ഫാന്റസി കഥാപാത്രങ്ങളുടെ യൂണിവേഴ്‌സ് പുതിയ രൂപത്തിൽ എത്തുമോ? നിർണായക വിവരം പങ്കുവെച്ച് വിനയൻ

വ്യത്യസ്തത നിറഞ്ഞ അത്ഭുതങ്ങൾ വെള്ളിത്തിരയിൽ കാണിച്ചുകൊണ്ട് സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച സംവിധായകനാണ് വിനയൻ. ഭയപ്പെടുത്തിയ ആകാശഗംഗയും ഉയരം കുറഞ്ഞവർ മാത്രം വസിക്കുന്ന സാങ്കൽപ്പിക ദ്വീപിന്റെ കഥ പറഞ്ഞ അത്ഭുതദ്വീപും അതിശയനുമെല്ലാം മലയാളികൾ ഇരുകൈയും നീട്ടിയാണ് ഏറ്റെടുത്തത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള നിർണായകമായ അപ്‌ഡേറ്റ് പങ്കുവെക്കുകയാണ് അദ്ദേഹം.
തന്റെ ഫാന്റസി കഥാപാത്രങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹം പങ്കുവെച്ചുകൊണ്ടാണ് വിനയൻ പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത്. 'വിനയന്റെ ഫാന്റസി കഥാപാത്രങ്ങളുടെ യൂണിവേഴ്‌സ് പുതിയ രൂപത്തിൽ എത്തുമോ?' എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ പലരും പങ്കുവെച്ചിരുന്നത്.
സോഷ്യൽ മീഡിയയിൽ കണ്ട ഇക്കാര്യം വളരെ ഇന്ററസ്റ്റിങ് ആയി തോന്നിയെന്ന് വിനയൻ പറഞ്ഞു. 'എന്റെ സിനിമകളിലൂടെ വന്ന ഫാന്റസി കഥാപാത്രങ്ങളെ പറ്റി നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത് ശ്രദ്ധിക്കാറുണ്ട്. സത്യം പറയട്ടെ. ഇതുപോലൊരു ഫാന്റസി സിനിമയുടെ പ്ലാനിംഗിലാണ്. പുതിയ ടെക്‌നോളജിയും ന്യൂജൻ ചിന്തകളും ക്രോഡീകരിച്ചുള്ള ആ സിനിമയുടെ ഷൂട്ടിംഗ് ജൂലൈയിൽ തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ്. വിശദവിവരം സുഹൃത്തുക്കളെ പിന്നാലെ അറിയിക്കാം.' -ഇതാണ് ഫെയ്‌സ്ബുക്കിൽ വിനയൻ കുറിച്ചത്.
പുതിയ ചിത്രത്തിന് ആശംസകൾ നേർന്ന് ഒട്ടേറെ പേരാണ് വിനയന്റെ പോസ്റ്റിൽ കമന്റുകളിട്ടത്. സമയമെടുത്താലും സൂപ്പറാക്കണം, അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നു, ടൈം ട്രാവൽ സിനിമ ചെയ്യൂ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
Content Highlights: Inspired by online fan theories, director Vinayan confirms plans for a new fantasy film. This upcoming project aims to merge his iconic cinematic style with modern technology, with filming expected to commence in July 2026.