പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം; മമ്മൂട്ടിയേക്കുറിച്ച് ഭദ്രൻ

ഭദ്രൻ, ഭീഷ്മപർവത്തിൽ നിന്നൊരു രം​ഗം
ഭദ്രൻ, ഭീഷ്മപർവത്തിൽ നിന്നൊരു രം​ഗം

പുറത്തിറങ്ങിയതുമുതൽ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയ ചിത്രമായിരുന്നു മമ്മൂട്ടി-അമൽനീരദ് കൂട്ടുകെട്ടിന്റെ ഭീഷ്മപർവം. ഒ.ടി.ടിയിലും ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു കിട്ടിയത്. ഇപ്പോൾ ചിത്രത്തേയും മമ്മൂട്ടിയേയും അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഭദ്രൻ. 

ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഭദ്രൻ ചിത്രത്തേക്കുറിച്ച് എഴുതിയിരിക്കുന്നത്. പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം എന്നാണ് അദ്ദേഹം മമ്മൂട്ടിയുടെ പ്രകടനത്തേക്കുറിച്ച് പറഞ്ഞത്. 

ലോകാരംഭം മുതൽ ലോകാവസാനം വരെ ഈ കുടിപ്പക  ആവർത്തിച്ച് കൊണ്ടേ ഇരിക്കും. അത് കൊണ്ട് തന്നെ ഈ പ്രമേയം വെറും ഒരു പഴംതുണി ആണെന്ന് പറയുക വയ്യ. മൊഴികളിലെ  അർഥം ഗ്രഹിച്ച് ഔട്ട്‌സ്പോക്കൺ ആവാതെ, പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം കാണുമ്പോൾ മമ്മൂട്ടിക്ക് തള്ളവിരൽ അകത്ത് മടക്കി ഒരു സല്യൂട്ട്. അദ്ദേഹം കുറിച്ചു.

സംവിധായകനും ദേവദത്ത് ഷാജിയും ചേർന്നായിരുന്നു ഭീഷ്മപർവത്തിന്റെ തിരക്കഥ. നായകന്റെ ചാമ്പിക്കോ എന്ന സംഭാഷണശകലം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സുഷിൻ ശ്യാം ഒരുക്കിയ ​ഗാനങ്ങളും പശ്ചാത്തലസം​ഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

Content Highlights: director bhadran mattel praising mammootty and bheeshma parvam movie