‘ഒരുപടമുണ്ട്, രക്ഷപ്പെടുത്തണം എന്ന് ദിലീപേട്ടൻ പറഞ്ഞു; ഭഭബ്ബ എന്നിലേക്ക് എത്തിയത് അവസാനനിമിഷം’

#Movies Desk
ഗോപി സുന്ദര്‍, ഭഭബ്ബ | Photo: Screen grab/ YouTube: Gopi Sundar Project, Facebook/ Dileep
ഗോപി സുന്ദര്‍, ഭഭബ്ബ | Photo: Screen grab/ YouTube: Gopi Sundar Project, Facebook/ Dileep

അടുത്തിടെ പുറത്തിറങ്ങിയ 'ഭ.ഭ.ബ്ബ' എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കാൻ തന്നെ ബന്ധപ്പെട്ടത് നായകനായ ദിലീപായിരുന്നുവെന്ന് സംഗീതസംവിധായകൻ ഗോപി സുന്ദർ. അവസാന നിമിഷമാണ് 'ഭ.ഭ.ബ്ബ' തന്നിലേക്ക് വന്നത്. ദിലീപ് തന്നെ വിളിച്ച് 'ഗോപീ ഒരു പടമുണ്ട്. രക്ഷപ്പെടുത്തണം' എന്ന് ആവശ്യപ്പെട്ടുവെന്ന് ഗോപി സുന്ദർ പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിൽ ഗാനരചയിതാവ് ബി.കെ. ഹരിനാരായണനുമായുള്ള സംഭാഷത്തിലാണ് ഗോപി സുന്ദർ ഇക്കാര്യം പറഞ്ഞത്. ഏറ്റവും കുറഞ്ഞ സമയത്തിൽ പശ്ചാത്തലസംഗീതമൊരുക്കിയ സിനിമ ഏതെന്ന ഹരിനാരായണന്റെ ചോദ്യത്തിന് മറുപടി നൽകുമ്പോഴാണ് ഗോപി സുന്ദർ, 'ഭ.ഭ.ബ്ബ'യുടെ അനുഭവം പറഞ്ഞത്. ഷാൻ റഹ്‌മാൻ ആയിരുന്നു ചിത്രത്തിലെ പാട്ടുകൾക്ക് സംഗീതം നൽകിയത്.

'15 മുതൽ 20 ദിവസംവരെയാണ് ഞാൻ ഒരു സിനിമയ്ക്ക് പശ്ചാത്തലസംഗീതം ഒരുക്കാൻ പൊതുവേ എടുക്കുന്ന സമയം. ഏറ്റവും കുറഞ്ഞ സമയംകൊണ്ട് പശ്ചാത്തലസംഗീതംചെയ്ത സിനിമ 'നി.കൊ.ഞ.ച'യാണ്. ഇന്നത്തെ സാങ്കേതികവിദ്യവെച്ച് അഞ്ചുദിവസംകൊണ്ടാണ് പത്തുവർഷംമുമ്പ് ആ ചിത്രം ചെയ്തത്. അങ്ങനെയൊരു സാഹചര്യമായിരുന്നുവത്. എന്നുകരുതി ഞാൻ രാത്രിമുഴുവൻ പണിയെടുക്കുന്ന ആളല്ല. പകൽമാത്രമാണ് ജോലി ചെയ്യുന്നത്', ഗോപി സുന്ദർ പറഞ്ഞു.

'വേറൊരു സംഗീതസംവിധായകൻ ചെയ്ത് മിക്‌സിങ് തിയേറ്ററിലെത്തിയ സിനിമ നിർമാതാവ് കണ്ടിട്ട് ഇഷ്ടപ്പെട്ടില്ല എന്ന ഒറ്റക്കാരണംകൊണ്ട് ഒന്നരയാഴ്ച മുമ്പാണ് എന്റെ അടുത്തേക്ക് വരുന്നത്. ഭായ് എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം. ചെയ്യാൻ പറ്റുന്നത്രയും ചെയ്യണം. ബാക്കി ഞങ്ങൾ പഴയതുവെച്ച് അഡ്ജസ്റ്റ് ചെയ്യാം എന്ന് പറഞ്ഞു. ഞാൻ മുഴുവൻ ചെയ്തു. ചെയ്യുകയാണെങ്കിൽ മുഴുവനായേ ചെയ്യൂ. പാതി ചെയ്തിട്ട് കാര്യമില്ലല്ലോ. അത് അങ്ങനെ സംഭവിക്കേണ്ടിയിരുന്നു, അങ്ങനെ സംഭവിച്ചു', അദ്ദേഹം ഓർത്തെടുത്തു.

'ഭ.ഭ.ബ്ബയുടെ കാര്യവും അങ്ങനെയാണ്. അവസാനനിമിഷമാണ് എന്നിലേക്ക് വരുന്നത്. ഒരുപക്ഷേ വേറൊരു സംഗീതസംവിധായകന് നൽകിയാൽ പറഞ്ഞ സമയത്ത് റിലീസ് ചെയ്യാൻ കഴിയുമെന്ന് അവർക്ക് തോന്നിയിട്ടുണ്ടാവില്ല', സംഗീതസംവിധായകൻ അഭിപ്രായപ്പെട്ടു.

'എന്റെ കഴിവ് കണ്ടിട്ടോ, സ്‌നേഹംകൊണ്ടോ ഒന്നുമായിരിക്കില്ല. ഇയാൾക്ക് മാത്രമേ ഈ സമയത്തിനുള്ളിൽ ചെയ്ത് തീർക്കാൻ കഴിയുള്ളൂ എന്ന് തോന്നിയിട്ടുണ്ടാവും. ഡിസംബർ 18 എന്ന റിലീസ് ഡേറ്റ് മാറ്റാൻ പറ്റില്ലായിരുന്നു. അങ്ങനെ 'ഡു ഓർ ഡൈ' സാഹചര്യത്തിൽ പെട്ടെന്ന് ദിലീപേട്ടൻ വിളിച്ചു പറഞ്ഞു, ഗോപീ ഒരു പടമുണ്ട്. ചെയ്യണം, രക്ഷപ്പെടുത്തണം എന്ന്. ആളുകൾ തിയേറ്ററിൽ സിനിമ കാണുകയാണെങ്കിൽ ഒന്നും ചിന്തിക്കാതെ കണ്ണുംപൂട്ടി ഡാൻസ് കളിച്ച് പാട്ടുംപാടി എൻജോയ് ചെയ്ത് ബ്രെയിൻ ഓഫ് ചെയ്തുവെച്ച് കാണുന്ന സിനിമ പോലെയിരിക്കണം എന്ന് പറഞ്ഞു. ഞാൻ അതുപോലെ ബ്രെയിൻ ഓഫ് ചെയ്യാനുള്ള എല്ലാ കാര്യങ്ങളും അതിൽ ചെയ്തിട്ടുണ്ട്'- ഗോപി സുന്ദർ കൂട്ടിച്ചേർത്തു.

Content Highlights: Gopi Sundar reveals Dileep called him last minute to save the movie `Bha Bha Ba`, a challenging yet rewarding project.