ദേഷ്യത്തിലും വേദനയിലും പലതും പറഞ്ഞു,ഏറ്റവുംവലിയ തെറ്റുതിരുത്തുന്നു;ആമിറിനോട് മാപ്പുചോദിച്ച് ഫൈസൽ ഖാൻ

#മൂവി ഡെസ്ക്
ആമിർ ഖാൻ, ഫൈസൽ ഖാൻ | ഫോട്ടോ: Getty Images, Instagram
ആമിർ ഖാൻ, ഫൈസൽ ഖാൻ | ഫോട്ടോ: Getty Images, Instagram

തന്റെ കുടുംബത്തോട് പരസ്യമായി മാപ്പുചോദിച്ച് നടനും ആമിർ ഖാന്റെ സഹോദരനുമായ ഫൈസൽ ഖാൻ. ജൂലായ് അഞ്ചിന് ഗൗരി സ്പ്രാറ്റുമായി ആമിർ ഖാന്റെ വിവാഹം നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസം. മുൻപ് കുടുംബത്തിനെതിരെ താൻ നടത്തിയ പരസ്യമായ ആരോപണങ്ങൾ തെറ്റായിപ്പോയെന്നും, ആമിറിനോടും അമ്മയോടും സഹോദരി നിഖാത്തിനോടും താൻ ക്ഷമ ചോദിച്ചതായും ഫൈസൽ വെളിപ്പെടുത്തി. തർക്കങ്ങളിൽ ആര് ശരി, ആര് തെറ്റ് എന്ന് തെളിയിക്കുന്നതിനേക്കാൾ ഉപരിയായി കുടുംബബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിനാണ് ഇപ്പോൾ താൻ പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

യൂട്യൂബറായ ഉജ്ജ്വൽ ത്രിവേദിയുമായുള്ള സംഭാഷണത്തിനിടെയാണ് ആമിറുമായുള്ള പൊതുവേദികളിലെ പിണക്കങ്ങൾക്ക് ശേഷം ഫൈസൽ ആദ്യമായി തന്റെ തെറ്റുകൾ തുറന്നു സമ്മതിച്ചത്. സഹോദരി നിഖാത്തിനെ ഫോണിൽ വിളിച്ചുകൊണ്ടാണ് ഫൈസൽ അനുരഞ്ജനത്തിന് തുടക്കമിട്ടത്. അമ്മ തന്നെയോർത്ത് സങ്കടപ്പെടുകയാണെന്ന് അറിഞ്ഞ ഉടൻ തന്നെ അദ്ദേഹം മുംബൈയിലേക്ക് തിരിക്കുകയും കുടുംബത്തെ നേരിൽ കാണുകയും ചെയ്തു. ആമിറിനെയും അമ്മയെയും കണ്ട അദ്ദേഹം തന്റെ പ്രവർത്തികളിൽ മാപ്പപേക്ഷിച്ചു. വർഷങ്ങളായുള്ള തെറ്റിദ്ധാരണകൾക്ക് ശേഷം കുടുംബം അദ്ദേഹത്തെ സ്നേഹത്തോടെയും ഊഷ്മളതയോടെയും തിരികെ സ്വീകരിച്ചുവെന്നും പഴയ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധ ഗ്രന്ഥമായ ഖുറാൻ വായിച്ചതാണ് തന്നെ കുടുംബവുമായി വീണ്ടും അടുക്കാൻ പ്രേരിപ്പിച്ചത് എന്ന് ഫൈസൽ ഖാൻ പറഞ്ഞു. കുടുംബബന്ധങ്ങൾ കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം തനിക്ക് ബോധ്യപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി. പഴയ പിണക്കങ്ങളും വേദനകളും മനസ്സിൽ വെച്ചുകൊണ്ട് സംസാരിച്ച കാര്യങ്ങളിൽ താൻ ഖേദിക്കുന്നുവെന്നും, ഇത്തരം കാര്യങ്ങൾ പൊതുമധ്യത്തിൽ ചർച്ച ചെയ്യുന്നതിന് പകരം സ്വകാര്യമായി സംസാരിച്ച് തീർക്കേണ്ടവയായിരുന്നു. സമാധാനവും ഐക്യവുമാണ് താൻ ഇപ്പോൾ ആഗ്രഹിക്കുന്നത്. ജീവിതം വളരെ ചെറുതാണെന്നും പഴയ കലഹങ്ങൾ ഇനിയും കൊണ്ടുനടക്കുന്നതിൽ അർത്ഥമില്ലെന്നും ഫൈസൽ ഖാൻ ഓർമിപ്പിച്ചു. കുടുംബം ഇനി തന്നെ വിശ്വസിക്കുമെന്നും മനസിലാക്കുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറച്ചു കാലങ്ങളായി ആമിർ ഖാനും ഫൈസലും തമ്മിൽ വലിയ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ആമിർ തന്നെ ഒരു വർഷത്തോളം വീട്ടിൽ തടങ്കലിൽ വെച്ചുവെന്നും, തന്നെ മാനസികരോഗിയായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നും ഫൈസൽ മുൻപ് ആരോപിച്ചിരുന്നു. എന്നാൽ ഫൈസലിന്റെ മാനസികാരോഗ്യം കണക്കിലെടുത്ത് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കുടുംബം എടുത്ത തീരുമാനങ്ങളെ അദ്ദേഹം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നാണ് ആമിറിന്റെ കുടുംബം അന്ന് വ്യക്തമാക്കിയത്. ഈ ആരോപണങ്ങളെത്തുടർന്ന് ഫൈസൽ കുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരുന്നു.

പ്യാർ കാ മൗസം (1969) എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിക്കുകയും പിന്നീട് മേള (2000) എന്ന ചിത്രത്തിൽ ആമിർ ഖാനൊപ്പം അഭിനയിക്കുകയും ചെയ്ത ഫൈസൽ ഖാൻ നിലവിൽ സിനിമകളുടെ തിരക്കിലാണ്. കുടുംബത്തിൽ സമാധാനം തിരിച്ചെത്തിയ പശ്ചാത്തലത്തിൽ ആമിർ ഖാന്റെ വിവാഹ ആഘോഷങ്ങൾക്കായി ആരാധകരും കാത്തിരിക്കുകയാണ്.

Content Highlights: In a heartwarming turn of events just days before Bollywood superstar Aamir Khan’s wedding to Gauri Spratt, his brother and actor Faissal Khan has publicly apologised to Aamir, their mother, and family members. This brings an emotional end to their bitter, highly publicised feud where Faissal had previously accused the family of forcefully confining him.