ഹൃദയങ്ങൾ കീഴടക്കാൻ സച്ചിനും റീനുവും ഇനിയും വരും; 'പ്രേമലു 2' പ്രഖ്യാപിച്ചു

കൊച്ചി: ഗിരീഷ് എഡി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'പ്രേമലു'വിൻ്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന പ്രേമലുവിൻ്റെ വിജയാഘോഷത്തിലാണ് സംവിധായകൻ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ഭാവന സ്റ്റുഡിയോസിൻ്റെ ഏഴാമത് നിർമാണസംരംഭമായിരിക്കും ചിത്രം.
കൂടുതൽ വിവരങ്ങൾ ഇപ്പോൾ പങ്കുവെക്കാനാകില്ലെന്നും അദ്ദേഹം അറിയിച്ചു. രണ്ടാം ഭാഗവും പ്രേക്ഷകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. പ്രേമലു ടീമിനെക്കൂടാതെ മന്ത്രി പി രാജീവ്, ഫഹദ് ഫാസിൽ, നസ്രിയ, അമൽ നീരദ് എന്നിവരും വിജയാഘോഷ പരിപാടിയിൽ ഉണ്ടായിരുന്നു.
നസ്ലിനും മമിത ബെെജുവും പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്സോഫീസിൽ 100 കോടിയിലധികം സ്വന്തമാക്കിയിരുന്നു. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും പ്രേമലുവിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് നിർമിച്ചത്.
Content Highlights: gireesh ad premalu second part announced