വെൽകം (ടു) ഏരിയാസ്; കപ്പ കൾച്ചർ 20 മുതൽ 22 വരെ കൊച്ചി ബോൾഗാട്ടി പാലസിൽ

#സ്വന്തം ലേഖകന്‍
എസെക്വൽ ഏരിയാസ് | Photo: Special Arrangement
എസെക്വൽ ഏരിയാസ് | Photo: Special Arrangement

കൊച്ചി: മെസ്സി വരും, മെസ്സി വരും... കാൽപ്പന്തുകളിയെ കവിത പോലെ പ്രണയിക്കുന്നവരെല്ലാം ഫുട്‌ബോളിന്റെ മിശിഹായുടെ വരവിന് കാത്തിരിക്കുകയായിരുന്നു. ലയണൽ മെസ്സിയും അർജന്റീന ഫുട്‌ബോൾ ടീമും കേരളത്തിൽ കളിക്കാനെത്തുമോയെന്ന കാത്തിരിപ്പ് നീളുമ്പോൾ സംഗീതത്തിന്റെ ഭ്രമലോകമൊരുക്കി ഒരു അർജന്റീനക്കാരൻ കൊച്ചിയിലേക്ക് പറന്നെത്തുന്നു. മെലഡിക്, പ്രോഗ്രസീവ് ഇലക്ട്രോണിക് സംഗീതത്തിന്റെ പുതിയ ശബ്ദങ്ങളിൽ ഒന്നായ് എസെക്വൽ ഏരിയാസ് കൊച്ചിയിലേക്ക് എത്തുമ്പോൾ അതിന്റെ സ്വീകരണ ഭൂമിക നിങ്ങളെല്ലാം കാത്തിരിക്കുന്ന അതേ വേദി തന്നെയാണ്, ‘മാതൃഭൂമി’ കപ്പ കൾച്ചർ. എറണാകുളം ബോൾഗാട്ടി പാലസിൽ ഫെബ്രുവരി 20 മുതൽ 22 വരെ നടക്കുന്ന മാതൃഭൂമി കപ്പ കൾച്ചറിന്റെ മൂന്നാം എഡിഷനിലെ ത്രസിക്കുന്ന ആകാംക്ഷകളിലൊന്നാണ് എസെക്വൽ ഏരിയാസ്.

കലയും സംഗീതവും ഫാഷനും ഫുഡും സാഹസികതയുമെല്ലാം സമന്വയിക്കുന്ന ‘മാതൃഭൂമി’ കപ്പ കൾച്ചറിന്റെ മൂന്നാം എഡിഷനും വ്യത്യസ്തമായ കലാകാരന്മാരുടെ സംഗമഭൂമികയാണെന്ന് ഉറപ്പിക്കുന്നതാണ് ഇത്തവണത്തെ പ്രോഗ്രാം ഷെഡ്യൂളും. ആദ്യ എഡിഷനുകളിൽ അണിനിരത്തിയ കലാകാരന്മാരുടെ മിശ്രണത്തെക്കുറിച്ചുള്ള മികച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ ഇത്തവണത്തെ ലൈനപ്പ് വരുമ്പോൾ അതിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഏരിയാസ്. ഒരു യഥാർഥ പ്ലെയിൻവാക്കറായ എസെക്വൽ ഏരിയാസിനെ പ്രോഗ്രസീവ് ഹൗസിന്റെ ഭാവി എന്ന് തന്നെയാണ് സംഗീത ലോകം വിശേഷിപ്പിക്കുന്നത്. എസെക്വൽ തന്റെ ദർശനത്തിലൂടെ അനന്തമായ ലോകങ്ങളെ സങ്കല്പിക്കുമ്പോൾ ഡെക്കുകൾക്ക് പിന്നിലെ അദ്ദേഹത്തിന്റെ നിർമാണ വൈദഗ്ധ്യവും സാങ്കേതികതയും ആഗോള ജനക്കൂട്ടത്തെ മയക്കുന്നതാണ്.

സംഗീതത്തിന്റെയും ആഘോഷത്തിന്റെയും ലഹരി മാത്രം നിറയുന്ന മൂന്ന് രാപകലുകളൊരുക്കി കപ്പ കൾച്ചർ ആസ്വാദകരെ മാടി വിളിക്കുമ്പോൾ അതിലേക്കെത്താൻ കാത്തിരിക്കുകയല്ലെ നിങ്ങളെല്ലാവരും. വൈവിധ്യത്തിലും അതുല്യതയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ടെക്നോ, ഇലക്ട്രോണിക് സംഗീതത്തെ സ്‌പോട്ട്‍ലൈറ്റ് ചെയ്യുന്ന കൾച്ചറിലേക്ക് ഒഴുകിയെത്താൻ ഇനിയൊട്ടും വൈകണ്ട. സംഗീതത്തിനൊപ്പം ഫാഷന്റെയും ഫുഡിന്റെയും വാഹനങ്ങളുടെയും വൈവിധ്യമാർന്ന സ്റ്റാളുകളും എല്ലാവർക്കും പങ്കെടുക്കാൻ കഴിയുന്ന തരത്തിലുള്ള ഇന്ററാക്ടീവ് സെഷനുകളും കൂടിയാകുമ്പോൾ കൾച്ചറിലേക്ക് ഒഴുകിയെത്തിയില്ലെങ്കിൽ അതൊരു വലിയ നഷ്ടം തന്നെയാകും.

കൾച്ചറിന്റെ വിസ്മയഭൂമികയിലേക്കുള്ള ആസ്വാദകർക്കുള്ള പ്രവേശനം ടിക്കറ്റ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്. ആദ്യ ദിനത്തിലെ പ്രവേശന ടിക്കറ്റിന് 2000 രൂപയും അതിനടുത്ത ദിനങ്ങളിലേത് 2500 രൂപ വീതവുമാണ്. മൂന്ന് ദിനത്തിലും വരുന്നവർക്ക് 5000 രൂപയുടെ ടിക്കറ്റ് മതിയാകും.

Content Highlights: Experience Ezequiel Arias` progressive electronic music at Kappa Cultr, Kochi. Art, fashion, food & adventure await!