'മസകലി' ഒരുക്കിയത് 'ഓം ശാന്തി ഓമി'നായി; വെളിപ്പെടുത്തലുമായി ഫറ ഖാൻ

#Movies Desk
ഫറാ ഖാൻ | Photo: PTI
ഫറാ ഖാൻ | Photo: PTI

ഷാരൂഖ് ഖാനെ നായകനാക്കി 2007-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം 'ഓം ശാന്തി ഓം' എന്ന സിനിമയിലെ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയത് വിശാൽ- ശേഖർ കൂട്ടുകെട്ടായിരുന്നു. എന്നാൽ, ചിത്രത്തിനായി ആദ്യം സമീപിച്ചത് എ.ആർ. റഹ്‌മാനെയായിരുന്നുവെന്നും അദ്ദേഹം സിനിമയ്ക്കായി ആദ്യം ചിട്ടപ്പെടുത്തിയ ഗാനം 'മസകലി' ആയിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായിക ഫറ ഖാൻ.

തന്റെ യൂട്യൂബ് ചാനലിലെ പുതിയ വ്ലോഗിൽ സംഗീത സംവിധായകൻ വിശാൽ ദദ്‌ലാനിയുമായുള്ള സംഭാഷണത്തിനിടെയാണ് ഫറ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്. 'ഓം ശാന്തി ഓമി'ന്റെ സംഗീതത്തിനായി എ.ആർ. റഹ്‌മാനെ സമീപിക്കുന്ന കാര്യം വിശാലിനോട് പറഞ്ഞിരുന്നതായി ഫറ ഓർത്തെടുത്തു. റഹ്‌മാൻ ഇല്ലെങ്കിൽ മാത്രമേ വിശാൽ- ശേഖർ കൂട്ടുകെട്ടിനെ പരിഗണിക്കൂ എന്നും അറിയിച്ചിരുന്നു.

റഹ്‌മാൻ 'ഓം ശാന്തി ഓമി'നായി തയ്യാറാക്കിയ ആദ്യ ഗാനം 'മസകലി' ആയിരുന്നുവെന്ന് ഫറ പറഞ്ഞു. സിനിമയിൽ ഇത് എവിടെ ഉൾപ്പെടുത്തണം എന്ന് ഉറപ്പില്ലായിരുന്നു. എന്നാൽ, പാട്ടും അതിലെ 'മസകലി' എന്ന വാക്കും തനിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.

'ഓം ശാന്തി ഓമി'ൽ ഉൾപ്പെടുത്താതിരുന്ന ഗാനം പിന്നീട് 2009-ൽ പുറത്തിറങ്ങിയ രാകേഷ് ഓംപ്രകാശ് മെഹ്‌റ ചിത്രം 'ഡൽഹി-6'-ൽ റഹ്‌മാൻ ഉപയോഗിക്കുകയായിരുന്നു. അഭിഷേക് ബച്ചനും സോനം കപൂറുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ.

റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഫറ ഖാൻ സംവിധാനം ചെയ്ത 'ഓം ശാന്തി ഓം' ചിത്രത്തിലൂടെയാണ് ദീപിക പദുകോൺ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അർജുൻ രാംപാൽ, ശ്രേയസ് തൽപഡെ, കിരൺ ഖേർ എന്നിവരായിരുന്നു മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്.

Content Highlights: Farah Khan revealed that AR Rahman originally composed the song 'Masakali' for the movie 'Om Shanti Om'. She shared this detail during a YouTube vlog conversation with music director Vishal Dadlani. The track was not included in 'Om Shanti Om' as they were unsure where to fit it into the narrative. AR Rahman later used 'Masakali' in Rakeysh Omprakash Mehra's 2009 film 'Delhi-6'. 'Om Shanti Om' was eventually scored by Vishal-Shekhar and marked Deepika Padukone's Bollywood debut.