അഞ്ച് മണിക്കൂർനീണ്ട ചർച്ച; സിനിമാലോകത്ത് ചർച്ചയായി പ്രഭാസ് - ദിൻജിത്ത് കൂടിക്കാഴ്ച

മലയാള സിനിമയിൽ വേറിട്ട ദൃശ്യഭാഷയിലൂടെ ശ്രദ്ധേയനായ സംവിധായകനും ഇന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാർ പ്രഭാസും കൈകോർക്കാൻ സാധ്യത. 'കിഷ്‌കിന്ധാ കാണ്ഡം', 'എക്കോ' എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ തിരക്കഥാ ഘടനയിലും മേക്കിങ്ങിലും പുതിയ ബെഞ്ച്മാർക്കുകൾ സൃഷ്ടിച്ച സംവിധായകൻ ദിൻജിത്ത് അയ്യത്താൻ പ്രഭാസുമായി നടത്തിയ കൂടിക്കാഴ്ച സിനിമാ പ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഇന്ത്യൻ സിനിമയിൽ തന്നെ മലയാളത്തിന്റെ യശസ്സ് ഉയർത്തിയ ഈ ചിത്രങ്ങളുടെ ക്രാഫ്റ്റിൽ ആകൃഷ്ടനായാണ് പ്രഭാസ് ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് മുൻകൈ എടുത്തതെന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയയിൽ ദിൻജിത്ത് അയ്യത്താൻ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
കേവലം ഒരു സൗഹൃദ സന്ദർശനത്തിനപ്പുറം അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന ഗൗരവകരമായ സിനിമാ ചർച്ചകളാണ് ഇരുവരും തമ്മിൽ നടന്നത്. കിഷ്‌കിന്ധാ കാണ്ഡം പോലെ കണ്ടന്റിന് മുൻഗണന നൽകുന്നതും അതേസമയം പ്രേക്ഷകർക്ക് വലിയ സിനിമാറ്റിക് ഹൈ സമ്മാനിക്കുന്നതുമായ പ്രോജക്റ്റുകളിൽ അഭിനയിക്കാനുള്ള തന്റെ താൽപ്പര്യം പ്രഭാസ് ദിൻജിത്തിനോട് പങ്കുവെച്ചതായാണ് വിവരങ്ങൾ. മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകർക്കും കഥപറച്ചിൽ രീതിക്കും പാൻ ഇന്ത്യൻ തലത്തിൽ ലഭിക്കുന്ന വലിയ അംഗീകാരത്തിന്റെ സൂചന കൂടിയാണ് ഈ കൂടിക്കാഴ്ച.
അതിഥികളെ സ്വീകരിക്കുന്നതിൽ ഏറെ പ്രശസ്തനായ പ്രഭാസ്, തനതായ ശൈലിയിലുള്ള വിരുന്നൊരുക്കിയാണ് ദിൻജിത്തിനെ വരവേറ്റത്. നാല് വ്യത്യസ്ത തരം ബിരിയാണികൾ ഒരുക്കി നടത്തിയ ഈ സ്വീകരണത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ചെമ്മീൻ ബിരിയാണിയായിരുന്നു എന്ന് ദിൻജിത്ത് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. രാത്രി വരെ നീണ്ടുനിന്ന ഈ ചർച്ചകളിൽ പ്രഭാസിനൊപ്പം ഹോംബാലെ ഫിലിംസിന്റെ വിജയ് കിരഗന്ദൂർ, കെ.ജി.എഫ് സംവിധായകൻ പ്രശാന്ത് നീൽ എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു എന്നത് ചർച്ചകളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ഹോംബാലെ ഫിലിംസുമായി ചേർന്ന് പ്രഭാസും പ്രശാന്ത് നീലും ഒരുക്കുന്ന പുതിയ പ്രോജക്റ്റിൽ ദിൻജിത്തിന്റെ സഹകരണം ഉണ്ടാകുമോ അതോ പ്രഭാസിനെ നായകനാക്കി ദിൻജിത്ത് ഒരു സ്വതന്ത്ര ചിത്രം ഒരുക്കുമോ എന്ന ആകാംക്ഷയിലാണ് ഇപ്പോൾ സിനിമാ ലോകം. മലയാളത്തിലെ ബുദ്ധിപരമായ തിരക്കഥകളും തെലുങ്കിലെ ബ്രഹ്‌മാണ്ഡ നിർമ്മാണ രീതികളും ഒന്നിക്കുമ്പോൾ അത് ഇന്ത്യൻ സിനിമയിൽ തന്നെ പുതിയൊരു ചരിത്രമാകുമെന്ന് ഉറപ്പാണ്. അഞ്ച് മണിക്കൂർ നീണ്ട ഈ ആഴത്തിലുള്ള ചർച്ചകൾ വെറുതെയാവില്ലെന്നും ഉടൻ തന്നെ ഒരു വലിയ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് ആരാധകർ പ്രത്യാശിക്കുന്നത്.
Content Highlights: Dinjith Ayyathan met Prabhas for a 5-hour creative discussion., The meeting suggests a potential collaboration between the Malayalam director and the Pan-Indian star., Presence of Hombale Films' Vijay Kiragandur and Prashanth Neel indicates a high-budget project., Prabhas expressed interest in content-driven films with high cinematic value.