‘വിമർശനമെന്ന പേരിൽ സിനിമകളെ പരിഹസിക്കുന്നു’; മുഖ്യമന്ത്രിയെ കണ്ട് ‘പൊങ്കാല’ സംവിധായകൻ എ.ബി. ബിനിൽ

മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ച് സംവിധായകൻ എ.ബി. ബിനിൽ. സിനിമയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ആശങ്കകൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചെന്നും അദ്ദേഹം അക്കാര്യങ്ങളെല്ലാം ശ്രദ്ധയോടെ കേട്ടെന്നും ബിനിൽ പറഞ്ഞു. താൻ സംവിധാനം ചെയ്ത പൊങ്കാല എന്ന ചിത്രം തീയറ്ററിൽ റിലീസ് ചെയ്തപ്പോൾ കടുത്ത പരിഹാസം നേരിട്ടിരുന്നു. എന്നാൽ, ചിത്രം OTT റിലീസ് ചെയ്തപ്പോൾ മികച്ച പ്രതികരണമാണ് രണ്ടാഴ്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നത്.
വിമർശനത്തിന്റെ പേരിൽ സിനിമകളെ പരിഹസിക്കുകയും അപമാനിക്കുകയും പൊതുജനങ്ങൾക്ക് മുന്നിൽ മുൻകൂട്ടി വിധിയെഴുതുകയും ചെയ്യുന്ന പ്രവണതയെക്കുറിച്ച് ഗൗരവമായ ചർച്ചകൾ അനിവാര്യമാണ്. മലയാള സിനിമയുടെ ആരോഗ്യകരമായ വളർച്ചയ്ക്കും ഉത്തരവാദിത്തമുള്ള റിവ്യൂ സംസ്കാരത്തിനും ആവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബിനിൽ കൂട്ടിച്ചേർത്തു.
എ,ബി. ബിനിലിന്റെ സോഷ്യൽ മീഡിയാ കുറിപ്പ് ഇങ്ങനെ:
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. വി ഡി സതീശൻ സാറിനെ ഇന്ന് നേരിൽ കാണാൻ അവസരം ലഭിച്ചു. മലയാള സിനിമാ വ്യവസായം ഇന്ന് നേരിടുന്ന ചില ഗുരുതര വെല്ലുവിളികളും, ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ആശങ്കകളും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ കഴിഞ്ഞു. ക്ഷമയോടെ കേൾക്കുകയും വിഷയത്തിന് പ്രാധാന്യം നൽകുകയും ചെയ്ത അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി.
ഈ കൂടിക്കാഴ്ചയിൽ ഞാൻ ഒരു വ്യക്തിപരമായ അനുഭവവും പങ്കുവെച്ചു. എന്റെ സിനിമയായ "പൊങ്കാല" തീയറ്റർ റിലീസിനിടെ കടുത്ത നെഗറ്റീവ് റിവ്യൂകളും പരിഹാസങ്ങളും നേരിട്ടിരുന്നു. എന്നാൽ ഇന്ന് അതേ സിനിമ Amazon Prime Video-യിൽ ഇന്ത്യയിലെ ആക്ഷൻ സിനിമകളിൽ 9-ാം സ്ഥാനത്ത് രണ്ട് ആഴ്ചയായി നിലകൊള്ളുകയാണ്. ഇത് ഒരു സിനിമയുടെ യഥാർത്ഥ മൂല്യം പലപ്പോഴും ആദ്യ ദിവസങ്ങളിലെ സോഷ്യൽ മീഡിയ വിധികളിലൂടെ മാത്രം നിർണയിക്കപ്പെടുന്നില്ലെന്ന് തെളിയിക്കുന്നു.
വിമർശനത്തെ ഞാൻ എതിർക്കുന്നില്ല. വിമർശനം കലയുടെ വളർച്ചയ്ക്ക് ആവശ്യമാണ്. പക്ഷേ വിമർശനത്തിന്റെ പേരിൽ സിനിമകളെ പരിഹസിക്കുകയും അപമാനിക്കുകയും പൊതുജനങ്ങൾക്ക് മുന്നിൽ മുൻകൂട്ടി വിധിയെഴുതുകയും ചെയ്യുന്ന പ്രവണതയെക്കുറിച്ച് ഗൗരവമായ ചർച്ചകൾ അനിവാര്യമാണ്.
ഒരു സിനിമയുടെ പിന്നിൽ നൂറുകണക്കിന് തൊഴിലാളികളും കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷകളും ഉണ്ടെന്ന കാര്യം നമ്മൾ മറക്കരുത്.
മലയാള സിനിമയുടെ ആരോഗ്യകരമായ വളർച്ചയ്ക്കും ഉത്തരവാദിത്തമുള്ള റിവ്യൂ സംസ്കാരത്തിനും ആവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് ഞാൻ മടങ്ങുന്നത്.
Content Highlights: Director AB Binil met with Kerala Chief Minister VD Satheesan to highlight the concerns of cinema workers and the damaging impact of malicious review-bombing, citing how his movie Pongala successfully trended on Amazon Prime despite initial theatre mockery.