'ഇനി പ്രതികാരം'; പെരുമഴയത്ത് രൺവീർ, 'ധുരന്ധർ 2' ടീസർ പുറത്ത്, റിലീസ് മാർച്ച് 19-ന് തന്നെ

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനംചെയ്ത സ്‌പൈ ത്രില്ലർ ചിത്രം ധുരന്ധറിന്റെ രണ്ടാം ഭാഗം 'ധുരന്ധർ: ദ റിവഞ്ച്' 2026 മാർച്ച് 19-ന് തന്നെ തിയേറ്ററിലെത്തും. ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിന്റെ പോസ്റ്റർ രൺവീർ സിങ്ങ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ നേരത്തെ പുറത്തുവിട്ടിരുന്നു. കടും ചുവപ്പ് നിറത്തിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ദി റിവഞ്ച് എന്ന് എഴുതിയിരിക്കുന്നതും കാണാം.
ഇന്ത്യയിൽനിന്നു മാത്രം 1000 കോടി രൂപ ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ധുരന്ധർ. റിപ്പബ്ലിക് ദിനമായ ജനുവരി 26-ന്, അതായത് റിലീസ് ചെയ്ത് 53-ാം ദിവസമാണ് ചിത്രം ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്. അന്നേ ദിവസം ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 1.25 കോടി രൂപ അധികം സമാഹരിച്ചു. ഇതിനുമുമ്പ് ഷാരൂഖ് ഖാന്റെ 'ജവാൻ' എന്ന സിനിമ സ്വന്തമാക്കിയ 760 കോടി രൂപയുടെ റെക്കോർഡാണ് ധുരന്ധർ മറികടന്നത്.
അന്താരാഷ്ട്ര വിപണിയിലും മികച്ച പ്രകടനമാണ് ഈ സ്പൈ ത്രില്ലർ കാഴ്ചവെച്ചത്. മിഡിൽ ഈസ്റ്റിലെ നിരോധനം വകവെക്കാതെ തന്നെ വിദേശ രാജ്യങ്ങളിൽ നിന്ന് 33 മില്യൺ ഡോളർ ചിത്രം സ്വന്തമാക്കി. ധുരന്ധറിന്റെ ആഗോളതലത്തിലുള്ള ആകെ ഗ്രോസ് കളക്ഷൻ ഏകദേശം 1300 കോടി രൂപയാണ്. രൺവീർ സിംഗിനെ കൂടാതെ അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
Content Highlights: Ranveer Singh returns with vengeance in Dhurandhar: The Revenge. Directed by Aditya Dhar, the spy thriller sequel is set to release worldwide on March 19, 2026.