'ഗോഡ്‍ഫാദർ കണ്ടിട്ട് പ്രിയദർശൻ പറഞ്ഞു, രാമഭദ്രന്റെ റോൾ നീയല്ലെങ്കിൽ മോഹൻലാൽ ചെയ്താൽ മാത്രമേ ശരിയാകൂ'

​ഗോഡ്ഫാദർ സിനിമയിൽ നിന്നൊരു രം​ഗം, മുകേഷ് | ഫോട്ടോ: ആർക്കൈവ്സ്, ശ്രീജിത് പി രാജ് \ മാതൃഭൂമി
​ഗോഡ്ഫാദർ സിനിമയിൽ നിന്നൊരു രം​ഗം, മുകേഷ് | ഫോട്ടോ: ആർക്കൈവ്സ്, ശ്രീജിത് പി രാജ് \ മാതൃഭൂമി

മലയാളത്തിന്റെ സ്വന്തം എവർ​ഗ്രീൻ ചലച്ചിത്രം ​ഗോഡ്ഫാദർ പുറത്തിറങ്ങിയിട്ട് 32 വർഷം. തുടർച്ചയായി 400-ലേറെ ദിവസങ്ങൾ തുടർച്ചയായി പ്രദർശിപ്പിച്ച ചിത്രം എന്ന റെക്കോർഡ് പിന്നീടുവന്ന ഒരു ചിത്രത്തിനുപോലും ഭേദിക്കാനായില്ല. ഈ ചിത്രത്തേക്കുറിച്ചുള്ള ഓർമകൾ പങ്കുവെയ്ക്കുകയാണ് നടൻ മുകേഷ്.

​ഗോഡ്ഫാദറിന്റെ സംവിധായകരായ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിനേക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മുകേഷ് മാതൃഭൂമി ന്യൂസിനോട് സംസാരിച്ചുതുടങ്ങിയത്. സിദ്ദിഖ്-ലാൽ ടീമിന്റെ റാംജി റാവു സ്പീക്കിങ്ങിനേക്കുറിച്ചും മുകേഷ് സംസാരിച്ചു.  1989-ൽ പുറത്തിറങ്ങിയ റാംജി റാവു പോലൊരു ട്രെൻഡ്സെറ്റർ ചിത്രം വേറെയുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആ വിജയത്തെ അടിവരയിട്ടുറപ്പിക്കുന്നതായിരുന്നു പിന്നീടുവന്ന ഹരിഹർ ന​ഗറെന്നും മുകേഷ് കൂട്ടിച്ചേർത്തു. 

സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ വന്ന മൂന്നാമത്തെ സിനിമയാണ് ​ഗോഡ്ഫാദർ. ​ഗോഡ്ഫാദറിന്റെ റെക്കോർഡ് തകർക്കാൻ ഇനിയൊരു മലയാള സിനിമയ്ക്ക് ബുദ്ധിമുട്ടായിരിക്കും. നായകനായി അഭിനയിക്കുന്ന ഒരാളോട് ഏതുതരം വേഷത്തോടാമ് താത്പര്യം എന്നുചോദിച്ചാൽ ധൈര്യമായി കണ്ണുമടച്ച് ​ഗോഡ്ഫാദറിലെ രാമഭദ്രന്റെ പേരുപറയാം. കാരണം ആ വേഷത്തിനകത്ത് തമാശയുണ്ട്, സെന്റിമെന്റ്സുണ്ട്, ഫൈറ്റും പാട്ടുമെല്ലാമുണ്ട്. ​മുകേഷ് പറഞ്ഞു.

''ഗോഡ്ഫാദർ പുറത്തിറങ്ങിയപ്പോൾ പ്രിയദർശൻ സിനിമകണ്ടിട്ട് എന്നോടുപറഞ്ഞു, രാമഭദ്രന്റെ റോൾ നീയല്ലെങ്കിൽ മോഹൻലാൽ ചെയ്താൽ മാത്രമേ ശരിയാവൂ എന്ന്. പിന്നെ ഒന്നാലോചിച്ചിട്ട് കൂട്ടിച്ചേർത്തു, ചെറിയൊരു കുഴപ്പമുണ്ട്. ഈ സഹോദരങ്ങളിൽ ഏറ്റവും ഇളയവനാകും മെയിൻ ആളെന്ന്. തിലകൻ ചേട്ടനെയല്ലാതെ വേറെയാരെയും ആ വേഷത്തിൽ സങ്കല്പിക്കാനാവില്ല. ​ഗോഡ്ഫാദർ എൻ.എൻ.പിള്ളച്ചേട്ടൻ, ഇന്നസെന്റ് ചേട്ടനെ അറിയാമല്ലോ. ഫിലോമിന ചേച്ചിയടക്കം പ്രധാനപ്പെട്ട ഒരുപാടുപേരെ നഷ്ടപ്പെട്ടു''. മുകേഷ് കൂട്ടിച്ചേർത്തു.

1991-ൽ പുറത്തിറങ്ങിയ ​ഗോഡ്ഫാദറിൽ മുകേഷിനും എൻ.എൻ.പിള്ളയ്ക്കും പുറമേ തിലകൻ, ജ​ഗദീഷ്, ഇന്നസെന്റ്, സിദ്ദിഖ്, കുണ്ടറ ജോണി, ഭീമൻ രഘു, ജനാർദനൻ, ശങ്കരാടി, കെ.പി.എ.സി.ലളിത എന്നിവരായിരുന്നു മറ്റുവേഷങ്ങളിൽ. കനകയായിരുന്നു നായിക. ചിത്രത്തിൽ ഫിലോമിന അവതരിപ്പിച്ച ആനപ്പാറ അച്ചാമ്മ എന്ന കഥാപാത്രം ഇന്നും മലയാളത്തിലെ ശക്തയായ സ്ത്രീകഥാപാത്രമാണ്. 

ഈയിടെ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരളീയം 2023-നോടനുബന്ധിച്ച് നടത്തിയ ചലച്ചിത്രമേളയിൽ ​ഗോഡ്ഫാദർ പ്രദർശിപ്പിച്ചിരുന്നു. വൻജനത്തിരക്കാണ് ചിത്രം തിയേറ്ററിൽ കാണാൻ സിനിമാപ്രേമികളെത്തിയത്.

Content Highlights: godfather malayalam movie 32 years, actor mukesh about godfather movie, siddique and lal movie