പ്രണയം തകർന്നയാളുടെ മുഖമാണ് എനിക്കെന്ന് അദ്ദേഹം പറഞ്ഞു, തമാശയാണെങ്കിലും അതിന് സൂക്ഷ്മമായ അർത്ഥമുണ്ടായിരുന്നു -ധനുഷ്

പുതിയ ചിത്രമായ തേരേ ഇഷ്ഖ് മേം റിലീസിന് മുന്നോടിയായുള്ള പ്രചാരണത്തിലാണ് നടൻ ധനുഷ്. ആനന്ദ് എൽ റായ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കൃതി സനോൺ ആണ് നായിക. പ്രൊമോഷണൽ പരിപാടികൾക്കിടയിൽ നടന്ന ചിരിപ്പിക്കുന്ന ഒരു സംഭാഷണമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. സംവിധായകൻ ആനന്ദ് എൽ. റായ് തന്നേക്കുറിച്ച് പറഞ്ഞ ഒരു കാര്യത്തേക്കുറിച്ച് ധനുഷ് നടത്തിയ പരാമർശമാണ് ഇതിന് കാരണം.
എന്തിനാണ് തന്നെ എപ്പോഴും പ്രണയപരാജയം സംഭവിക്കുന്ന കഥാപാത്രങ്ങളിലേക്ക് തിരഞ്ഞെടുക്കുന്നതെന്ന് സംവിധായകൻ ആനന്ദ് എൽ. റായിയോട് ചിരിച്ചുകൊണ്ട് ചോദിച്ച നിമിഷം ധനുഷ് പങ്കുവെച്ചു. "ഞാൻ ചോദിച്ചു... 'എന്തിനാണ് എന്നെ ഇത്തരം പ്രണയ പരാജയ കഥാപാത്രങ്ങൾക്കായി തിരഞ്ഞെടുക്കുന്നത്?' എന്ന്. അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു, 'നിനക്കൊരു പ്രണയപരാജയം സംഭവിച്ചയാളുടെ മുഖമാണെന്ന്." സംവിധായകന്റെ മറുപടി താനും തമാശയായാണ് എടുത്തതെന്നും, എന്നാൽ അതിലൊരു സൂക്ഷ്മമായ അർത്ഥമുണ്ടായിരുന്നുവെന്നും ധനുഷ് പറഞ്ഞു.
"അന്ന് വീട്ടിൽ പോയപ്പോൾ ഞാൻ കണ്ണാടിക്ക് മുന്നിൽ നിന്ന് എൻ്റെ മുഖം സൂക്ഷിച്ചുനോക്കി. എന്നിരുന്നാലും, അത്തരം കഥാപാത്രങ്ങളെ ആഴത്തിൽ ഉൾക്കൊള്ളുന്നത് എളുപ്പമല്ല. 'രാഞ്ഝണാ'യിലെ കുന്ദൻ എന്ന കഥാപാത്രം എളുപ്പമുള്ളതായി തോന്നാമെങ്കിലും, അവതരിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഒരു ചെറിയ പിഴവ് പോലും ആളുകൾക്ക് ആ കഥാപാത്രത്തോട് വെറുപ്പ് തോന്നാൻ ഇടയാക്കും. ആ കഥാപാത്രത്തെ കൃത്യമായി രൂപപ്പെടുത്താൻ ഒരുപാട് പ്രയത്നിക്കേണ്ടതുണ്ടായിരുന്നു." ധനുഷ് പറഞ്ഞു. രാഞ്ഝണാ എന്ന ചിത്രത്തിലാണ് ധനുഷും ആനന്ദ് എൽ. റായിയും മുൻപ് ഒരുമിച്ചത്.
തേരെ ഇഷ്ക് മേം എന്ന സിനിമയിൽ താൻ അവതരിപ്പിച്ച ശങ്കർ എന്ന കഥാപാത്രത്തിനും നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നുവെന്ന് ധനുഷ് പങ്കുവെച്ചു. അവയെല്ലാം സ്ക്രീനിൽ കാണുമ്പോൾ ശരിക്കും മനസ്സിലാകും. അതോടൊപ്പം, ചിത്രം ആരാധകർക്ക് ഒരു പുതിയ അനുഭവമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. തനിക്ക് ലഭിക്കുന്ന പ്രണയപരാജിതന്റെ കഥാപാത്രങ്ങളെ അഭിനയത്തിലൂടെ ശക്തമാക്കി മാറ്റുന്നതാണ് തന്റെ ഏറ്റവും വലിയ സംതൃപ്തിയെന്നും ധനുഷ് കൂട്ടിച്ചേർത്തു.
നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ ധനുഷിന് തിരക്കേറിയ വർഷമായിരുന്നു ഇത്. ഈ വർഷം, തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങിയ ശേഖർ കമ്മൂലയുടെ 'കുബേര'യിൽ അദ്ദേഹം അഭിനയിച്ചു. 'ഇഡ്ഡലി കടൈ' എന്ന ചിത്രത്തിന് രചന, സംവിധാനം, നിർമ്മാണം എന്നിവ നിർവഹിച്ച് അഭിനയിക്കുകയും ചെയ്തു. താൻ സംവിധാനവും നിർമ്മാണവും നിർവഹിച്ച 'നിലവിന് എൻ മേൽ എന്നടി കോപം' എന്ന ചിത്രത്തിലൂടെ അനന്തരവൻ പവിഷിനെയും ധനുഷ് സിനിമയിൽ അവതരിപ്പിച്ചു.
Content Highlights: Dhanush opens up about playing Shankar in `Tere Ishk Mein,` revealing the character`s challenges and his `heartbroken man` portrayal. Release date Nov 28.