'ഇതാദ്യമായാണ് അവന്‍ പിറന്നാള്‍ ഉണ്ണാന്‍ വരാത്ത ഒരു ഉത്രാടം', ഗീത പുഷ്‌കരന്റെ കുറിപ്പ്

-
-

മകനും തിരക്കഥാകൃത്തുമായ ശ്യാം പുഷ്കരന്റെ പിറന്നാൾദിനത്തിൽ അമ്മ ഗീത പുഷ്കരൻ പങ്കുവെക്കുന്ന കുറിപ്പ് വൈറലാകുന്നു. പിറന്നാൾദിനമായ ഉത്രാടത്തിന് ഇതാദ്യമായാണ് മകൻ സദ്യ കഴിക്കാൻ വീട്ടിൽ വരാതിരിക്കുന്നതെന്നാണ് അമ്മ പറയുന്നത്. ശ്യാമും ഉണ്ണിമായയും വരുന്ന ദിവസം ഓണം-പിറന്നാൾ ആഘോഷങ്ങള്‍ക്കായി മാറ്റിവെക്കുന്നുവെന്നും ഗീത പറയുന്നു.

1984 ലെ ഉത്രാടപ്പകൽ .. എനിക്കും ഉത്രാടപ്പാച്ചിലിന്റെ എത്രയോ ഇരട്ടി എരിപൊരി നോവായിരുന്നു. തലേ രാത്രി തുടങ്ങിയ നോവ്. പതിനേഴു മണിക്കൂർ.. ആകെത്തളർന്ന്, ഇടക്ക് ബോധം പോയി ..
നൊന്ത് പിടഞ്ഞ് ഞാൻ. അവസാനം എന്റെ മകൻ വളരെ മെല്ലെ സമയമെടുത്ത് ഈ ലോകത്തേക്ക് വരണമോ വേണ്ടയോ എന്ന് സാവധാനം സൂക്ഷ്മമായി ചിന്തിച്ചു ചിന്തിച്ച് വിശകലനം ചെയ്ത് ,മടിച്ചു മടിച്ചു പുറത്തെത്തി. ആ ഉത്രാടദിനത്തിനു ശേഷം ഇതാദ്യമായാണ് അവൻ പിറന്നാൾ ഉണ്ണാൻ വരാത്ത ഒരു ഉത്രാടം .. കോവിഡ് വഴിതടഞ്ഞു നിൽക്കുന്നു. തങ്കമ്മയും അച്ഛമ്മയെ കാണാൻ പോയി.

ഏറ്റവും പ്രിയപ്പെട്ടവർ രണ്ടുപേരും എത്തുന്ന ദിവസത്തിലേക്ക് ഞങ്ങൾ ഓണം മാറ്റിവയ്ക്കുന്നു.
എങ്കിലും.. ഉണ്ണിമായയും അവനും മാത്രമായി ഒരുക്കുന്ന ഒരു കുഞ്ഞു പിറന്നാൾ സദ്യയും ആഘോഷവും ... അതങ്ങു നടക്കട്ടേ. ഞങ്ങൾ വീഡിയോ കോൾ വിളിച്ച് ആഘോഷത്തിൽ പങ്കുകൊള്ളും. ചില കാര്യങ്ങൾ ഇങ്ങനെയും മധുരതരമാക്കാം .. അവർ രണ്ടുപേരും കൂടി ഒരുക്കുന്ന പിറന്നാൾ ആഘോഷവും ഇതാദ്യം, മധുര മധുരവും സ്നേഹനിർഭരവുമാവട്ടേ ഈ പിറന്നാൾ, ഇങ്ങനെ ഒരുപാട് ഒരുപാട് പിറന്നാൾ ആഘോഷിക്കാൻ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടേ എന്ന പ്രാർത്ഥനയും ആശംസകളും ,മക്കളേ.. പിറന്നാൾ ആശംസകൾ മകനേ..

ഗീത പുഷ്കരന്റെ കുറിപ്പ് മുമ്പും സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. ശ്യാമിന്റെ ഭാര്യയും നടിയുമായ ഉണ്ണിമായ പ്രസാദിനെക്കുറിച്ചെഴുതിയ കുറിപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു. കുടുംബം നോക്കുന്നതിനിടയിൽ സ്വന്തം കാര്യങ്ങൾക്ക് പ്രാധാന്യം നൽകാതെ ജീവിതം കടന്നുപോവുന്ന സ്ത്രീകളുടെ ജീവിതത്തിന്റെ നിരർഥതയെക്കുറിച്ചാണ് ഗീത മുമ്പെഴുതിയത്.

Content Highlights :geetha pushkaran facebook post uthradam syam pushkaran birthday

Content Highlights: