‘ഒരുപാട് നഗ്നരംഗങ്ങളുണ്ടായിരുന്നു, പിന്നീട് ഉപേക്ഷിച്ചു'; മിഷ്‌കിന്‍ ചിത്രത്തെക്കുറിച്ച് ആന്‍ഡ്രിയ ജെറേമിയ

#Movies Desk
ആൻഡ്രിയ ജെറേമിയ | Photo: Facebook/ Andrea Jeremiah
ആൻഡ്രിയ ജെറേമിയ | Photo: Facebook/ Andrea Jeremiah

പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രം 'പിശാശ് 2'-നെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ആന്‍ഡ്രിയ ജെറേമിയ. ചിത്രത്തില്‍ നഗ്നരംഗങ്ങളുണ്ടന്ന പ്രചാരണത്തോട് നടി പ്രതികരിച്ചു. ലൈംഗികതയും രതിയുമായി ബന്ധപ്പെട്ട രംഗങ്ങള്‍ ഉണ്ടെങ്കിലും ചിത്രത്തില്‍ നഗ്നരംഗങ്ങളില്ലെന്ന്‌ നടി 'ഗലാട്ട'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'സ്ത്രീയെ കേന്ദ്രകഥാപാത്രമാക്കിയാണ് മിഷ്‌കിന്‍ 'പിശാശ് 2' എഴുതിയത്. അദ്ദേഹം തുടക്കക്കാരനല്ല, പരിചയസമ്പന്നനാണ്. മറ്റുവഴികളില്ലാത്തതുകൊണ്ടല്ല അദ്ദേഹം ആ രംഗങ്ങള്‍ എഴുതിയത്. അത് ബോധപൂര്‍വ്വമായിരുന്നു. സിനിമയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ എന്നോട് ആവശ്യപ്പെട്ടാല്‍, എനിക്ക് അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ വിശ്വാസമര്‍പ്പിക്കേണ്ടിവരും', നടി പറഞ്ഞു.

മുന്‍ചിത്രങ്ങളിലെ അനുഭവങ്ങളുമായും താരം 'പിശാശ് 2'ലെ അനുഭവത്തെ താരതമ്യപ്പെടുത്തി. 'ചില രംഗങ്ങള്‍ക്കുവേണ്ടി സ്‌കേര്‍ട്ട് താഴ്ത്താന്‍ ആവശ്യപ്പെട്ട ചിലരുണ്ടായിരുന്നു. ഞാന്‍ പൂര്‍ണ്ണമായും വസ്ത്രം ധരിച്ചുതന്നെയാണുള്ളത്, എന്നാല്‍ അവരുടെ ഉദ്ദേശം തെറ്റാണ്. പക്ഷേ, മിഷ്‌കിന്‍ സര്‍ ആവശ്യപ്പെടുമ്പോള്‍ അതിന്റെ ഉദ്ദേശശുദ്ധി മറ്റൊരുതരത്തിലാണ്. അത് എനിക്ക് മനസിലാവും', ആന്‍ഡ്രിയ കൂട്ടിച്ചേര്‍ത്തു.

'അദ്ദേഹം തിരക്കഥ എഴുതിയപ്പോള്‍ ഒരുപാട് നഗ്നരംഗങ്ങളുണ്ടായിരുന്നു. എന്നാല്‍, അവ ചിത്രീകരിക്കുന്നതിനിടയില്‍ ചില കാരണങ്ങളാല്‍ അദ്ദേഹം തന്നെ അവ ഉപേക്ഷിച്ചു. ലൈംഗികതയുമായി ബന്ധപ്പെട്ട ഒരുപാട് രംഗങ്ങള്‍ ചിത്രത്തിലുണ്ട്, എന്നാല്‍ നഗ്നതയില്ല', നടി വ്യക്തമാക്കി.

2014-ലാണ് ആദ്യഭാഗമായ 'പിശാശ്' പുറത്തിറങ്ങിയത്. മിഷ്‌കിന്‍ സംവിധാനംചെയ്ത ചിത്രത്തില്‍ നാഗയും പ്രയാഗ മാര്‍ട്ടിനുമായിരുന്നു പ്രധാനകഥാപാത്രങ്ങള്‍. സിനിമ വന്‍ ഹിറ്റായിരുന്നു. നിയമപ്രശ്‌നങ്ങളെത്തുടര്‍ന്ന് 'പിശാശ് 2' റിലീസ് നീണ്ടുപോവുകയാണ്.

Content Highlights: There are erotic scenes in the film, but no nudity; Andrea Jeremiah on Pisasu 2