വരാഹരൂപം ഗാനവിവാദം; പാട്ട് കോപ്പിയടിച്ചതല്ലെന്ന വാദവുമായി റിഷബ് ഷെട്ടി

ഋഷഭ് ഷെട്ടി, കാന്താരയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/rishab.shetty.9465/photos
ഋഷഭ് ഷെട്ടി, കാന്താരയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/rishab.shetty.9465/photos

കാന്താരയിലെ 'വരാഹരൂപം' എന്ന ഗാനത്തിനെതിരെ ഉയര്‍ന്ന കോപ്പിയടി വാദം തള്ളി ചിത്രത്തിലെ നായകനും സംവിധായകനുമായ റിഷഭ് ഷെട്ടി. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് താരത്തിന്റെ പ്രതികരണം. കാന്താരയിലെ വരാഹരൂപം എന്ന ഗാനം തങ്ങളുടെ 'നവരസം' എന്ന ഗാനത്തിന്റെ ടൈറ്റില്‍ ഗാനത്തിന്റെ കോപ്പിയടിയാണെന്ന് ആരോപിച്ച് തൈക്കുടം ബ്രിഡ്ജ് നിയമനടപടി സ്വീകരിച്ചിരുന്നു.

കാന്താരയിലെ ഗാനം കോപ്പിയടിച്ചതല്ലെന്നും അവരുന്നയിച്ച പരാതിക്കെതിരെ പ്രൊഡക്ഷന്‍ ഹൗസ് വേണ്ട നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും റിഷഭ് ഷെട്ടി വ്യക്തമാക്കി. വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നടത്താന്‍ താരം തയാറായില്ല. 

കാന്താര മലയാളത്തില്‍ ഡബ്ബ് ചെയ്ത് പുറത്തിറക്കാന്‍ മുന്‍കൈയെടുത്ത പൃഥ്വിരാജിനും റിഷഭ് ഷെട്ടി നന്ദി പറഞ്ഞു. ചിത്രം കണ്ട ശേഷം പൃഥ്വിരാജ് അഭിനന്ദിച്ചുവെന്നും റിലീസിന് മുന്‍ കണ്ടിരുന്നെങ്കില്‍ കാന്താര പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാന്‍ ആവശ്യപ്പെട്ടേനെ എന്ന് അദ്ദേഹം പറഞ്ഞുവെന്നും റിഷഭ് കൂട്ടിച്ചേര്‍ത്തു. 

അതേസമയം, കോപ്പിയടി ആരോപണത്തില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഇടപെടല്‍ നടത്തിയിട്ടുണ്ട്. കന്താരയിലെ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ഉപയോഗിക്കാനാവില്ലെന്ന് കോടതി ഉത്തരവിട്ടു.  

കന്താര ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും ഗാനം സ്ട്രീം ചെയ്യുന്ന ഓണ്‍ലൈന്‍ പ്ലാറ്റഫോമുകളായ ആമസോണ്‍, യൂട്യൂബ്, സ്പോട്ടിഫൈ, വിങ്ക്, ജിയോസാവന്‍ എന്നിവയെയാണ് ഈ ഗാനം ഉപയോഗിക്കുന്നതില്‍ നിന്ന് കോടതി വിലക്കിയത്. തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ തൈക്കൂടം ബ്രിഡ്ജ് തന്നെയാണ് ഇക്കാര്യമറിയിച്ചത്. തൈക്കൂടം ബ്രിഡ്ജ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. സുപ്രീംകോടതി അഭിഭാഷകന്‍ സതീഷ് മൂര്‍ത്തിയാണ് തൈക്കൂടം ബ്രിഡ്ജിനുവേണ്ടി കോടതിയില്‍ ഹാജരായത്. 

Content Highlights: director rishab shetty about kanthara song controversy