അങ്കം അട്ടഹാസം വിവാദം: നിയമനടപടിയുമായി ഫിലിം ചേംബർ; റിവ്യൂവർക്കെതിരേ പരാതി നൽകും

അങ്കം അട്ടഹാസം സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെട്ട് ഫിലിം ചേംബർ. സിനിമാ പ്രവർത്തകർക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ യൂട്യൂബ് റിവ്യൂവർക്കെതിരേ പരാതി നൽകുമെന്ന് ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അനിൽ തോമസ് അറിയിച്ചു. മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും സമീപിക്കുമെന്നും നിയമപരമായി ചെയ്യാവുന്നതിന്റെ പരമാവധി മുന്നോട്ടുപോകുമെന്നും വാർത്താസമ്മേളനത്തിൽ അനിൽ തോമസ് അറിയിച്ചു.
'റിവ്യൂകൾ അതിരുകടന്ന് സിനിമയേയും സിനിമാക്കാരേയും മോശമായി ആക്രമിക്കുന്ന രീതിയിൽ ഒരാൾ പ്രവർത്തിച്ചു. അതിനെതിരേ പ്രതികരിക്കും. ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും. നിയമപരമായി ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യും. കേസ് നൽകും'- അനിൽ തോമസ് പറഞ്ഞു.
നെഗറ്റീവ് റിവ്യൂ പറയാതിരിക്കാൻ യൂട്യൂബർ ഒരുലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി 'അങ്കം അട്ടഹാസം' നിർമാതാവ് രംഗത്തെത്തിയിരുന്നു. നടൻ മാധവ് സുരേഷും സമാന ആരോപണം ഉന്നയിച്ചിരുന്നു. ആരോപണങ്ങൾക്ക് മറുപടിയുമായെത്തിയ റിവ്യൂവർ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നു.
Content Highlights: Film Chamber of Commerce initiates legal action against a YouTube reviewer. Allegations of extortion involving a demand for money to avoid negative reviews. Producers and actor Madhav Suresh support the move against defamatory content. Formal complaints to be submitted to the CM and Home Minister of Kerala