എലഫെന്റ് വിസ്പറേഴ്‌സിന്റെ നിര്‍മാതാക്കളോട് രണ്ടു കോടി ആവശ്യപ്പെട്ട് ബെല്ലിയും ബൊമ്മനും

ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ച ദ എലിഫന്റ് വിസ്പറേഴ്‌സ് എന്ന ഡോക്യുമെന്ററിയുടെ സംവിധായികയ്ക്കും നിര്‍മാതാക്കള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഡോക്യുമെന്ററിയിലൂടെ പ്രശസ്തരായ ദമ്പതിമാരായ ബൊമ്മനും ബെല്ലിയും രംഗത്ത് വന്നിരുന്നു. തങ്ങളെ സിനിമയുടെ നിര്‍മാതാക്കള്‍ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നെന്ന് ബിഹൈന്‍ഡ് വുഡ്‌സ് എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
ദ എലിഫന്റ് വിസ്പറേഴ്‌സ് എന്ന ഡോക്യുമെന്ററിയുടെ സംവിധായിക കാര്‍തികി ഗോണ്‍സാല്‍വസ്, നിര്‍മാതാക്കളായ സിഖ്യ എന്റര്‍ടെയിന്‍മെന്റ്‌സ് എന്നിവര്‍ക്കെതിരേയാണ് ഗുരുതര ആരോപണങ്ങള്‍ ബൊമ്മനും ബെല്ലിയും ഉന്നയിച്ചത്. ഡോക്യുമെന്ററിയുടെ ചിത്രീകരണസമയത്ത് സംവിധായികയ്ക്ക് തങ്ങളുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ദമ്പതിമാര്‍ പറഞ്ഞു. ചിത്രത്തിന് ഓസ്‌കര്‍ ലഭിച്ചതിനുശേഷം തങ്ങളുമായി അവര്‍ക്കുണ്ടായിരുന്ന ആശയവിനിമയത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായി. കാര്‍തികിയുമായി ഇപ്പോള്‍ യാതൊരു ബന്ധവുമില്ലാത്ത അവസ്ഥയിലാണെന്നും ബൊമ്മനും ബെല്ലിയും പറഞ്ഞു.
ഡോക്യുമെന്ററിയുടെ നിര്‍മാതാക്കളോട് രണ്ട് കോടി ആവശ്യപ്പെട്ട് ബൊമ്മനും ബെല്ലിയും വക്കീല്‍ നോട്ടീസ് അയച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുന്നോടിയായി തങ്ങള്‍ക്ക് വീട് വച്ചു നല്‍കാമെന്നും സാമ്പത്തിക സഹായം ചെയ്യുമെന്നും വാക്ക് നല്‍കിയതായും എന്നാല്‍ അതൊന്നും പാലിക്കപ്പെട്ടില്ലെന്നും നോട്ടീസില്‍ പറയുന്നു. കൂടാതെ ഡോക്യുമെന്ററിയ്ക്ക് ലഭിക്കുന്ന വരുമാനത്തിന് അനുസൃതമായി ഒരു പങ്കുനല്‍കാമെന്ന് പറഞ്ഞിരുന്നു. അതും പാലിക്കപ്പെട്ടില്ല. തങ്ങളെ യഥാര്‍ഥ ഹീറോകള്‍ എന്ന് പറഞ്ഞാണ് രാഷ്ട്രീയ നേതാക്കള്‍ക്കും കായികതാരങ്ങള്‍ക്കും സിനിമാതാരങ്ങള്‍ക്കും അവര്‍ പരിചയപ്പെടുത്തിയത്. അതേ സമയം ഓസ്‌കര്‍ നേട്ടത്തിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും നല്‍കിയ പാരിതോഷികമായി നല്‍കിയ തുക അവര്‍ കൈക്കലാക്കിയെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
സിനിമയ്ക്കായി ഒരു വിവാഹരംഗം ചിത്രീകരിക്കാന്‍ സ്വന്തം കയ്യില്‍നിന്ന് പണം ചെലവാക്കിയ കഥയും ഇവര്‍ പറഞ്ഞു. ബെല്ലിയുടെ പേരക്കുട്ടിയുടെ പഠനാവശ്യത്തിനായി കരുതിയ പണമാണ് ഡോക്യുമെന്ററിക്കായി മുടക്കിയതെന്ന് ദമ്പതിമാര്‍ ആരോപിക്കുന്നു. 'സിനിമയിലെ വിവാഹരംഗം ഒറ്റദിവസം കൊണ്ട് ചിത്രീകരിക്കണമെന്നാണ് കാര്‍തികി ഗോണ്‍സാല്‍വസ് പറഞ്ഞത്. വേണ്ടത്ര പണമില്ലാതിരുന്നതിനാല്‍ എവിടെനിന്നെങ്കിലും സംഘടിപ്പിക്കാനാവുമോ എന്ന് ചോദിച്ചു. ഒരു ലക്ഷം രൂപയ്ക്കടുത്ത് വരും. ചിത്രീകരണം കഴിഞ്ഞാല്‍ തിരികെ തരാമെന്ന് പറഞ്ഞിട്ടാണ് അത്രയും സംഖ്യ കൊടുത്തതെങ്കിലും ഇതുവരെ ആ പണം അവര്‍ തിരികെ തന്നിട്ടില്ല. അവരെ വിളിക്കുമ്പോള്‍ തിരക്കാണെന്നും തിരികെ വിളിക്കാമെന്നുമാണ് പറയുന്നത്. പക്ഷേ ഇതുവരെയും വിളിച്ചിട്ടില്ല.' ബൊമ്മനും ബെല്ലിയും അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.
