സാമ്പത്തികപ്രശ്നങ്ങൾ തീർക്കാൻ സഹായിച്ചത് ‘ലിയോ’, ധ്രുവനച്ചത്തിരം സെൻസർ പൂർത്തിയായി -ഗൗതം മേനോൻ

#മൂവി ഡെസ്ക്
​ഗൗതം മേനോൻ | ഫോട്ടോ: വി. രമേഷ് \ മാതൃഭൂമി
​ഗൗതം മേനോൻ | ഫോട്ടോ: വി. രമേഷ് \ മാതൃഭൂമി

തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ വിജയ് നായകനായ ലിയോ എന്ന ചിത്രം എങ്ങനെ സഹായിച്ചു എന്ന് വെളിപ്പെടുത്തി നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോൻ. താൻ സംവിധാനം ചെയ്ത 'ധ്രുവനച്ചത്തിരം' എന്ന സിനിമയുടെ നീണ്ടുപോയ റിലീസ് സാധ്യമാക്കുന്നതിന് വേണ്ടിയാണ് അഭിനയരംഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലിയോയിൽ പ്രവർത്തിച്ചതിലൂടെ ലഭിച്ച വരുമാനത്തിലൂടെ ധ്രുവനച്ചത്തിരത്തിന്റെ റിലീസ് തടസങ്ങൾ നീക്കാൻ സഹായിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.

"ധ്രുവനച്ചത്തിരം റിലീസ് ചെയ്യാൻ ആരും മുന്നോട്ട് വന്നില്ല, അതിനാൽ ഞാൻ സിനിമകളിൽ അഭിനയിക്കാൻ തീരുമാനിച്ചു. എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെ മറികടക്കാൻ 'ലിയോ' വലിയ പങ്കുവഹിച്ചു. ഇപ്പോൾ, 'ധ്രുവനച്ചത്തിരം' സെൻസർ നടപടികൾ എന്റെ പേരിൽ പൂർത്തിയായി. ഒരു ചെറിയ പ്രശ്നം മാത്രമേ ബാക്കിയുള്ളൂ, അത് ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കപ്പെടും." ഗൗതം മേനോൻ പറഞ്ഞു. ഇതോടെ ഏറെ കാലമായി ആരാധകർ കാത്തിരിക്കുന്ന ഈ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്താൻ വഴിയൊരുങ്ങിയിരിക്കുകയാണ്.

2015-ൽ വിക്രമിനെ നായകനാക്കി ചിത്രീകരണം തുടങ്ങിയ ചിത്രമാണ് ധ്രുവനച്ചത്തിരം. സാമ്പത്തിക പ്രതിസന്ധികൾ കാരണം കഴിഞ്ഞ പത്ത് വർഷമായി റിലീസ് തീയതികൾ പലതവണ മാറ്റേണ്ടി വന്നു.

ഒരു സ്പൈ ആക്ഷൻ ത്രില്ലറാണ് 'ധ്രുവനച്ചത്തിരം: ചാപ്റ്റർ വൺ - യുദ്ധ കാണ്ഡം'. ഇതിൽ വിക്രം ഒരു രഹസ്യ ഏജന്റായും 'ദ ബേസ്‌മെന്റ്' എന്ന എലൈറ്റ് ആന്റി ടെററിസ്റ്റ് യൂണിറ്റിന്റെ നേതാവായും എത്തുന്നു. റിതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ. പാർത്ഥിപൻ, രാധിക ശരത്കുമാർ തുടങ്ങിയ വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗൗതം മേനോൻ തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നതും നിർമിക്കുന്നതും.

Content Highlights: Gautham Menon reveals how acting in Vijay`s `Leo` helped him overcome financial hurdles for `Dhruva Natchathiram`.