ബോക്‌സ് ഓഫീസിൽ 300 കോടി വാരിയ പടം; ഒടുവിൽ 'ലോക'യുടെ യഥാർഥ ബജറ്റ് സ്ഥിരീകരിച്ച് ദുൽഖർ

കഴിഞ്ഞ വർഷം ഓണം റിലീസായി തിയേറ്ററിലെത്തി മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രമായിരുന്നു 'ലോക: ചാപ്റ്റർ വൺ: ചന്ദ്ര'. നായികയായ കല്യാണി പ്രിയദർശൻ വാംപയർ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം 300 കോടിയിലേറെയാണ് ബോക്‌സ് ഓഫീസിൽനിന്ന് വാരിയത്. ആഗോള തലത്തിൽ ചിത്രത്തിന്റെ തിയേറ്റർ കളക്ഷൻ 302 കോടിക്കും 304 കോടിക്കും ഇടയിലാണെന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിൽ ആദ്യമായി 300 കോടി പിന്നിടുന്ന ചിത്രവും ‘ലോക’യായിരുന്നു.
എങ്കിലും ചിത്രം നിർമിക്കാനെടുത്ത ബജറ്റ് ഔദ്യോഗികമായി പുറത്തുവന്നിരുന്നില്ല. 30 കോടി എന്നായിരുന്നു പൊതുവേ പറഞ്ഞുകേട്ടത്. എന്നാൽ, ഇപ്പോഴിതാ ചിത്രത്തിന്റെ നിർമാതാവായ ദുൽഖർ സൽമാൻ തന്നെ ചിത്രത്തിന്റെ യഥാർഥ ബജറ്റ് സ്ഥിരീകരിക്കുകയാണ്.
'ഐ ആം ഗെയിം' റിലീസിന്റെ ഭാഗമായി സംവിധായകൻ വെങ്കി അറ്റ്‌ലൂരിക്കൊപ്പമുള്ള അഭിമുഖത്തിലാണ് ദുൽഖർ, ‘ലോക’യുടെ ബജറ്റ് സ്ഥിരീകരിക്കുന്നത്. ചിത്രം നിർമിക്കാനാവശ്യമായ തുക നേരിട്ട് ദുൽഖർ വെളിപ്പെടുത്തുന്നില്ല. എന്നാൽ, അഭിമുഖത്തിലെ ഒരു ചോദ്യത്തിൽ വെങ്കി അറ്റ്‌ലൂരി പറയുന്ന തുക സ്ഥിരീകരിക്കുന്നതുപോലെയാണ് ദുൽഖർ മറുപടി തുടരുന്നത്. 42 കോടി എന്ന് വെങ്കി അറ്റ്‌ലൂരി പറഞ്ഞപ്പോൾ അത് ശരിവെച്ചാണ് 'ലോക'യുമായി ബന്ധപ്പെട്ട ചോദ്യത്തിന് ദുൽഖർ മറുപടി പറയുന്നത്. ഒരാഴ്ച മുമ്പ് പുറത്തിറങ്ങിയ അഭിമുഖത്തിലെ 'ലോക'യുമായി ബന്ധപ്പെട്ട ഭാഗം ഇപ്പോഴാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാവുന്നത്.
സെപ്റ്റംബർ മൂന്നിലാണ് ദുൽഖർ നായകനായ നഹാസ് ഹിദായത്ത് സിനിമ 'ഐ ആം ഗെയിം' തിയേറ്ററിലെത്തിയത്. ഫാന്റസി- ത്രില്ലർ ഗണത്തിലുള്ള ചിത്രം മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. 'ഐ ആം ഗെയിം' മലയാളത്തിലെ ഏറ്റവും കൂടിയ ബജറ്റിൽ നിർമിക്കപ്പെട്ട ചിത്രമാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാൻ ദുൽഖർ തയ്യാറായില്ല. താൻ നിർമിച്ചതും അഭിനയിച്ചതുമായ സിനിമകളിൽ ഏറ്റവും ഉയർന്ന ബജറ്റുള്ള സിനിമ 'ഐ ആം ഗെയിം' ആണെന്ന് ദുൽഖർ പറഞ്ഞു. മറ്റുള്ള സിനിമകളുമായി താരതമ്യം ചെയ്യാൻ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2025 ഓഗസ്റ്റ് 28-നാണ് 'ലോക ചാപ്റ്റർ വൺ- ചന്ദ്ര' തിയേറ്ററിലെത്തിയത്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആയിരുന്നു. കല്യാണിക്ക് പുറമേ, നസ്ലിൻ, സാൻഡി, ചന്തു സലിം കുമാർ, അരുൺ കുര്യൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. നിമിഷ് രവി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ ചമൻ ചാക്കോ ആയിരുന്നു. സംഗീതം ജേക്‌സ് ബിജോയ്.
Content Highlights: Dulquer Salmaan has confirmed the official production budget of the blockbuster film 'Lokah Chapter 1: Chandra'. Director Venky Atluri mentioned the budget as Rs 42 crore during an interview, which Dulquer acknowledged. 'Lokah' achieved massive box office success, grossing between Rs 302 crore and Rs 304 crore globally. Previously, rumors suggested that the film was made on a budget of Rs 30 crore. Dulquer also noted that his latest release 'I'm Game' is the highest-budget project he has acted in and produced so far.