1100 കോടി പിന്നിട്ട് ‘ധുരന്ധർ’; ഷാരൂഖ് ചിത്രം ‘പഠാൻ’ കളക്ഷനും മറികടന്ന് രൺവീറിന്റെ തേരോട്ടം

ബോക്‌സ് ഓഫീസിൽ കുതിപ്പ് തുടർന്ന് രൺവീർ സിങ്ങിന്റെ ബോളിവുഡ് ചിത്രം 'ധുരന്ധർ'. പുറത്തിറങ്ങി നാലാം ആഴ്ചയിലേക്ക് കടന്നപ്പോൾ ചിത്രം ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമായി 1100.23 കോടി കളക്ഷൻ നേടിയതായി നിർമാതാക്കളായ ജിയോ സ്റ്റുഡിയോസ് അറിയിച്ചു.
ആദ്യ ആഴ്ച 218 കോടി ആഭ്യന്തര നെറ്റ് കളക്ഷൻ നേടിയ ചിത്രം രണ്ടാം ആഴ്ചയിൽ 261.5 കോടിയായി ഉയർത്തി. മൂന്നാം ആഴ്ച 189.3 കോടിയും വീക്കെൻഡിൽ 61.90 കോടിയുമാണ് നെറ്റ് കളക്ഷൻ. 238 കോടി ഗ്രോസ് കളക്ഷനാണ് ചിത്രം വിദേശ മാർക്കറ്റിൽനിന്ന് നേടിയതെന്നും നിർമാതാക്കൾ വ്യക്തമാക്കി.
പ്രഭാസിന്റെ നാഗ് അശ്വിൻ ചിത്രം 'കൽക്കി 2898 എഡി'യുടേയും അല്ലു അർജുന്റെ 'പുഷ്പ 2: ദ റൂളി'ന്റേയും ആഭ്യന്തര കളക്ഷൻ ചിത്രം നിലവിൽ മറികടന്നുകഴിഞ്ഞു. 646.31 കോടിയായിരുന്നു 'കൽക്കി'യുടെ ആഭ്യന്തര ആജീവനാന്ത കളക്ഷൻ. 812.14 കോടിയായിരുന്നു 'പുഷ്പ 2' ഹിന്ദി പതിപ്പ് ആഭ്യന്തര മാർക്കറ്റിൽനിന്ന് നേടിയത്.
ആഗോള തലത്തിൽ ഷാരൂഖ് ഖാൻ ചിത്രം 'പഠാന്റെ' കളക്ഷനും രൺവീർ നായകനായ ചിത്രം മറികടന്നു.1055 കോടിയാണ് ഷാരൂഖിന്റെ 'പഠാൻ' ആഗോള തലത്തിൽ നേടിയത്.
2025-ൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമെന്ന നേട്ടം 'ധുരന്ധർ' സ്വന്തമാക്കി കഴിഞ്ഞു. 'കാന്താര: എ ലെജൻഡ്- ചാപ്റ്റർ വൺ', 'ഛാവ' എന്നീ ചിത്രങ്ങളെ മറികടന്നാണിത്.
അദിത്യ ധർ സംവിധാനംചെയ്ത സ്‌പൈ ആക്ഷൻ ത്രില്ലറാണ് 'ധുരന്ധർ'. സംവിധായകൻ തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രൺവീർ സിങ്ങിന് പുറമേ, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ, സാറാ അർജുൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
Content Highlights: Ranveer Singh`s `Dhurandhar` shatters box office records, surpassing `Pathaan` and `Kalki 2898 AD` with over 1100.23 Cr gross collection worldwide