‘ഞാൻ കോളേജിൽ പഠിക്കുമ്പോളും കലോത്സവം ഉദ്ഘാടനംചെയ്യാൻ വന്നത് ചാക്കോച്ചൻ’; ട്രോളുമായി ദിലീഷ് പോത്തൻ

#മൂവി ഡെസ്ക്
കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ |  ഫോട്ടോ: ജെയ്‌വിന്‍ ടി. സേവ്യര്‍, പി. ജയേഷ് \ മാതൃഭൂമി
കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ | ഫോട്ടോ: ജെയ്‌വിന്‍ ടി. സേവ്യര്‍, പി. ജയേഷ് \ മാതൃഭൂമി

കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് ഒരു ദുരൂഹസാഹചര്യത്തിൽ. വിഷു റിലീസായെത്തിയ ചിത്രത്തിന്റെ പ്രചാരണത്തിനിടെ ഒരു ചടങ്ങിൽ വെച്ച് കുഞ്ചാക്കോ ബോബനെക്കുറിച്ച് ദിലീഷ് പോത്തൻ പറഞ്ഞ രസകരമായൊരു കാര്യം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താൻ 30 വർഷം മുൻപ് കോളേജിൽ പഠിക്കുമ്പോൾ അന്ന് കലോത്സവം ഉദ്ഘാടനം ചെയ്യാൻ വന്നത് കുഞ്ചാക്കോ ബോബനാണെന്നാണ് ദിലീഷ് പോത്തൻ തമാശയായി പറഞ്ഞത്.

'ഞാൻ കോളേജിൽ നിന്ന് പഠിച്ച് ഇറങ്ങിയിട്ട് ഏകദേശം 30 വർഷം കഴിഞ്ഞു. എന്റെ കോളേജിലും യൂണിയനിൽ കലോത്സവത്തിൽ ഉദ്ഘാടനത്തിന് വന്നത് അന്നത്തെ യുവതാരമായിരുന്ന കുഞ്ചാക്കോ ബോബൻ ആയിരുന്നു. നിങ്ങൾ വീട്ടിൽ ചെന്ന് നിങ്ങളുടെ രക്ഷിതാക്കളോട് ചോദിച്ചാൽ അവരുടെ കോളേജ് യൂണിയനും, വല്യച്ഛനോടും വല്യമ്മയോടും ചോദിച്ചാൽ അവരുടെ കോളേജിലും ഉദ്ഘാടത്തിന് വന്നത് ചാക്കോച്ചൻ ആയിരിക്കും', ദിലീഷ് പോത്തന്റെ വാക്കുകൾ. കുഞ്ചാക്കോ ബോബൻ വേദിയിൽ നിൽക്കുമ്പോഴായിരുന്നു ദീലീഷ് പോത്തൻ ഇക്കാര്യം പറഞ്ഞത്

തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും റേഡിയോയുടെ സ്ഥിരം ശ്രോതാവുമായ 'സേതു' എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ ഒരു ദുരൂഹസാഹചര്യത്തിൽ എന്ന ചിത്രത്തിൽ എത്തുന്നത്. ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, രാജേഷ് മാധവൻ, ഷാഹി കബീർ, പി.പി. കുഞ്ഞികൃഷ്ണൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Content Highlights: The joke made by Dileesh Pothan has now gone viral. Dileesh jokingly said that it was Chackochan who came for the inauguration when he was studying in college, and he would be the one coming to the colleges of the parents of today's students as well.