രഹസ്യ ദൗത്യങ്ങൾ കഴിഞ്ഞിട്ടില്ല; ധുരന്ധർ 3 ഉടനുണ്ടാകുമോ? നിർണായക വിവരം പങ്കുവെച്ച് നിർമാതാവ്

ബോക്‌സ് ഓഫീസിൽ പുതിയ ഇതിഹാസം രചിച്ചുകൊണ്ട് വമ്പൻ ഹിറ്റായ ചിത്രങ്ങളാണ് ധുരന്ധർ ഒന്നും രണ്ടും ഭാഗങ്ങൾ. കഴിഞ്ഞവർഷം ഡിസംബറിലാണ് സ്‌പൈ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ധുരന്ധർ പുറത്തിറങ്ങിയത്. പിന്നീട് മാസങ്ങൾക്കിപ്പുറം മാർച്ചിൽ രണ്ടാം ഭാഗമായ ധുരന്ധർ: ദി റിവഞ്ചും തിയേറ്ററുകളിലെത്തി. അസാധാരണമായ ദൈർഘ്യമുണ്ടായിട്ട് പോലും ഗംഭീര വിജയമാണ് ഇരുചിത്രങ്ങൾക്കും പ്രേക്ഷകർ സമ്മാനിച്ചത്. ധുരന്ധറിന് ഒരു മൂന്നാം ഭാഗമുണ്ടാകുമോ എന്നാണ് ഇതിന് പിന്നാലെ എല്ലാവരും ചോദിച്ചത്. ഇപ്പോഴിതാ അക്കാര്യം സംബന്ധിച്ച വിവരം പങ്കുവെക്കുകയാണ് നിർമാതാവ്.
ധുരന്ധർ ഇനിയും അവസാനിച്ചിട്ടില്ല എന്നാണ് സഹനിർമാതാവായ, ജിയോ സ്റ്റുഡിയോയുടെ ജ്യോതി ദേശ്പാണ്ഡെ പറയുന്നത്. ധുരന്ധർ മൂന്നാം ഭാഗത്തിന്റെ വ്യക്തമായ സൂചനയായാണ് പലരും ഇത് വിലയിരുത്തുന്നത്. ആരാധകർക്ക് ഉടനൊരു സർപ്രൈസ് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അത് ഈ വർഷം തന്നെയുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു. ബോളിവുഡ് ഹംഗാമയോട് സംസാരിക്കുകയായിരുന്നു ജ്യോതി.
അതേസമയം ചിത്രത്തിൽ ജമീൽ ജമാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രാകേഷ് ബേദി ധുരന്ധർ 3 ഉണ്ടാകില്ലെന്ന് നേരത്തേ പറഞ്ഞിരുന്നു. സൂമിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മൂന്നാം ഭാഗം സംഭവിക്കില്ലെന്നാണ് താൻ കരുതുന്നതെന്നും എന്നാൽ ധുരന്ധർ ഒരു ഫ്രാഞ്ചൈസാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഫ്രാഞ്ചൈസായതിനാൽ മറ്റ് നടന്മാരെ വെച്ച് എപ്പോൾ വേണമെങ്കിലും സിനിമയെടുക്കാമെന്നും ചാരൻ സ്വന്തം നാട്ടിലേക്ക് പോകുന്നതോടെയാണ് കഥ അവസാനിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: Producer Jyoti Deshpande hinted that 'Dhurandhar' will return for a third installment, promising a surprise for fans later this year, despite actor Rakesh Bedi's earlier doubts about a sequel.