ദേശവിരുദ്ധശക്തികൾ ദുരുപയോഗം ചെയ്തേക്കും; റിലീസ് ചെയ്ത് 2 ദിവസത്തിനുള്ളിൽ സ്ട്രീമിങ് നിർത്തി സത്‌ലജ്

മൂന്നുവർഷത്തെ കാത്തിരിപ്പിനും നിയമപോരാട്ടങ്ങൾക്കും ശേഷം
ഒ.ടി.ടി പ്ലാറ്റ്ഫോമായ സീ 5 ൽ റിലീസ് ചെയ്ത സത്‌ലജ് എന്ന ചിത്രത്തിന്റെ സ്ട്രീമിങ് നിർത്തിവെച്ചു. സെൻസർ ബോർഡുമായുള്ള പോരാട്ടങ്ങൾക്കൊടുവിൽ ജൂലായ് 3-നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കെയാണ് ഈ നാടകീയ നീക്കം.
"നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ" ചിത്രം ഇന്ത്യയിൽ ഇനി മുതൽ ലഭ്യമാകില്ലെന്ന് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ZEE5 അറിയിച്ചു. ചിത്രത്തിലെ ചിലഭാഗങ്ങൾ ദേശവിരുദ്ധ ശക്തികൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് സിനിമ നീക്കംചെയ്യാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നെന്നാണ് റിപ്പോർട്ട്.
ദിൽജിത് ദോസാഞ്ച് നായകനായ ഈ ചിത്രത്തിന് 'പഞ്ചാബ് 95' എന്നാണ് ആദ്യം പേരിട്ടിരുന്നത്. ചിത്രം 2022-ൽ സെൻസർ ബോർഡിന് സമർപ്പിച്ചപ്പോൾ 127 വെട്ടലുകളും പേരുമാറ്റവും ബോർഡ് നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശങ്ങൾ ബോംബെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടെങ്കിലും പിന്നീട് കേസ് പിൻവലിച്ചു. സെൻസർ ബോർഡിന്റെ കർശനമായ നിയന്ത്രണങ്ങൾ ഒഴിവാക്കാനാണ് വെട്ടലുകൾ ഇല്ലാത്ത പതിപ്പ് 'സത്‌ലജ്' എന്ന പേരിൽ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തിച്ചത്. തങ്ങൾ ഉദ്ദേശിച്ച രീതിയിലുള്ള പൂർണ്ണരൂപമാണ് ഒടിടിയിൽ റിലീസ് ചെയ്തതെന്നാണ് സംവിധായകൻ ഹണി ട്രെഹാന്റെ അഭിപ്രായപ്പെട്ടത്.
ഇന്ത്യയിൽ ചിത്രം തടഞ്ഞെങ്കിലും, വിദേശ രാജ്യങ്ങളിൽ 'ZEE5 ഗ്ലോബൽ' വഴി ചിത്രം ഇപ്പോഴും ലഭ്യമാണ്. ഇന്ത്യയിൽ നിന്ന് സിനിമ പെട്ടെന്ന് നീക്കം ചെയ്തത് തന്നെ ഞെട്ടിച്ചുവെന്നും ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലെന്നും സംവിധായകൻ ഹണി ട്രെഹാൻ പറഞ്ഞു. സിനിമയുടെ ക്രിയേറ്റീവ് വിഷനൊപ്പം തങ്ങൾ ഉറച്ചുനിൽക്കുന്നുവെന്നും, നിയമപരമായ നടപടികളിലൂടെ ചിത്രം എത്രയും വേഗം തിരികെ കൊണ്ടുവരാൻ ശ്രമിക്കുമെന്നുമാണ് ZEE5 പ്രസ്താവനയിൽ വ്യക്തമാക്കിയത്. ചിത്രം നീക്കം ചെയ്യപ്പെടുമെന്ന ഭയം നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്ന് നായകൻ ദിൽജിത് ദോസഞ്ച് ഒരു സോഷ്യൽ മീഡിയ ലൈവിനിടെ സൂചിപ്പിച്ചിരുന്നു. അതിനാൽ ആരാധകർ അത് ഡൗൺലോഡ് ചെയ്ത് വെക്കണമെന്നും അദ്ദേഹം അന്ന് ആവശ്യപ്പെട്ടിരുന്നു.
പഞ്ചാബിലെ തീവ്രവാദവിരുദ്ധ നീക്കങ്ങൾക്കിടയിൽ സംസ്ഥാന പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെയും അടിച്ചമർത്തലുകളെയും കുറിച്ചാണ് ചിത്രം പറയുന്നത്. 2023 ൽ ടൊറോന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്ന സിനിമയാണിത്.
സിഖ് മനുഷ്യാവകാശ പ്രവർത്തകനായിരുന്ന ജസ്വന്ത് സിങ് ഖൽറയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്. ദിൽജിത് ദോസാഞ്ചിനെ കൂടാതെ അർജുൻ രാംപാൽ, കൻവാൾജിത് സിങ്, സുവിന്ദർ വിക്കി, ഗീതിക വിദ്യ ഓല്യൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഹണി ട്രഹാൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.
Content Highlights: In a dramatic and highly controversial development just three days after its long-awaited premiere, streaming giant ZEE5 has abruptly halted the streaming of its new Hindi-Punjabi film Satluj (originally titled Punjab 95) in India. Starring Diljit Dosanjh, the film dropped on the platform on July 3, 2026, following a grueling three-year legal battle with the censor board. However, citing "current developments" and intervention from authorities over security concerns, the movie has been pulled from the Indian market.