'വിത്തിടുന്നത് ആദ്യമായിട്ടാണ്, ദിവസവും ചോറ് കഴിക്കാറുണ്ട്; ലാഭമോ നഷ്ടമോ നോക്കിയല്ല കൃഷി ചെയ്യുന്നത്'

നടൻ ധ്യാൻ ശ്രീനിവാസൻ, ഹൈബി ഈഡൻ എംപി, നടൻ മണികണ്ഠൻ ആചാരി എന്നിവര്‍ ചേര്‍ന്ന് വിത്ത് വിതയ്ക്കുന്നു| ഫോട്ടോ: എം.വി. സിനോജ്
നടൻ ധ്യാൻ ശ്രീനിവാസൻ, ഹൈബി ഈഡൻ എംപി, നടൻ മണികണ്ഠൻ ആചാരി എന്നിവര്‍ ചേര്‍ന്ന് വിത്ത് വിതയ്ക്കുന്നു| ഫോട്ടോ: എം.വി. സിനോജ്

ഉദയംപേരൂർ: സിനിമാ തിരക്കുകൾ മാറ്റിവെച്ച്, കൃഷിയോടുള്ള ഇഷ്ടം പറഞ്ഞ് വീടിനു സമീപത്തെ പാടശേഖരത്ത് നെൽകൃഷിക്കായി നടൻ ധ്യാൻ ശ്രീനിവാസൻ വിത്തെറിഞ്ഞു. അച്ഛൻ ശ്രീനിവാസന്റെ പാത പിന്തുടർന്നായിരുന്നു യുവകർഷകനായി കണ്ടനാട് പുന്നച്ചാലിൽ പാടശേഖരത്ത് ധ്യാൻ എത്തിയത്. എൺപതേക്കറിലേറെ പാടത്താണ് ഇത്തവണ നെൽകൃഷി നടത്തുന്നത്.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു വിത മഹോത്സവം. ചടങ്ങിന് ശ്രീനിവാസന് എത്താനായില്ല. പാടത്തിന്റെ വരമ്പിൽനിന്ന് ധ്യാൻ നെൽവിത്തുകൾ എറിഞ്ഞപ്പോൾ നാട്ടുകാരടക്കമുള്ളവർ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ഏറെ വർഷങ്ങളായി ഇവിടെ നെൽകൃഷി ചെയ്യുന്നത്. പുന്നച്ചാലിൽ പാടത്തിന് ചേർന്നുതന്നെയാണ് ശ്രീനിവാസൻ കുടുംബസമേതം താമസിക്കുന്നതും.

കർഷകരായ സാജു കുര്യൻ, മനു ഫിലിപ്പ് എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. ഇവരെ ചടങ്ങിൽ ആദരിച്ചു. ഉദയംപേരൂർ ഗ്രാമ പഞ്ചായത്ത്, കൃഷിഭവൻ, എംഎഫ്‌സി ലിമിറ്റഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന വിത മഹോത്സവം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അധ്യക്ഷയായി.

നടൻ മണികണ്ഠൻ ആചാരി, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, ജില്ലാ പഞ്ചായത്തംഗം കെ.വി. അനിത, മെംബർ രാജു പി. നായർ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, പഞ്ചായത്തംഗങ്ങളായ ടി.കെ. ജയചന്ദ്രൻ, സുധ നാരായണൻ, ആൽവിൻ സേവ്യർ, ബിനു ജോഷി, മധ്യകേരള ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ഫൗണ്ടർ ജോർജ് കുളങ്ങര, സാജു കുര്യൻ, എറണാകുളം പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇന്ദു പി. നായർ, ഉദയംപേരൂർ കൃഷി ഓഫീസർ സീനു ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ചെളിയും വെള്ളവുമായി കിടന്ന പാടത്ത് യുവജനങ്ങളുടെ ഫുട്‌ബോൾ കളിയും ഉണ്ടായി.

കൃഷിയിലേക്ക് താത്പര്യത്തോടെ വരണം

ഉദയംപേരൂർ: 'ആദ്യമായിട്ടാണ് വിത്തിടുന്നത്. പക്ഷേ, ദിവസവും ചോറ് കഴിക്കാറുണ്ട്. എന്നും എഴുന്നേറ്റ് വരുമ്പോൾ കാണുന്നതും ഈ പാടമാണ്. അച്ഛന്റെ അച്ഛൻ കർഷകനായിരുന്നു. ലാഭനഷ്ടങ്ങൾ നോക്കിയല്ല അച്ഛൻ ഇവിടെ വർഷങ്ങൾക്കുമുമ്പ് തരിശു കിടന്ന പാടത്ത് നെൽകൃഷി തുടങ്ങിയത്. അച്ഛൻ വർഷങ്ങളായി കൃഷി ചെയ്തുവരുന്നതാണ്. 80 ഏക്കറിലാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. ലാഭമോ നഷ്ടമോ ഒന്നുമല്ല നോക്കുന്നത്. ഇവിടെ കൃഷിയിൽ ആർക്കും പങ്കുചേരാം. ഈ വർഷം ഞാൻ പങ്കാളിയാകുന്നു.'- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. കണ്ടനാട് പുന്നച്ചാലിൽ പാടശേഖരത്ത് നെൽകൃഷിക്ക് വിത്ത് വിതച്ച് സംസാരിക്കുകയായിരുന്നു ധ്യാൻ.  

സാധാരണ പരാജയമാണല്ലോ, ഇതിലെങ്കിലും ഒന്ന് വിജയിക്കണമെന്നും ധ്യാൻ തമാശയായി പറഞ്ഞു. അടുത്ത വർഷം ഇവിടെ അഞ്ചേക്കറോളം പാടത്ത് നെൽകൃഷി നടത്താൻ താൻ തയ്യാറാണെന്ന് അതിഥിയായി എത്തിയ നടൻ മണികണ്ഠൻ ആചാരി പറഞ്ഞു.

Content Highlights: dhyan sreenivasan farming punnachal