എന്റെ ഭര്‍ത്താവിന് അവഗണിക്കപ്പെടുന്നത് പോലെ തോന്നി; ഇഷയുടെ പുസ്തകത്തിലെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു

ഇഷ ഡിയോള്‍ കുടുംബത്തോടൊപ്പം
ഇഷ ഡിയോള്‍ കുടുംബത്തോടൊപ്പം

നടി ഹേമമാലിനിയുടെയും നടന്‍ ധര്‍മേന്ദ്രയുടെയും  മകളും ബോളിവുഡ് നടിയുമായ ഇഷാ ഡിയോള്‍ വിവാഹമോചിതയാകുന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വ്യവസായിയായ ഭരത് തക്താനിയായിരുന്നു ഇഷയുടെ ഭര്‍ത്താവ്. 2012 ലായിരുന്നു ഇഷയും ഭരതും വിവാഹിതരായത്. കുറച്ചുനാളുകളായി ഇഷയും ഭരതും വേര്‍പിരിഞ്ഞു താമസിക്കുകയാണ്. ഒരുപാട് ആലോചനയ്ക്ക് ശേഷമാണ് വേര്‍പിരിയുന്ന വിവരം ഇവര്‍ പരസ്യമാക്കിയത്. അതിനിടെ ഇഷ കുറച്ചുകാലങ്ങള്‍ക്ക് മുന്‍പ് എഴുതിയ അനുഭവകുറിപ്പിലെ ഏതാനും ഭാഗങ്ങള്‍ വൈറലാവുകയാണ്. 

രണ്ടാമത്തെ കുട്ടിയുടെ ജനനത്തിന് ശേഷം അവഗണിക്കപ്പെട്ടതുപോലെ ഭര്‍ത്താവിന് തോന്നിയെന്നും അത് അദ്ദേഹം സൂചിപ്പിച്ചുവെന്നുമെന്നും ഇഷ കുറിച്ചിരിക്കുന്നു. അമ്മ മിയ; സ്റ്റോറീസ്, അഡൈ്വസ്, റെസിപ്പീസ് ഫ്രം വണ്‍ മദര്‍ ടു അനതര്‍ എന്ന പുസ്തകത്തിലാണ് ഇഷയുടെ വെളിപ്പെടുത്തല്‍.

മിരായയുടെ ജനത്തിന് ശേഷം ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. മൂത്തമകള്‍ രാധ്യായുടെ സ്‌കൂള്‍ കാര്യങ്ങളും കുഞ്ഞു മിരായയുടെ ആവശ്യങ്ങളുമെല്ലാം ഒരുമിച്ചു കൊണ്ടുപോകേണ്ടതുണ്ടായിരുന്നു. അതിനിടെ പുസ്തകം എഴുതുന്നുണ്ടായിരുന്നു. 

ഭരത് അസ്വസ്ഥത പ്രകടിപ്പിച്ച ദിവസങ്ങളുണ്ടായിരുന്നു. പുതിയ ടൂത്ത് ബ്രഷിനെക്കുറിച്ചോ തേച്ചുവച്ചിരുന്ന ഷര്‍ട്ടിനെക്കുറിച്ചോ ഭരത് ചോദിച്ചപ്പോള്‍ അതെല്ലാം എന്റെ മനസ്സില്‍ നിന്ന് എങ്ങിനെയാണ് വഴുതിപ്പോയതെന്ന് ഓര്‍ത്തു. ഉച്ചഭക്ഷണത്തിനായി എന്താണ് കൊണ്ടുപോകുന്നതെന്ന് പോലും ഞാന്‍ അദ്ദേഹത്തോട് ചോദിക്കാന്‍ പലപ്പോഴും മറന്നു. ഭരതിന് വളരെ കുറച്ച് ആവശ്യങ്ങള്‍ മാത്രമേയുള്ളൂ. ഞാന്‍ അദ്ദേഹത്തിന് ആവശ്യമുള്ളപ്പോള്‍ അവിടെ സന്നിഹിതയായിരുന്നില്ല. എന്റെ തെറ്റു മനസ്സിലാക്കിയപ്പോള്‍ തന്നെ അത് തിരുത്താന്‍ തിരുത്താന്‍ ശ്രമിച്ചു.

ഇഷയുടെ ഈ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുമ്പോള്‍ വലിയ ചര്‍ച്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത്. രണ്ടു കുട്ടികളെ നോക്കുന്ന ഒരു സ്ത്രീ, പ്രസവാനന്തരമുള്ള ദിവസങ്ങളില്‍ ഭര്‍ത്താവിനെ എങ്ങിനെ നോക്കണമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചിലര്‍ ചോദിക്കുന്നു. ഭര്‍ത്താവിനെ ഇഷ ന്യയീകരിച്ച് തെറ്റ് ഏറ്റെടുക്കുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നുവെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. ഇഷയ്ക്ക് ഇപ്പോഴെങ്കിലും തിരിച്ചറിവുണ്ടയല്ലോ എന്ന് പറഞ്ഞ് ആശ്വസിക്കുന്നവരുമുണ്ട്. അതേ സമയം ഒരാളുടെ വാക്കുകള്‍ കേട്ട് മറ്റൊരാളെ വിലയിരുത്തരുതെന്നും ഭരതിനെ പിന്തുണയ്ക്കുന്നവര്‍ കുറിച്ചു.

പരസ്പര സമ്മതത്തോടെയാണ് ഇഷയും ഭരതും വിവാഹമോചനം നേടുന്നത്. വേര്‍പിരിയുന്ന സാഹചര്യത്തില്‍ കുട്ടികളുടെ മാനസികാരോഗ്യത്തിനാണ് പ്രധാന്യം നല്‍കുന്നത്. സ്വകാര്യതയെ മാനിക്കണമെന്നും ഇരുവരും അഭ്യര്‍ഥിച്ചു. ഇഷയ്ക്കും ഭരതിനും രണ്ട് മക്കളാണുള്ളത്. 2017 ലാണ് മൂത്തമകള്‍ രാധ്യ ജനിച്ചത്. 2019 ലായിരുന്നു ഇളമകള്‍ മിരായയുടെ ജനനം. 

2002 ലായിരുന്നു ഇഷയുടെ സിനിമാ അരങ്ങേറ്റം. വിനയ് ശുക്ല സംവിധാനം ചെയ്ത കോയി മേരേ ദില്‍സേ പൂച്ഛേയായിരുന്നു ആദ്യ ചിത്രം. 2004 ല്‍ റിലീസ് ചെയ്ത ധൂമിലൂടെയാണ് ഇഷ വലിയ ജനശ്രദ്ധ നേടുന്നത്. 2008 ല്‍ പുറത്തിറങ്ങിയ ഹൈജാക്കിന് ശേഷം ഇഷ പിന്നീങ്ങോട്ട് രണ്ടു സിനിമകളിലും രണ്ട് ഹ്രസ്വചിത്രങ്ങളിലും മാത്രമാണ് അഭിനയിച്ചത്. വെബ് സീരീസുകളിലൂടെ അഭിനയരംഗത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം.

Content Highlights: isha deol, bharat takhtani files divorce, separation, Bollywood celebrity news