സുശാന്തിന്റെ മുൻമാനേജരുടെ മരണം: സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു; ആദിത്യ താക്കറെ പ്രതി

മുംബൈ: മരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മുൻ മാനേജർ ദിശ സാലിയന്റെ മരണത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ശിവസേനാ (ഉദ്ധവ് താക്കറെ) നേതാവും എം.എൽ.എയുമായ ആദിത്യ താക്കറെ, അഭിനേതാക്കളായ ഡിനോ മോറിയ, സൂരജ് പഞ്ചോളി, റിയ ചക്രവർത്തി എന്നിവരടക്കമുള്ളവരുടെ പേരുകൾ എഫ്.ഐ.ആറിലുണ്ട്. കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴാണ് നടപടി.
കൊലപാതകം, കൂട്ടബലാത്സംഗം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസിന്റെ ഗൂഢാലോചനയിലും തുടർന്നുള്ള തെളിവ് നശിപ്പിക്കലിലും അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും മകൻ ആദിത്യ താക്കറെയ്ക്കും പ്രധാന പങ്കുണ്ടെന്ന് എഫ്.ഐ.ആറിൽ ആരോപിക്കുന്നു. കേസ് ഫയലുകളും ഔദ്യോഗിക രേഖകളും നശിപ്പിക്കൽ, സർക്കാറിന്റെ പണവും പോലീസിനെയും ദുരുപയോഗം ചെയ്ത് കുറ്റവാളികളെ സംരക്ഷിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും സി.ബി.ഐ. ആവശ്യപ്പെടുന്നു
ആദിത്യ താക്കറെ, ഡിനോ മോറിയ, സൂരജ് പഞ്ചോളി, റിയ ചക്രവർത്തി, പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ, മറ്റ് ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കേണ്ടതുണ്ടെന്ന് എഫ്.ഐ.ആറിൽ പറയുന്നു. അന്വേഷണത്തിന് മുന്നോടിയായി ദിശാ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. മുംബൈ പോലീസിന് കത്തുനൽകിയിരുന്നു.
കഴിഞ്ഞ ആഴ്ച ദിശാ സാലിയന്റെ പിതാവ് സതീഷ് സാലിയൻ സി.ബി.ഐക്ക് മുൻപാകെ മൊഴി നൽകിയിരുന്നു. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മകനും ശിവസേന (യു.ബി.ടി) നേതാവുമായ ആദിത്യ താക്കറെ എന്നിവരുൾപ്പെടെയുള്ളവർക്ക് ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കലിലും പങ്കുണ്ടെന്ന് മൊഴിയിൽ അദ്ദേഹം ആരോപിച്ചിരുന്നു.
2020 ജൂൺ എട്ടിനാണ് ദിശാ സാലിയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈ മലാനിലെ കെട്ടിടത്തിന്റെ 14-ാം നിലയിൽനിന്ന് വീണു മരിച്ചുവെന്നാണ് പോലീസ് നിഗമനം. ദിവസങ്ങൾക്ക് ശേഷം സുശാന്ത് സിങ് രാജ്പുതിനെയും ബാന്ദ്രയിലെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്ന് മുംബൈ പോലീസ് അപകടമരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പോലീസിന്റെ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചതായി ആരോപിച്ച് ദിശയുടെ പിതാവ് നൽകിയ ഹർജിയിലാണ് സെപ്റ്റംബർ രണ്ടിന് ബോംബെ ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
നേരത്തെ ദിഷ സാലിയന്റേത് ആത്മഹത്യയാണെന്നാണ് പോലീസ് അവകാശപ്പെട്ടിരുന്നത്. എന്നാൽ മകൾ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയായിരുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ വർഷമാണ് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.
Content Highlights: CBI registers FIR in the Disha Salian death case following Bombay High Court directions. Shiv Sena (UBT) leader Aaditya Thackeray named as an accused alongside actors Dino Morea, Suraj Pancholi, and Rhea Chakraborty. Charges include murder, gang rape, criminal conspiracy, and destruction of evidence. FIR alleges involvement of former Maharashtra CM Uddhav Thackeray and Aaditya Thackeray in conspiracy and cover-up. Disha Salian was found dead on June 8, 2020, days before Sushant Singh Rajput's death.