ദിലീപിനെ എന്തുകൊണ്ട്‌ വെറുതേവിട്ടു? പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ച തെളിവുകൾ തള്ളാൻ കാരണമെന്ത്?

#മൂവി ഡെസ്ക്
കോടതിയിൽനിന്ന് പുറത്തേക്ക് വരുന്ന നടൻ ദിലീപ് | ഫോട്ടോ: മാതൃഭൂമി
കോടതിയിൽനിന്ന് പുറത്തേക്ക് വരുന്ന നടൻ ദിലീപ് | ഫോട്ടോ: മാതൃഭൂമി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ പേരിൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്ന്‌ വിചാരണക്കോടതി ഉത്തരവിൽ പറയുന്നു. ഒന്നാംപ്രതി പൾസർ സുനിയും ദിലീപും തമ്മിൽ ഗൂഢാലോചന നടത്തിയതിന്‌ പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ച തെളിവുകൾ തള്ളിയാണ്‌ ദിലീപിനെ കുറ്റവിമുക്തനാക്കിയത്‌. 1711 പേജുള്ളതാണ്‌ ശിക്ഷാ വിധി.

ഇരുവരും തമ്മിലുള്ള ഗൂഢാലോചനയ്ക്ക് തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കിയത്‌ പൾസർ സുനി ജയിലിൽനിന്ന്‌ അയച്ച കത്താണ്‌. ആദ്യം പൾസർ സുനി ഒരു സ്‌ത്രീയാണ്‌ ക്വട്ടേഷൻ നൽകിയതെന്ന്‌ പറഞ്ഞിരുന്നു. പിന്നീട്‌ ദിലീപാണ്‌ ക്വട്ടേഷൻ നൽകിയതെന്ന്‌ മാറ്റിപ്പറഞ്ഞു. സുനി പറയുന്ന സ്ത്രീയെക്കുറിച്ച്‌ പോലീസ്‌ അന്വേഷിച്ചിട്ടില്ലെന്ന്‌ പറയുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ്‌ ഇരുവരും തമ്മിലുള്ള ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാണിച്ചത്.

എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് വിവിധ ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിച്ചതായി പ്രോസിക്യൂഷൻ ആരോപിച്ചതായി വിധിയിൽ പറയുന്നു. എന്നാലിത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദമുന്നയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂഷനും പക്ഷപാതപരമായി പെരുമാറിയെന്നും ജുഡീഷ്യറിയെയും ജഡ്ജിയെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതായും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഈ ആരോപണങ്ങളിൽ കോടതി ഇടപെട്ടില്ലെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Actress Assault Case: Court Explains Why Dileep Was Acquitted and Prosecution Evidence Rejected