അവന്റെ മൂത്രത്തിലൂടെ രക്തം വന്നു, 12 മണിക്കൂറിനുള്ളിൽ ലോകം കീഴ്മേൽ മറിഞ്ഞു -ഇമ്രാൻ ഹഷ്മി

#മൂവി ഡെസ്ക്
നടൻ ഇമ്രാൻ ഹഷ്മി | ഫോട്ടോ: PTI
നടൻ ഇമ്രാൻ ഹഷ്മി | ഫോട്ടോ: PTI

തന്റെ പുതിയ ചിത്രമായ തസ്കരീക്ക് മികച്ച പ്രതികരണം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് നടൻ ഇമ്രാൻ ഹഷ്മി. 2014-ൽ തൻ്റെ മകന് കാൻസർ സ്ഥിരീകരിച്ച തിനെക്കുറിച്ച് നടൻ പറഞ്ഞ ഒരു പഴയ അഭിമുഖത്തിലെ ഭാഗം ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്. മൂന്ന് വയസ്സുള്ളപ്പോൾ മകൻ അയാന് കാൻസർ ബാധിച്ചതോടെ ജീവിതം ആകെ മാറിമറിഞ്ഞുവെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. മകന്റെ മൂത്രത്തിൽ രക്തം കണ്ടതിനെത്തുടർന്ന് ആരംഭിച്ച പരിശോധനകൾ മണിക്കൂറുകൾക്കുള്ളിൽ തന്നെ മാരകമായ രോഗത്തെ തിരിച്ചറിയാൻ കാരണമായെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

രൺവീർ അല്ലാബാദിയയുമായുള്ള സംഭാഷണത്തിൽ ഇമ്രാൻ ഹാഷ്മി വെളിപ്പെടുത്തിയത് ഇങ്ങനെ: "എൻ്റെ ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ഘട്ടം 2014-ൽ എൻ്റെ മകന് അസുഖം ബാധിച്ചപ്പോഴായിരുന്നു. ആ ഘട്ടം എത്രമാത്രം വേദനാജനകമായിരുന്നു എന്ന് വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. അത് അഞ്ച് വർഷത്തോളം നീണ്ടുനിന്നു. എൻ്റെ ജീവിതം ഒരു പകൽ കൊണ്ട് മാറിമറിഞ്ഞു. ജനുവരി 13-ന് ഞങ്ങൾ ഉച്ചഭക്ഷണത്തിന് പോയി. എൻ്റെ മകനോടൊപ്പം പിസ്സ കഴിക്കുകയായിരുന്നു ഞങ്ങൾ. ആ മേശയിലിരുന്നാണ് ആദ്യത്തെ ലക്ഷണം കണ്ടത്. അവൻ്റെ മൂത്രത്തിൽ രക്തമുണ്ടായിരുന്നു."

"അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഞങ്ങൾ ഒരു ഡോക്ടറുടെ ക്ലിനിക്കിലായിരുന്നു. ഡോക്ടർ പറഞ്ഞു, നിങ്ങളുടെ മകന് കാൻസറാണെന്നും അടുത്ത ദിവസം തന്നെ ഓപ്പറേഷൻ ചെയ്യണമെന്നും കീമോതെറാപ്പിക്ക് വിധേയനാകണമെന്നും. വെറും 12 മണിക്കൂറിനുള്ളിൽ എൻ്റെ ലോകം തലകീഴായി മറിഞ്ഞു. നിങ്ങളുടെ ജീവിതത്തിലെ ഒരു ഉന്നത ഘട്ടം എന്ന് പറയാം. എല്ലാം നേടി എന്നൊരു തോന്നൽ. എന്നാൽ പെട്ടെന്ന് ഒരു പ്രഹരം ഏൽക്കുന്നത് പോലെ തോന്നി. അങ്ങനെയൊക്കെ സംഭവിക്കാം." ഇമ്രാൻ ഹാഷ്മി കൂട്ടിച്ചേർത്തു.

തന്റെ മകന്റെ അസുഖത്തെക്കുറിച്ച് മുൻപ് കോൻ ബനേഗാ ക്രോർപതിയിൽ പങ്കെടുക്കവേ അമിതാഭ് ബച്ചനോട് ഇമ്രാൻ ഹഷ്മി പറഞ്ഞിരുന്നു. അയാന്റെ രോഗമുക്തി ഘട്ടത്തിൽ കുടുംബം വലിയ ഭയത്തിലും മാനസിക സംഘർഷത്തിലുമായിരുന്നു. ക്യാൻസർ വീണ്ടും വരാൻ സാധ്യതയുണ്ടോ എന്നതായിരുന്നു അതിനുകാരണമെന്നും താരം അന്ന് പറഞ്ഞിരുന്നു. തന്റെ മകൻ അർബുദത്തെ അതിജീവിച്ച ഈ യാത്രയെ ആസ്പദമാക്കി ബിലാൽ സിദ്ദിഖിക്കൊപ്പം ചേർന്ന് 'ദ കിസ് ഓഫ് ലൈഫ്: ഹൗ എ സൂപ്പർഹീറോ ആൻഡ് മൈ സൺ ഡിഫീറ്റഡ് ക്യാൻസർ' എന്ന പുസ്തകം ഇമ്രാൻ രചിച്ചിട്ടുണ്ട്.

Content Highlights: Emraan Hashmi opens up about his son Ayaan`s five-year cancer battle, the profound shift in his life and career focus, and his journey through fear and hope.