എമ്പുരാനില്‍ ഒരു കാമിയോ പ്രതീക്ഷിക്കാമോ? തീര്‍ച്ചയായും എന്ന് സുജിത് വാസുദേവ്

Photo: facebook.com/PrithvirajSukumaran/
Photo: facebook.com/PrithvirajSukumaran/

മാര്‍ച്ച് 27-ന് റിലീസ് ചെയ്യാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാനുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സിനിമാ ലോകത്തും സോഷ്യല്‍ മീഡിയയിലും നിറയുന്നത്. മലയാളികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് എമ്പുരാന്‍. 2019-ല്‍ പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. എമ്പുരാന്റെ ഓരോ അപ്ഡേറ്റും ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ സ്വീകരിക്കുന്നത്.

എമ്പുരാനിലെ കഥാപാത്രങ്ങളെല്ലാം ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ ഇതിനോടകംതന്നെ പ്രേക്ഷകര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍, ഒരു കഥാപാത്രം മാത്രം ഇപ്പോഴും കാണാമറയത്താണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്ന് കേരളപിറവി ദിനത്തില്‍ എമ്പുരാന്റെ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഒരു ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. വെള്ള വസ്ത്രമിട്ട ഒരാള്‍ പുറംതിരിഞ്ഞു നില്‍ക്കുന്നതായിരുന്നു ആ പോസ്റ്റര്‍. അയാളുടെ പിന്നില്‍ ഒരു ഡ്രാഗണിന്റെ ചിത്രവും ഉണ്ടായിരുന്നു. പിന്നാലെ തന്നെ ചിത്രത്തിലെ ഈ കഥാപാത്രം ആരെന്ന തരത്തില്‍ ചര്‍ച്ചകളുണ്ടായി. ഇപ്പോഴിതാ എമ്പുരാനില്‍ ഒരാളുടെ കാമിയോ റോള്‍ പ്രതീക്ഷിക്കാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകനായ സുജിത് വാസുദേവ്. ഒരു റേഡിയോ സ്‌റ്റേഷന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. എമ്പുരാനില്‍ ഒരു കാമിയോ പ്രതീക്ഷിക്കാമോ എന്ന അവതാരകയുടെ ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു സുജിത്തിന്റെ ഉടനടിയുള്ള മറുപടി.

പോസ്റ്ററിലുള്ളതുപോലെ വെള്ള വസ്ത്രം ധരിച്ച് പുറംതിരിഞ്ഞു നില്‍ക്കുന്ന ആളാണ് ചിത്രത്തിലെ കാമിയോ റോള്‍ എന്നത് ഉറപ്പാണ്. സഞ്ജയ് ദത്ത്, ഷാരൂഖ് ഖാന്‍, രജനീകാന്ത് എന്നിവരുടെ പേരുകളെല്ലാം ഇതില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. നേരത്തേ തന്നെ ഈ പോസ്റ്ററിനെ കുറിച്ച് സുജിത്ത് സംസാരിച്ചിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട ഒരു പോസ്റ്ററാണ് അതെന്നും ആ പോസ്റ്ററില്‍ ഒരു കഥയുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. എന്തായാലും ആ കഥ എന്തായിരിക്കുമെന്നറിയാന്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് - മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ നിര്‍മിക്കുന്നത് ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍  ചേര്‍ന്നാണ്.  മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കേറിയ ചിത്രം കൂടിയാണിത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Content Highlights: Sujit Vasudev confirms a cameo in the highly anticipated Mohanlal starrer Empuraan