ആയിരക്കണക്കിന് ഒറിഗാമികൾ; രാജമൗലിക്ക് ജാപ്പനീസ് ആരാധികയുടെ സ്നേഹസമ്മാനം

രാജമൗലി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ
രാജമൗലി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ

പുറത്തിറങ്ങി രണ്ടുവർഷമാവുമ്പോഴും ആർ.ആർ.ആർ എന്ന ചിത്രം അലയൊലികൾ തീർക്കുകയാണ്. ചിത്രത്തോടുള്ള ഇഷ്ടം പല രീതിയിലാണ് ആരാധകർ പ്രകടിപ്പിക്കുന്നത്. ഈയിടെ ജപ്പാനിൽവെച്ച് ഒരു ആരാധിക സംവിധായകൻ രാജമൗലിക്കും ഭാര്യ രമയ്ക്കും ഒരു സമ്മാനം നൽകി. അല്പം കൗതുകമുള്ള ആ സമ്മാനത്തേക്കുറിച്ചും അത് നൽകിയയാളേക്കുറിച്ചുമുള്ള രാജമൗലിയുടെ കുറിപ്പും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

ആർ.ആർ.ആറിന്റെ പ്രത്യേക പ്രദർശനത്തിനാണ് സംവിധായകൻ എസ്.എസ്.രാജമൗലിയും ഭാര്യ രമയും ജപ്പാനിലെത്തിയത്. ഈയവസരത്തിലാണ് 83 വയസുള്ള ഒരു ആരാധിക സംവിധായകനും ഭാര്യക്കും സമ്മാനവുമായെത്തിയത്. 1000 ഒറി​ഗാമി രൂപങ്ങൾ നൽകിയാണ് അവർ രാജമൗലിയോടുള്ള തന്റെ സ്നേഹം അറിയിച്ചത്. അതും കൊടുംതണുപ്പ് സഹിച്ച് ഏറെനേരം കാത്തുനിന്നശേഷം. സിനിമയുടെ പേരെഴുതിയ ടി ഷർട്ടാണ് വൃദ്ധ ധരിച്ചത്. താൻ ആർ ആർ ആർ സിനിമയുടെ ഫാൻ ആണെന്നും ജപ്പാനിലേക്ക് സ്വാ​ഗതം ചെയ്യുന്നുവെന്നും എഴുതിയ ഒരു കാർഡും വൃദ്ധ നൽകി.

"ജപ്പാനിൽ, പ്രിയപ്പെട്ടവർക്ക് ഭാഗ്യവും ആരോഗ്യവും ഉണ്ടാകാൻ അവർ ഒറിഗാമി ഉണ്ടാക്കി സമ്മാനിക്കുന്നു. 83 വയസുള്ള ഈ സ്ത്രീ ഞങ്ങളെ അനുഗ്രഹിക്കാൻ വേണ്ടി ആയിരക്കണക്കിന് ഒറി​ഗാമികൾ ഉണ്ടാക്കി. കാരണം അവർക്ക് ആർ ആർ ആർ ഒരുപാട് ഇഷ്ടമായി. അവർക്ക് ഒരുപാട് സന്തോഷം നൽകിയ സിനിമയാണത്. അവർ ഒരു സമ്മാനം തരാനായി ഞങ്ങൾ താമസിക്കുന്നിടത്ത് വന്ന് ആ തണുപ്പിൽ കാത്തിരിക്കുകയായിരുന്നു. ചില സ്നേഹത്തിന് പകരമായി എന്ത് നൽകിയാലും അത് മതിയാകില്ല." രാജമൗലിയുടെ വാക്കുകൾ.

രാംചരൺ, ജൂനിയർ എൻ.ടി.ആർ. എന്നിവരെ നായകരാക്കി എസ്.എസ് രാജമൗലി ഒരുക്കിയ ചിത്രമാണ് ആർ.ആർ.ആർ. ആലിയ ഭട്ട്, അജയ് ദേവ്ഗൺ, സമുദ്രക്കനി, റേ സ്റ്റീവൻസൺ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ​ഗാനത്തിന് ഓസ്കർ പുരസ്കാരം ലഭിച്ചിരുന്നു. സിനിമയുടെ രണ്ടാം ഭാ​ഗം ഉണ്ടാവുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

Content Highlights: director ss rajamouli received origami cranes from an 83 year old fan