കെജിഎഫ് സഹസംവിധായകന്റെ നാലര വയസുള്ള മകൻ ലിഫ്റ്റ് അപകടത്തിൽ മരിച്ചു

കന്നഡയിലെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സഹസംവിധായകനായ കീർത്തൻ നാദഗൗഡയുടെ നാലര വയസ്സുള്ള മകൻ സോണാർഷ് കെ. നാദഗൗഡ ലിഫ്റ്റിൽ കുടുങ്ങി മരിച്ചുവെന്ന് സ്ഥിരീകരിച്ച് നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. കീർത്തന്റെ കുടുംബത്തിനോട് തന്റെ അനുശോചനം അറിയിക്കുകയും ചെയ്തു അദ്ദേഹം. കീർത്തൻ നാദഗൗഡയുടെ കുടുംബത്തിന് സംഭവിച്ച ഈ ദുരന്തം അദ്ദേഹത്തെ അതീവ ദുഃഖത്തിലാഴ്ത്തിയെന്ന് പവൻ കല്യാൺ കുറിച്ചു. കെജിഎഫ്, സലാർ തുടങ്ങിയ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ച വ്യക്തിയാണ് കീർത്തൻ.
കന്നഡപ്രഭയുടെ റിപ്പോർട്ട് അനുസരിച്ച് തിങ്കളാഴ്ചയാണ് ദുരന്തമുണ്ടായത്. സമൃദ്ധി പട്ടേൽ എന്നിവരുടെ മകനാണ് അന്തരിച്ച നാലുവയസുകാരനായ ചിരഞ്ജീവി സോണാർഷ് കെ. നാദഗൗഡ. ഈ മരണം ഹൃദയഭേദകമാണെന്ന് പവൻ കല്യാൺ കുറിച്ചു. തെലുങ്കിലും കന്നഡയിലും സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന കീർത്തൻ നാദഗൗഡയുടെ കുടുംബത്തിൽ സംഭവിച്ച ഈ ദുരന്തം തന്നെ അഗാധമായി ദുഃഖിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാലര വയസ്സുകാരനായ സോണാർഷിന്റെ മരണവാർത്തയിൽ താൻ അതീവ ദുഃഖിതനാണെന്നും, ഈ ദുഃഖത്തെ അതിജീവിക്കാൻ ദമ്പതികൾക്ക് ശക്തി നൽകാൻ സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു എന്നും അദ്ദേഹം അനുശോചിച്ചു.
പ്രശാന്ത് നീലിന്റെ സൂപ്പർഹിറ്റ് ഫ്രാഞ്ചൈസികളായ കെജിഎഫ്, സലാർ എന്നിവയുടെ സെക്കൻഡ് യൂണിറ്റ് ഡയറക്ടർ, സഹസംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിച്ചതിലൂടെയാണ് കീർത്തൻ നാദഗൗഡ ശ്രദ്ധേയനായത്. മൈത്രി മൂവി മേക്കേഴ്‌സും പ്രശാന്ത് നീലും ചേർന്ന് നിർമിക്കുന്ന ഒരു ഹൊറർ സിനിമയിലൂടെ തെലുങ്കിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയായിരുന്നു കീർത്തൻ. ഈ ചിത്രം കഴിഞ്ഞ മാസമാണ് ലോഞ്ച് ചെയ്തത്. അതിനിടെയാണ് മകന്റെ മരണം സംഭവിച്ചിരിക്കുന്നത്.
അതേസമയം ദുരന്തത്തേക്കുറിച്ച് കീർത്തൻ നാദഗൗഡയുടെ കുടുംബം ഇതുവരെ ഔദ്യോഗികമായി ഒരു പ്രസ്താവനയും നൽകിയിട്ടില്ല. എങ്ങനെയാണ് അപകടം സംഭവിച്ചതെന്നത് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പവൻ കല്യാൺ നൽകിയ വിവരങ്ങൾ മാത്രമാണ് നിലവിൽ ഈ സംഭവവുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിലേക്ക് എത്തിയിട്ടുള്ളൂ.
Content Highlights: Heartbreaking news as 4.5-year-old son of filmmaker Kirtan Nadagouda dies after getting stuck in a lift. Actor Pawan Kalyan shares condolences.