‘നിന്റെ മറുപാതിയായതിൽ അനുഗ്രഹീതൻ’; 14-ാം വിവാഹവാർഷകദിനത്തിൽ ദുൽഖർ സൽമാൻ, ഹൃദ്യമായ കുറിപ്പ്

പങ്കാളി അമാലിന് വിവാഹവാർഷികാശംസകൾ നേർന്ന് നടൻ ദുൽഖർ സൽമാൻ. മനോഹരമായ കുറിപ്പും ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടാണ് ദുൽഖറിന്റെ ആശംസ. 14-ാം വിവാഹവാർഷികമാണ് ഇരുവരും ആഘോഷിക്കുന്നത്.
'14 വർഷം മുമ്പ് ഇന്ന്, രണ്ടുവ്യത്യസ്ത വീടുകളിൽനിന്നുള്ള വ്യത്യസ്ത വ്യക്തികളായ രണ്ടുപേർ, നവദമ്പതികളായി ഒരു വേദിയിൽ ഒരുമിച്ചു നിന്നു. പേടിയും പ്രത്യാശയോടും വരാനിരിക്കുന്നതിൽ ആവേശഭരിതരുമായി. ഇന്ന് ഞങ്ങൾ മനോഹരമായൊരു വീടും ജീവിതവും ഒന്നിച്ച് കെട്ടിപ്പടുത്തു, അതും ജീവിതത്തിലെ വലിയ അനുഗ്രഹത്തോടൊപ്പം. ഇപ്പോൾ ഞങ്ങൾ കരിയറിലും വീട്ടിലും തനിച്ചും കൂട്ടായും സ്വപ്നങ്ങളെ പിന്തുടരുകയാണ്', ദുൽഖർ കുറിച്ചു.
'നിന്റെ മറുപാതിയായതിൽ ഞാൻ അനുഗ്രഹീതനും നന്ദിയുള്ളവനും അഭിമാനമുള്ളവനുമാണ്. ലോകമനുവദിക്കുന്ന കാലത്തോളം നീയെന്റെ നല്ലപാതിയായിരിക്കും. എന്റെ പ്രാണന് 14-ാം വിവാഹവാർഷികാശംസകൾ. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു'- ദുൽഖർ കൂട്ടിച്ചേർത്തു.
2011 ഡിസംബർ 22-നാണ് ആർക്കിടെക്ടായ അമാലിനെ ദുൽഖർ വിവാഹംചെയ്തത്. 2017-ൽ ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചു.
Content Highlights: Dulquer Salmaan celebrates his 14th wedding anniversary with wife Amal