മാഡി വിശ്വാസം അർപ്പിച്ചില്ലായിരുന്നെങ്കിൽ ഈ സംവിധായിക പിറവിക്കു മുമ്പേ മരിച്ചുപോയേനെ -സുധ കൊങ്കര

ഇരുധി സുട്ര് എന്ന ചിത്രത്തിൽ മാധവൻ, സംവിധായിക സുധ കൊങ്കര | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, മാതൃഭൂമി ആർക്കൈവ്സ്
ഇരുധി സുട്ര് എന്ന ചിത്രത്തിൽ മാധവൻ, സംവിധായിക സുധ കൊങ്കര | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, മാതൃഭൂമി ആർക്കൈവ്സ്

സുധാ കൊങ്കര തിരക്കഥയെഴുതി 2016-ൽ പുറത്തിറങ്ങി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു ഇരുധി സുട്ര്. മാധവനും റിതികാ സിം​ഗും പ്രധാനവേഷത്തിലെത്തിയ ചിത്രം സ്പോർട്സ് ഡ്രാമയായാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ തിരക്കഥാ രചനയിലുൾപ്പെടെ നേരിട്ട വെല്ലുവിളികളേക്കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് സുധ. നടൻ മാധവന്റെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് ഇരുധി സുട്ര് എന്ന ചിത്രം നടന്നതെന്ന് പറയുകയാണ് അവർ. ഒരു പരാജയപ്പെട്ട പെൺകുട്ടിയിൽ വിശ്വാസമർപ്പിച്ചതിന് മാധവനോട് നന്ദി പറയുകയാണെന്നും
ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ സുധാ കൊങ്കര പറഞ്ഞു.

സുധാ കൊങ്കരയുടെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്:

ഈ സിനിമാ യാത്രയേക്കുറിച്ച് ആലോചിക്കുകയാണ്. എന്റെ ആദ്യചിത്രമായ ദ്രോഹി പരാജയപ്പെട്ടു. മോശമായി എഴുതിയതുകൊണ്ടോ നന്നായി സംവിധാനം ചെയ്യാത്തതുകൊണ്ടോ എന്താണെന്ന് അറിയില്ല എന്തായാലും ആ അവസരത്തിൽ മികച്ച പ്രകടനം നടത്താൻ സാധിക്കാത്തതിൽ ഞാൻ ശരിക്കും ലജ്ജിക്കുന്നു. എന്നെന്നേക്കുമായി സിനിമ വിടാൻ തീരുമാനിച്ച സമയമായിരുന്നു അത്. 

മാഡി ഞാൻ നിങ്ങളുടെ വീട്ടിൽ വന്നു സാറ എന്ന് അന്ന് നമ്മൾ വിളിച്ചിരുന്ന സിനിമയുടെ ത്രെഡ് പറഞ്ഞത് ഓർക്കുന്നുണ്ടോ?  നിങ്ങൾ എന്നോട് പറഞ്ഞത് നീ മറ്റെല്ലാം ഉപേക്ഷിച്ച് ഇത് ചെയ്യുക, ഇതാണ് നിന്റെ കോളിങ് കാർഡ് എന്നാണ്. എല്ലാം ഉപേക്ഷിച്ച് ഇത് ചെയ്യുക എന്നുതന്നെ നിങ്ങൾ ഊന്നിപ്പറഞ്ഞുകൊണ്ടേയിരുന്നു. നിങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച പുതിയ ഊർജ്ജവുമായിട്ടാണ് ഞാൻ വീട്ടിലേക്ക് മടങ്ങിയത്. പിന്നീട് ഏഴുമാസം എടുത്ത് ഞാൻ സാറയുടെ കഥ എഴുതി. അത് നിങ്ങൾക്ക് ഇഷ്ടപ്പെടുകയും ഈ സിനിമ ചെയ്യാം എന്ന് നിങ്ങൾ സമ്മതിക്കുകയുമായിരുന്നു.

