'വിതരണക്കാർ കുടുംബത്തെ അപായപ്പെടുത്തുമോ എന്ന് ഭയമുണ്ട്'; പോലീസ് സംരക്ഷണം തേടി ലൈഗർ സംവിധായകൻ

ഏറെ പ്രതീക്ഷയോടെ എത്തിയ ശേഷം ബോക്സോഫീസിൽ വമ്പൻ പരാജയമായി മാറിയ ചിത്രമാണ് വിജയ് ദേവരകൊണ്ട നായകനായെത്തിയ ലെെഗർ. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ഈ സ്പോർട്സ് ആക്ഷൻ ത്രില്ലറിൽ അതിഥി താരമായി ഇതിഹാസ താരം മൈക്ക് ടൈസണും എത്തിയിരുന്നു.
ചിത്രം പരാജയപ്പെട്ടതിന് പിന്നാലെ സംവിധായകന് നേരെ വിതരണക്കാരുടെ ഭാഗത്തുനിന്നും ഭീഷണികൾ ഉയർന്നിരുന്നു. ഇപ്പോഴിതാ തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് പുരി ജഗന്നാഥ് പോലീസിൽ പരാതി നൽകുകയും സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. തങ്ങൾക്കുണ്ടായ നഷ്ടം നികത്തണമെന്നാണ് വിതരണക്കാരുടെ ആവശ്യം. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ് പുരി ജഗന്നാഥ്.
സംവിധായകന്റെ ഹെെദരാബാദിലെ വീടിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനും വിതരണക്കാർ ലക്ഷ്യമിടുന്നുണ്ട്. നിലവിൽ മുംബെെയിലാണ് പുരി ജഗന്നാഥ് താമസിക്കുന്നത്.
കരാർ പ്രകാരമുള്ള പണം താൻ മുഖ്യ വിതരണക്കാരനായ വാരങ്കൽ ശ്രീനു കൊടുത്തുവെന്നാണ് പോലീസിന് നൽകിയ പരാതിയിൽ ജഗന്നാഥ് പറയുന്നത്. ഇയാൾ സഹ വിതരണക്കാർക്ക് പണം നൽകിയില്ലെന്നും ഇവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ജഗന്നാഥ് വ്യക്തമാക്കി. തന്റെ കുടുംബത്തിനെ അപായപ്പെടുത്താൻ ശ്രീനു ശ്രമിക്കുമെന്ന ഭയവും സംവിധായകൻ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
വിജയ് ദേവരകൊണ്ടയെക്കൂടാതെ അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ ലെെഗർ ആദ്യ ദിനം 25 കോടിയോളം ആഗോളതലത്തിൽ നേടിയിരുന്നു. എന്നാൽ ആദ്യ ദിനം മുതൽക്കേ നെഗറ്റീവ് റിവ്യൂ വരാൻ തുടങ്ങിയതോടെ ചിത്രം ബോക്സോഫീസിൽ തകർന്നടിയുകയായിരുന്നു.
Content Highlights: Puri Jagannadh seeks police protection after threats from distributors