'ഭക്തിയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിറകുടം'; കെ ജി ജയന് ആദരാഞ്ജലികളുമായി സിനിമാലോകം

സം​ഗീതസംവിധായകൻ കെ.ജി. ജയൻ | ഫോട്ടോ: രാഗേഷ് ഇ.വി \ മാതൃഭൂമി
സം​ഗീതസംവിധായകൻ കെ.ജി. ജയൻ | ഫോട്ടോ: രാഗേഷ് ഇ.വി \ മാതൃഭൂമി

അന്തരിച്ച സംഗീതജ്ഞൻ കെ.ജി ജയന് ആദരാഞ്ജലികളർപ്പിച്ച് സിനിമ-സാംസ്കാരിക ലോകം. ശാസ്ത്രീയ സംഗീത രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ഭക്തിഗാന ശാഖയിൽ വേറിട്ട സംഭാവനകൾ നൽകുകയും ചെയ്ത മഹാനായ സംഗീതഞ്ജനായിരുന്നു കെ ജി ജയൻ എന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ഭക്തിയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിറകുടം എന്നാണ് മധുപാൽ കെ ജി ജയനെ വിശേഷിപ്പിച്ചത്. തൃപ്പൂണിത്തുറയിലെ വീട്ടിൽവെച്ചായിരുന്നു കെ ജി ജയൻ്റെ അന്ത്യം. നടൻ മനോജ് കെ ജയൻ മകനാണ്.

'ശാസ്ത്രീയ സംഗീത രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ഭക്തിഗാന ശാഖയിൽ വേറിട്ട സംഭാവനകൾ നൽകുകയും ചെയ്ത മഹാനായ സംഗീതഞ്ജനായിരുന്നു  ശ്രീ കെ ജി ജയൻ.  ഗാനങ്ങളിലെ ഭക്തിയും നൈർമ്മല്യവും, ജീവിതത്തിലും സാംശീകരിച്ച്, സഹോദരസ്നേഹത്തിൽ  നമുക്ക് ഏവർക്കും മാതൃകയായി മാറിയ ആ മഹാകലാകാരന് ആദരാഞ്ജലികൾ'- മോഹൻലാൽ 

'നക്ഷത്രദീപങ്ങൾ.... പൊലിഞ്ഞു. മലയാളത്തിന്റെ പാരമ്പര്യമറിഞ്ഞുകൊണ്ട് എത്രയെത്ര പാട്ടുകൾ... ഭക്തിയുടെ സ്നേഹത്തിന്റെ കാരുണ്യത്തിന്റെ നിറകുടം......പ്രിയപ്പെട്ട സംഗീതജ്ഞൻ ശ്രീ കെ ജി ജയൻ അന്തരിച്ചു. പ്രിയ സുഹൃത്ത് മനോജിന്റെയും കുടുംബത്തിന്റെയും ഒപ്പം....ആദരാഞ്ജലികൾ' - മധുപാൽ 

'മലയാളസംഗീത ശാഖ ഒരുകാലത്ത് ഭക്തിസാന്ദ്രമായ സംഗീതം കൊണ്ട് അടക്കി വാണിരുന്ന സഹോദരങ്ങളായിരുന്ന ജയവിജയന്മാരിൽ ജയൻ മാഷും നമ്മെ വിട്ടു പിരിഞ്ഞു പോയിരിക്കുകയാണ്... എന്റെ പ്രിയപ്പെട്ട സഹോദര തുല്യനായ മലയാളികളുടെ പ്രിയ നടൻ മനോജ്‌ കെ ജയന്റെ പിതാവ് കൂടിയായ ജയൻമാഷിന് കണ്ണീരിൽ കുതിർന്ന പ്രണാമം' - ശരത് 

'ആയിരക്കണക്കിന് ഭക്തി ഗാനങ്ങൾക്കും സിനിമാ ഗാനങ്ങൾക്കും ഈണം നൽകിയ മുതിർന്ന സംഗീതജ്ഞൻ കെ.ജി ജയന് പ്രണാമം. ആസ്വാദകരുടെയും ആരാധകരുടെയും ഹൃദയങ്ങളിലേക്ക് മറക്കാനാവാത്ത അനുഭൂതികൾ പകർന്നു നൽകിയ സംഗീതജ്ഞൻ വയലിൻ വായനയിലും കർണ്ണാടക സംഗീതത്തിലും തന്റേതായ പ്രാഗത്ഭ്യം തെളിയിച്ചതുകൊണ്ടാണ് രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്ക്കാരം നൽകി ആദരിച്ചത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ശ്രേഷ്ഠ കലാകാരന് പ്രണാമം…' - രമേഷ് ചെന്നിത്തല

Content Highlights: film world pays tribute to late musician kg Jayan