ഡിഎംകെ നേതാവിന്റെ പരാതി; സ്റ്റണ്ട് മാസ്റ്റര്‍ കനൽ കണ്ണൻ അറസ്റ്റിൽ

കനൽ കണ്ണൻ | ഫോട്ടോ: www.facebook.com/kanalkannan3/photos_by
കനൽ കണ്ണൻ | ഫോട്ടോ: www.facebook.com/kanalkannan3/photos_by

നാ​ഗർകോവിൽ: നടനും സംഘട്ടന സംവിധായകനുമായ കനൽ കണ്ണൻ അറസ്റ്റിൽ. പോസ്റ്റ് ചെയ്ത ട്വീറ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ഡിഎംകെ നേതാവിന്റെ പരാതിയിലാണ് അറസ്റ്റ്. നാഗർകോവിൽ സൈബർ ക്രൈം ഓഫിസിൽ അദ്ദേഹം രാവിലെ പത്തിന് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. തമിഴ്നാട് ഹിന്ദു മുന്നണിയുടെ സംസ്ഥാന അധ്യക്ഷൻ കൂടിയാണ് കനൽ കണ്ണൻ.

ക്രിസ്ത്യൻവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കനൽ കണ്ണനെതിരെ തമിഴ്നാട് പോലീസ് കേസെടുത്തത്. കന്യാകുമാരിയിലെ ഡി.എം.കെ. നേതാവ് ഓസ്റ്റിൻ ബെന്നറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിനായി ഹാജരായപ്പോൾ നിരവധി പേരാണ് കനൽ കണ്ണന് പിന്തുണയുമായെത്തിയത്.

ക്രിസ്ത്യൻ മതവിഭാഗത്തെ അപകീർത്തിപ്പെടുന്നതും മതവിശ്വാസികൾക്കിടയിൽ വിദ്വേഷം പടർത്തുന്നതുമാണ് കണ്ണന്റെ ട്വീറ്റെന്നാണ്‌ ഓസ്റ്റിന്റെ പരാതിയിൽ പറയുന്നത്. ഇതിനുമുമ്പും വിദ്വേഷപ്രചാരണത്തിന്റെ പേരിൽ കണ്ണൻ നടപടി നേരിട്ടിട്ടുണ്ട്. ശ്രീരംഗം ക്ഷേത്രത്തിനു സമീപമുള്ള പെരിയാറിന്റെ പ്രതിമ തകർക്കാൻ പൊതുയോഗത്തിൽ ആഹ്വാനം ചെയ്തതിനെത്തുടർന്ന് ഇദ്ദേഹം കഴിഞ്ഞവർഷം അറസ്റ്റിലായിരുന്നു.

Content Highlights: fight master kanal kannan arrested, kanal kannan controvrsial tweet