പിന്നീട് യുദ്ധം തുടങ്ങുകയായിരുന്നു. ഒരു നിർമാതാവും പണംമുടക്കാൻ തയ്യാറായില്ല. ഒരു നടിയും ഈ വേഷം ചെയ്യാൻ സമ്മതിച്ചില്ല. നമ്മൾ കഷ്ടപ്പെടുകയായിരുന്നു. ആ നാലുവർഷം നിങ്ങളോട് ഞാൻപറഞ്ഞത് കഥ ഞാൻ തരാം മറ്റൊരു സംവിധായകനെ കണ്ടെത്തിക്കൊള്ളൂ എന്നാണ്. ഞാൻ നിങ്ങളുടെ വെള്ളാനയാണെന്നും പറഞ്ഞിരുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങൾ കാരണം കുറച്ച് മാസത്തേക്ക് എനിക്ക് ഒരു അവധി എടുക്കേണ്ടി വന്നു.  നിങ്ങൾ ഈ സിനിമയുമായി മുന്നോട്ടു പോകൂ എന്ന് ഞാൻ പറഞ്ഞപ്പോൾ നിങ്ങൾ പറഞ്ഞത് ‘‘നീ ഇത് ചെയ്തില്ലെങ്കിൽ, ഞാൻ ആരുമായും ഈ സിനിമ ചെയ്യുന്നില്ല, ഈ സിനിമ പൂർണമായും നിങ്ങളാണ്’’ എന്നാണ്.

പിന്നീട് നമ്മൾ നേരിട്ടത് എണ്ണമറ്റ അഭിപ്രായപ്രകടനങ്ങളും വിമർശനങ്ങളുമാണ്.  സിനിമയുടെ പേര് ശരിയല്ല, മാറ്റണം, ആദ്യ രംഗം ധാർമികമല്ല, ഈ കഥാപാത്രത്തെ ആളുകൾ ഒരിക്കലും  ഇഷ്ടപ്പെടില്ല, അത് മാറ്റുക. വളരെയധികം മോശം ഡയലോഗുകൾ ഉണ്ട് അതെല്ലാം ഒഴിവാക്കുക. പ്രശസ്തയായ ഒരു നായികയെ കണ്ടെത്തുക, ഈ കഥ ചിലപ്പോൾ ഹിന്ദിയിൽ വിജയിച്ചേക്കാം പക്ഷെ തമിഴിൽ ദുരന്തമായിരിക്കും ഉറപ്പാണ് അങ്ങനെ അങ്ങനെ നിരവധി അഭിപ്രായങ്ങൾ കേൾക്കേണ്ടിവന്നു.

‘‘നീ ചെയ്യാൻ പോകുന്നത് ഒരു ഇതിഹാസമാണ് സുധ അത് ഒരിക്കലും മറക്കരുത്, നിന്റെ മനസ്സ് ശരിയെന്നു പറയുന്നതെല്ലാം ശരിയാണ്, ഞാൻ നിന്റെ ഒപ്പമുണ്ട്’’ എന്ന് നിങ്ങൾ മാത്രമാണ് പറഞ്ഞത്.  എന്റെ ആത്മാവിനെ പണയംവെയ്ക്കാനോ വിട്ടുവീഴ്ച ചെയ്യാനോ ഒരിക്കലും നിങ്ങൾ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. നിങ്ങളെപ്പോലെ തന്നെ നമ്മളോടൊപ്പം മറ്റൊരു മനുഷ്യൻ കൂടി തണലായി നിന്നു, നമ്മുടെ നിർമാതാവ്.

ഇന്ന് മഴ പോലും വകവയ്ക്കാതെ  മദിയെയും പ്രഭുവിനെയും പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകരെ കാണുമ്പോൾ എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ് "മാഡി, എന്റെ പ്രിയ സുഹൃത്തേ, ചിറകില്ലാതെ പറക്കാൻ എന്നെ പഠിപ്പിച്ചതിന് നന്ദി. എന്നെ അനിയന്ത്രിതമായി പറക്കാൻ അനുവദിച്ചതിന് നന്ദി ശശി. ഒരു പരാജയപ്പെട്ട സംവിധായികയായിട്ടുകൂടി ഈ പെൺകുട്ടിയിൽ വിശ്വാസം അർപ്പിച്ചതിന് നന്ദി. അല്ലെങ്കിൽ ഈ സംവിധായിക അവളുടെ പിറവിക്കു മുമ്പേ മരിച്ചുപോയേനെ.’’–സുധ കൊങ്കര പറഞ്ഞു.

Content Highlights: director sudha kongara's emotional note on actor r madhavan, irudhi suttru movie