'അന്ന് ആ ഹൃദയം ഒരു നിമിഷം ഘനീഭവിച്ചു, എസ്.പി വെങ്കടേഷിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി'

തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രമാണ് സ്ഫടികം. 28 വർഷങ്ങൾക്കുശേഷം 2023 ഫെബ്രുവരിയിൽ ഈ ചിത്രം തിയേറ്ററിൽ റീ റിലീസ് ചെയ്തിരുന്നു. അന്ന് സംഗീത സംവിധായകൻ എസ്പി വെങ്കടേഷിനെ കുറിച്ച് ഹൃദയം നിറയ്ക്കുന്ന ഒരു കുറിപ്പും ചിത്രവുമാണ് സംവിധായകൻ ഭദ്രൻ പങ്കുവെച്ചത്. സിനിമയുടെ റീ മാസ്റ്ററിങ് ജോലികൾക്കിടയിൽ ഭദ്രന്റെ മനസിലുടക്കിയതായിരുന്നു വെങ്കടേഷിന്റെ ആ ചിത്രം.
'എന്റേയും കണ്ണ് നിറയിച്ച നിമിഷമായിരുന്നു അത്. യാദൃശ്ചികമായി ക്യാമറയിൽ പെട്ട ഈ ചിത്രം ഞാൻ എന്നും സൂക്ഷിക്കും. എത്രയോ പ്രാവശ്യം കണ്ട് സംഗീതം ചെയ്ത ഈ സിനിമ ഒരിക്കൽ കൂടി 4K അറ്റ്മോസിന് വേണ്ടി സംഘർഷ ഭരിതമായ സീനുകളിലൂടെ മ്യൂസിക് ചെയ്തു കൊണ്ടിരിക്കുമ്പോൾ ആ ഹൃദയം ഒരു നിമിഷം ഘനീഭവിച്ചു. ആ കണ്ണുകൾ നിറഞ്ഞു ഒഴുകി. ഇതിന്റെ അപാരമായ ബാക്ഗ്രൗണ്ട് സ്‌കോറും ഇതിലെ പാട്ടുകളും ഈ സിനിമയെ എത്രമാത്രം സഹായിച്ചു എന്ന് എത്ര വാക്കുകൾ ചേർത്ത് പറഞ്ഞാലും മതിയാവില്ല. എന്റെ ഹൃദയത്തിൽ നിന്നും എന്നും എസ്.പിക്ക് സൂക്ഷിക്കാൻ ഒരു കുതിരപ്പവൻ''-ഭദ്രൻ അന്ന് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
സിനിമയ്ക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത് എസ്.പി വെങ്കടേഷായിരുന്നു. കെ.എസ് ചിത്രയും മോഹൻലാലും ചേർന്ന് പാടിയ ഏഴിമല പൂഞ്ചോല, കെ.എസ് ചിത്ര പാടിയ പരുമല ചെരുവിലെ, എം.ജി ശ്രീകുമാർ പാടിയ ഓർമകൾ ഓടക്കുഴലൂതി...തുടങ്ങിയ പാട്ടുകൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുകയും ചെയ്തു. കെ.എസ് ചിത്രയുടെ പതിവുശൈലിയിൽ നിന്ന് വ്യത്യസ്തമായ പാട്ടുകൾ നൽകി എസ്.പി വെങ്കടേഷ് സ്ഫടികത്തിലൂടെ ഒരു പരീക്ഷണവും നടത്തി.
Content Highlights: director bhadrans facebook post about music director sp venkatesh