അച്ഛൻ പോയിട്ട് ഒന്നര മാസം കഴിഞ്ഞതേയുള്ളൂ, തമാശ പറയാനുള്ള മാനസികാവസ്ഥയിലല്ല -ധ്യാൻ

#മൂവി ഡെസ്ക്
ധ്യാന്‍ ശ്രീനിവാസന്‍ | ഫോട്ടോ: ജെയ്‌വിന്‍ ടി. സേവ്യര്‍ \ മാതൃഭൂമി
ധ്യാന്‍ ശ്രീനിവാസന്‍ | ഫോട്ടോ: ജെയ്‌വിന്‍ ടി. സേവ്യര്‍ \ മാതൃഭൂമി

പിതാവായ ശ്രീനിവാസന്റെ വേർപാടിന് ശേഷം ആദ്യമായി ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. ബ്ലൂഹിൽ ഫൗണ്ടേഷന്റെ ഒന്നാം വാർഷിക ചടങ്ങിലേക്കാണ് അദ്ദേഹം എത്തിയത്. അച്ഛൻ വിടവാങ്ങി ഒന്നര മാസം മാത്രം പിന്നിടുമ്പോൾ, തമാശകൾ പറയാനുള്ള മാനസികാവസ്ഥയിലല്ല താനെന്ന് ധ്യാൻ പറഞ്ഞു. എന്നാൽ ഈ സംരംഭത്തിന്റെ നന്മ കണക്കിലെടുത്താണ് താൻ എത്തിയതെന്നും ധ്യാൻ പറഞ്ഞു. ജീവിതത്തിൽ സമ്പാദിക്കുന്നതിനേക്കാൾ മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ ലഭിക്കുന്ന സംതൃപ്തിയെക്കുറിച്ച് അച്ഛന്റെ ഒരു സുഹൃത്ത് പണ്ട് നൽകിയ ഉപദേശത്തെക്കുറിച്ചും താരം വേദിയിൽ സംസാരിച്ചു.

"ഇതൊരു വലിയ ഭാരമാണ്. വന്നയുടൻ ഞാൻ തമാശ പറഞ്ഞ് എല്ലാവരെയും ചിരിപ്പിക്കും എന്ന് കരുതും. സത്യം പറഞ്ഞു കഴിഞ്ഞാൽ ഇപ്പോൾ അങ്ങനെ ഒരു മാനസികാവസ്ഥയിലല്ല. കാരണം അച്ഛൻ പോയിട്ട് ഇപ്പോൾ ഒന്നര മാസം കഴിഞ്ഞതേയുള്ളൂ. പക്ഷേ, ഇങ്ങനെ ഒരു പരിപാടിയുടെ ഉദ്ദേശശുദ്ധി കണക്കിലെടുത്ത് വരണം എന്നുണ്ടായിരുന്നു. അച്ഛൻ പോയതിനു ശേഷമുള്ള എന്റെ ആദ്യത്തെ പൊതുപരിപാടിയാണിത്. അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു കാര്യമാകുമ്പോൾ അതിന്റെ ഉദ്ദേശശുദ്ധി കൂടി ചിന്തിച്ചപ്പോൾ വരാമെന്ന് വിചാരിച്ചു. അതുകൊണ്ട് പ്രത്യേകിച്ച് തമാശയൊന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്." ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

"കുറച്ചു വർഷങ്ങൾക്കു മുൻപ്, ഞാൻ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയം. പഠിച്ചിട്ടില്ല, പോയിക്കൊണ്ടിരിക്കുന്ന സമയം. വെറുതേ ഇങ്ങനെ പോകും വരും. ഒരു ദിവസം അച്ഛന്റെ ഒരു സുഹൃത്തും സിനിമയിലൊക്കെയുള്ള ഒരാളും വീട്ടിൽ വന്നപ്പോൾ എന്നോട് ഒരു കാര്യം പറഞ്ഞു. 'നാളെ നീ എന്നെങ്കിലും രക്ഷപ്പെടുകയാണെങ്കിൽ, നിന്റെ കയ്യിൽ പത്ത് കാശൊക്കെ വരുന്ന സമയത്ത് നീ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങണം’ എന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് മുന്നോട്ട് എന്ത് സംഭവിക്കും എന്ന് പോലും അറിയാത്ത ഒരു കാലത്താണ് അദ്ദേഹം എന്നോട് ഇത് പറയുന്നത്. നിനക്ക് ഒരു 1000 രൂപ വരികയാണെങ്കിൽ അതിൽ ഒരു 600 രൂപ നീ ആദ്യത്തെ ബാങ്ക് അക്കൗണ്ടിൽ ഇടണം. പിന്നെ വരുന്ന ഒരു 300 രൂപ രണ്ടാമത്തെ ബാങ്ക് അക്കൗണ്ടിൽ ഇടുക. ബാക്കി വരുന്ന 100 രൂപ മൂന്നാമത്തെ ബാങ്ക് അക്കൗണ്ടിലേക്കും മാറ്റുക.’ ആയിരം രൂപ പോയിട്ട് ഒരു അമ്പത് രൂപ എടുക്കാനില്ലാത്ത സമയത്താണ് പുള്ളി എന്നെ ഇങ്ങനെ ഉപദേശിക്കുന്നത്.

അപ്പോൾ ഞാൻ ചോദിച്ചു, എന്തിനാണ് അങ്കിൾ അങ്ങനെ? എന്ന്. പുള്ളി പറഞ്ഞു: 'ആദ്യത്തെ ബാങ്ക് അക്കൗണ്ടിൽ വരുന്ന കാശ് നിനക്ക് നിന്റെ ആവശ്യങ്ങൾക്കും ചെലവുകൾക്കും ഉപയോഗിക്കാം. രണ്ടാമത്തെ ബാങ്ക് അക്കൗണ്ടിലുള്ള പൈസ കൊണ്ട് നിനക്ക് ഈ നാട്ടിലെ നികുതി അടയ്ക്കാം. നീ ഒരു റെസ്പോൺസിബിൾ സിറ്റിസൺ ആണെങ്കിൽ ടാക്സ് അടയ്ക്കാൻ ബാധ്യസ്ഥനാണ്. അതുകൊണ്ട് നീ കൃത്യമായി ആ പൈസ കൊണ്ട് നികുതിയടയ്ക്കുക.'

അപ്പോൾ ഞാൻ ചോദിച്ചു, 'മൂന്നാമത്തെ നൂറു രൂപയോ?' 'അതാണ് നിനക്ക് ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം തരാൻ പോകുന്നതെന്ന്' അദ്ദേഹം പറഞ്ഞു. ഞാൻ ചോദിച്ചു, 'അതെന്താണ്?' അതിന് അദ്ദേഹം പറഞ്ഞത് ഈ ചാരിറ്റിയെക്കുറിച്ചാണ്. നീ ഒരുപാട് വണ്ടികൾ വാങ്ങുമായിരിക്കും, വീടുകൾ വയ്ക്കുമായിരിക്കും, പക്ഷേ നിന്റെ മനസ്സറിഞ്ഞ് ഒരാൾക്ക് ഒരു സഹായം നൽകുമ്പോൾ കിട്ടുന്ന സന്തോഷം നീ വീട് വച്ചാലും കാർ വാങ്ങിയാലും നിനക്ക് കിട്ടില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞു." ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ.

Content Highlights: Dhyan Sreenivasan attends his first public event after his father Sreenivasan`s passing. He shares his emotional state and life advice on charity.