ആവേശമുയര്‍ത്തി 'ഫിര്‍ സിന്ദ'; എമ്പുരാനിലെ ആദ്യഗാനം പുറത്ത്

പ്രതീകാത്മക ചിത്രം | Photo: Screen grab/ YouTube: Aashirvad Cinemas, Mohanlal
പ്രതീകാത്മക ചിത്രം | Photo: Screen grab/ YouTube: Aashirvad Cinemas, Mohanlal

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനംചെയ്ത എമ്പുരാനിലെ ആദ്യ ഗാനം പുറത്ത്. ഫിര്‍ സിന്ദ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ദീപക് ദേവ് ഈണം പകര്‍ന്ന ഈ ഗാനത്തിന്റെ വരികള്‍ രചിച്ചത് തനിഷ്‌ക് നബാര്‍ ആണ്. ആലപിച്ചത് ആനന്ദ് ഭാസ്‌കര്‍.

മാര്‍ച്ച് 27-ന് ആഗോള റിലീസായി എത്തുന്ന ചിത്രം റിലീസിന് മുമ്പേ ഇന്ത്യന്‍ സിനിമയില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു മുന്നേറുകയാണ്. ഇതിനോടകം ബുക്ക് മൈ ഷോയില്‍നിന്ന് മാത്രം 10 ലക്ഷത്തില്‍ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ് പോയ ഈ ചിത്രം മലയാള സിനിമയിലെ എല്ലാ ഓപ്പണിങ് റെക്കോര്‍ഡുകളും അഡ്വാന്‍സ് ബുക്കിങ്ങിലൂടെ തന്നെ തകര്‍ത്തു. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍  ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. മാര്‍ച്ച് 27-നു ആഗോള റിലീസായി എത്തുന്ന ചിത്രം ഇന്ത്യന്‍ സമയം രാവിലെ ആറ് മണി മുതല്‍ ആഗോള പ്രദര്‍ശനം ആരംഭിക്കും. ചിത്രത്തിന്റെ തമിഴ്‌നാട് ഡിസ്ട്രിബ്യൂഷന്‍ ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്ര- തെലങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസ് ആണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. ഇതിനോടകം 60 കോടി രൂപക്ക് മുകളില്‍ ചിത്രം പ്രീ സെയില്‍സ് ആയി ആഗോള തലത്തില്‍ നേടിക്കഴിഞ്ഞു.

മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

കോ പ്രൊഡ്യൂസര്‍സ്: വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍, എക്‌സിക്കൂട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂര്‍ത്തി, ഛായാഗ്രഹണം: സുജിത് വാസുദേവ്, എഡിറ്റര്‍: അഖിലേഷ് മോഹന്‍, കലാസംവിധാനം: മോഹന്‍ദാസ്, ആക്ഷന്‍: സ്റ്റണ്ട് സില്‍വ, ക്രിയേറ്റിവ് ഡയറക്ടര്‍: നിര്‍മല്‍ സഹദേവ്.

Content Highlights: Mohanlal starrer Empuraan`s first song out