ലൈംഗികാതിക്രമ കേസിൽ രഞ്ജിത്തിനെതിരെ തെളിവുകളുണ്ട്; അന്വേഷണം പൂർത്തിയായെന്ന് SIT

#മാതൃഭൂമി ന്യൂസ്
രഞ്ജിത്ത് | ഫോട്ടോ: ബിജു വർ​ഗീസ് ‌\ മാതൃഭൂമി
രഞ്ജിത്ത് | ഫോട്ടോ: ബിജു വർ​ഗീസ് ‌\ മാതൃഭൂമി

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം പൂർത്തിയായെന്ന് പ്രത്യേക അന്വേഷണ സംഘം. രഞ്ജിത് ലൈംഗികാതിക്രമം നടത്തിയെന്നതിന് തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയ എസ്ഐടി നടൻ ബോബി കുര്യനുൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകി. രഞ്ജിത്തിനെ ഒളിവിൽ പോകാൻ ബോബി കുര്യൻ സഹായിച്ചു എന്നതിന് തെളിവില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.

രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് എല്ലാവരേയും ചോദ്യം ചെയ്തു. ഇന്റേണൽ കമ്മിറ്റി അംഗങ്ങൾ, സെറ്റിലുണ്ടായിരുന്നവർ എന്നിവരും ചോദ്യം ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു. കുറ്റപത്രം തയ്യാറാക്കുന്നതിലേക്ക് കടക്കുകയാണെന്നും എസ്ഐടി അറിയിച്ചു. രഞ്ജിത്തിനെതിരെ വ്യക്തമായ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് നടൻ ബോബി കുര്യനെ പോലീസ് ചോദ്യം ചെയ്തിരുന്നു. സംഭവം നടന്നതിനുശേഷം രഞ്ജിത്തിനെ രക്ഷപ്പെടാൻ സഹായിച്ചത് ഹബോബി കുര്യനാണ് എന്ന് ആരോപണമുയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഹാർബറിങ് വകുപ്പുകൾ ചുമത്തുന്നതിന്റെ സാധ്യതകൾ പോലീസ് അന്വേഷിച്ചിരുന്നു. എന്നാൽ മനഃപൂർവമുള്ള സഹായം ബോബി കുര്യൻ ഉൾപ്പെടെയുള്ളവരിൽ നിന്നുണ്ടായിട്ടില്ലെന്നാണ് പോലീസ് വിലയിരുത്തൽ. ഇവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തില്ല. ജാമ്യവ്യവസ്ഥയിൽ ഇളവുവേണമെന്നാവശ്യപ്പെട്ട് രഞ്ജിത് കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം.

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയെ തുടർന്ന് മാർച്ച് 31-നാണ് സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലാകുന്നത്. ചിത്രീകരണം നടക്കുന്ന സിനിമയുടെ സെറ്റിലെ കാരവാനിൽ വെച്ച് മോശമായി പെരുമാറിയെന്നാണ് കേസ്. ജനുവരി 30-നാണ് കേസിന്‌ ആസ്പദമായ സംഭവമുണ്ടായത്. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നാണ് സബ് ജയിലിൽ എത്തിച്ചപ്പോൾ രഞ്ജിത്ത് പ്രതികരിച്ചത്.

Content Highlights: SIT confirms sufficient evidence against director Ranjith., Bobby Kurian cleared of harboring charges., Investigation covers testimonies from internal committee and set members., Charge sheet preparation is currently underway., Incident occurred on January 30, 2026, leading to March 31 arrest.