‘പോർമുഖത്തുനിന്ന് പടവെട്ടിയവനെ വനവാസത്തിന് വിടരുത്’; സതീശനെ പിന്തുണച്ച് സംവിധായകൻ ഭദ്രൻ

നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളിൽ തന്റെ നിലപാട് തുറന്നുപറഞ്ഞ് സംവിധായകൻ ഭദ്രൻ. വി.ഡി. സതീശനെയാണ് ജനം ഇപ്പോഴത്തെ സാഹചര്യത്തിൽ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം സോഷ്യൽ മീഡിയാ പോസ്റ്റിൽ പറഞ്ഞു. അർഹനായവനെ അനർഹനാക്കരുത്. അല്ലാത്തപക്ഷം അതൊരു വലിയ രാഷ്ട്രീയ വിഢിത്തമായിത്തീരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"ഹൈ കമാൻഡിനോട് ഒരു അഭ്യർത്ഥന, പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺഗ്രസ് തന്നെ വനവാസത്തിന് വിടരുതേ! അത് ഉണ്ടാക്കുന്ന ആഘാതം, ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലാവും.
രമേശിന്റേയും കെ.സി. വേണുഗോപാലിന്റെയും മികവുകൾക്കു നേരെ കണ്ണിറുക്കുകയല്ല. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ്സിനെ ജയിപ്പിച്ച ജനം, വി.ഡി. സതീശനെ തന്നെയാണ് മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയണം. അർഹനായവനെ അനർഹനാക്കരുത് ! അത് വലിയ ഒരു പൊളിറ്റിക്കൽ ബ്ലണ്ടർ ആയി തീരും ! സ്നേഹത്തോടെ, ഭദ്രൻ." അദ്ദേഹം എഴുതി.
നിലവിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല കോൺഗ്രസ് ഹൈക്കമാൻഡിലേക്ക് എത്തിയിരിക്കുകയാണ്. കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ ചുമതലപ്പെടുത്തിക്കൊണ്ട് കോൺഗ്രസ് നിയമസഭാകക്ഷിയോഗം പ്രമേയം പാസാക്കിയിരുന്നു.
വ്യാഴാഴ്ച കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അവതരിപ്പിച്ച ഒറ്റവരി പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്താങ്ങി. ഹൈക്കമാൻഡ് നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും യോഗത്തിൽ സന്നിഹിതരായിരുന്നു.
Content Highlights: Renowned director Bhadran took to social media to urge the Congress High Command not to sideline V.D. Satheesan, who led the party from the front in the "battlefield."