചു. ഹേരാഫേരി, ഗരംമസാല, മലാമൽ വീക്ക്‌ലി, തുടങ്ങിയ ചിത്രങ്ങളിലെ അഭിനയവും ശ്രദ്ധനേടി. ഹിന്ദി, ഗുജറാത്തി സിനിമകൾ സംവിധാനം ചെയ്തും വൈദഗ്ധ്യം തെളിയിച്ചു.
Content Highlights: Veteran actor and comedian Govardhan Asrani passed away at 84. Family reveals his last wish for a private farewell, honoring his legacy and memorable roles.