കൂടാതെ സിനിമയുടെ വിജയത്തിനുശേഷം നിര്‍മാതാക്കള്‍ തങ്ങളോട് പെരുമാറിയ വിധത്തിലുള്ള അതൃപ്തിയും ഇരുവരും പ്രകടിപ്പിച്ചു. 'ആദിവാസികള്‍ എന്ന തങ്ങളുടെ വ്യക്തിത്വത്തിന് ഡോക്യുമെന്ററിയെ ശ്രദ്ധേയമാക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട്. ആദരിക്കുന്ന ചടങ്ങില്‍ ഓസ്‌കര്‍ ശില്പത്തില്‍ തൊടാന്‍ പോലും അനുവദിച്ചില്ല. ആ ഡോക്യുമെന്ററി പുറത്തിറങ്ങിയ ശേഷം തങ്ങള്‍ക്ക് മനസ്സമാധാനം നഷ്ടപ്പെട്ടു. മുംബൈയില്‍ നിന്ന് കോയമ്പത്തൂരെത്തിയ ശേഷം ഞങ്ങളുടെ ഗ്രാമത്തിലേക്ക് പോകാനുള്ള പണം കയ്യിലുണ്ടായിരുന്നില്ല. സിനിമക്കാരോട് ചോദിച്ചപ്പോള്‍ ഇപ്പോള്‍ കയ്യിലില്ലെന്നും സംഘടിപ്പിക്കാമെന്നുമായിരുന്നു മറുപടി. തരാനുള്ള തുക തന്നെന്ന് ഒരിക്കല്‍ കാര്‍തികി പറഞ്ഞിരുന്നു. ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ വെറും 60 രൂപ മാത്രമായിരുന്നു അതിലുണ്ടായിരുന്നത്. ' ബൊമ്മന്റെയും ബെല്ലിയുടേയും വാക്കുകള്‍.
അതേസമയം ഈ ആരോപണങ്ങളോടുള്ള പ്രതികരണവുമായി പ്രസ്താവനയുമായി നിര്‍മാതാക്കള്‍ രംഗത്തെത്തി. സിനിമയെടുക്കുമ്പോള്‍ തങ്ങള്‍ പ്രാധാന്യം നല്‍കിയത് ആനകളുടെ സംരക്ഷണം, ഇതിനായി വനംവകുപ്പും ബൊമ്മന്‍ബെല്ലി ദമ്പതിമാര്‍ എന്നിവര്‍ നടത്തുന്ന പ്രയത്‌നങ്ങളേക്കുറിച്ചുമാണെന്നാണ് ഇതില്‍ പറയുന്നത്. എന്നാല്‍ ബൊമ്മനും ബെല്ലിയും ഉയര്‍ത്തിയ ആരോപണങ്ങളേക്കുറിച്ച് ഇവര്‍ കൂടുതല്‍ വിശദീകരണമോ വ്യക്തതയോ നല്‍കിയിട്ടില്ല എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെല്ലിയെ ഈയിടെ തമിഴ്‌നാട്ടിലെ ആദ്യ വനിതാ പാപ്പാനായി നിയമിച്ച് ഉത്തരവിറങ്ങിയിരുന്നു.
Content Highlights: The Elephant Whisperers controversy, Bomman Bellie, Kartiki Gonsalves, Guneet Monga