‘അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’

#Movies DEsk
'ഫെമിനിച്ചി ഫാത്തിമ'യിൽ നിന്നൊരു രം​ഗം  | സ്ക്രീൻ​ഗ്രാബ്
'ഫെമിനിച്ചി ഫാത്തിമ'യിൽ നിന്നൊരു രം​ഗം | സ്ക്രീൻ​ഗ്രാബ്

72ാമത് ദേശീയ പുരസ്കാരത്തിൽ മികച്ച മലയാളസിനിമയ്ക്കുള്ള പുരസ്കാരം നേടി ഫെമിനിച്ചി ഫാത്തിമ. മികച്ച നവാഗത സംവിധായകനും അഭിനേത്രിക്കുമുള്ള സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ചിത്രം ഒടുവിൽ ദേശീയ പുരസ്കാരവും നേടുമ്പോൾ സന്തോഷം പങ്കുവെക്കുകയാണ് സംവിധായകൻ ഫാസിൽ മുഹമ്മദ്. എന്നും കണ്ടന്റിൽ വിശ്വസിക്കുന്നയാളാണ് താനെന്നും അതിന് അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഫാസിൽ പറഞ്ഞു.

പൊന്നാനിയിലുള്ള ആളുകൾ തന്നെയാണ് ചിത്രത്തിലെ അഭിനേതാക്കളിലേറെയുമെന്ന് ഫാസിൽ പറയുന്നു. ടെക്നിഷ്യൻമാരായി പ്രവർത്തിച്ചതും സുഹൃത്തുക്കളാണ്.

ആദ്യം ഫെമിനിച്ചി എന്ന വാക്ക് സിനിമയുടെ ടൈറ്റിലായി ഇടുന്നതിനെ പലരും വിമർശിച്ചിരുന്നുവെന്നും ഫാസിൽ ഓർക്കുന്നു. അതൊരു നെഗറ്റീവ് വാക്കാണെന്നും ഇടരുതെന്നും പലരും പറഞ്ഞു. പക്ഷേ ആ വാക്കിനെ ഇപ്പോൾ എല്ലാവരും അഭിമാനത്തോടെ ഉപയോഗിക്കുന്നതു കാണുമ്പോൾ സന്തോഷമുണ്ടെന്നും ഫാസിൽ കൂട്ടിച്ചേർക്കുന്നു.

പൊന്നാനിയിലെ ഒരു സാധാരണ കുടുംബത്തിന്റെ സാധാരണ കഥ അസാധാരണ ചാരുതയോടെ സിനിമയാക്കിയതാണ് ഫെമിനിച്ചി ഫാത്തിമ. ഫാസിൽ മുഹമ്മദ് എടപ്പാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. 1001 നുണകൾ എന്ന സിനിമയിൽ നായികയായി അഭിനയിച്ച ഷംല ഹംസയാണ് ചിത്രത്തിലെ നായിക. കുമാർ സുനിലാണ് നായകൻ.

ഫെമിനിച്ചി ഫാത്തിമയിലൂടെ ഫാസിൽ മുഹമ്മദ് സംസ്ഥാന സർക്കാരിന്റെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്കാരവും നേടിയിരുന്നു. ആൺമേധാവിത്വത്തിന്റെ കെട്ടുപൊട്ടിച്ചിറങ്ങിയ ഫാത്തിമ എന്ന സാധാരണ പെൺകുട്ടിയ്ക്ക് ഭർത്താവ് ചാർത്തിക്കൊടുക്കുന്ന പേരാണ് ഫെമിനിച്ചി.‌ ഒരു കിടക്കയെ കേന്ദ്രമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Content Highlights: Feminichi Fathima secured the Best Malayalam Film award at the 72nd National Film Awards., Director Fazil Muhammed reflects on the film's evolution from a controversial title to a celebrated piece of cinema