എന്റെ മകന്റെ പേരിന് പ്രചോദനം ആ മമ്മൂട്ടിച്ചിത്രം, എനിക്കും നിങ്ങളെപ്പോലെ ആകാൻ കഴിഞ്ഞിരുന്നെങ്കിൽ -ധനുഷ്

#മൂവി ഡെസ്ക്
ധനുഷും മമ്മൂട്ടിയും | ഫോട്ടോ: X
ധനുഷും മമ്മൂട്ടിയും | ഫോട്ടോ: X

രാജ്കുമാർ പെരിയസാമി സംവിധാനംചെയ്യുന്ന O.M: ഓപ്പറേഷൻ മോൾ എന്ന ചിത്രത്തിന്റെ പ്രചാരണപരിപാടിയിൽ മമ്മൂട്ടിയെക്കുറിച്ച് വാചാലനായി നടൻ ധനുഷ്. ചുറ്റുമുള്ളവരുടെ അഭിപ്രായങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ എപ്പോഴും സ്വന്തം ഇഷ്ടത്തിനൊത്ത് ജീവിക്കുന്നു എന്നതാണ് മമ്മൂട്ടിയുടെ വ്യക്തിത്വത്തിൽ തന്നെ ഏറ്റവും ആകർഷിച്ച കാര്യമെന്ന് ധനുഷ് പറഞ്ഞു. ചിത്രത്തിലെ അഞ്ച് നായകന്മാരിൽ ഒന്നാമൻ മമ്മൂട്ടിയാണ്. 2002-ൽ പുറത്തിറങ്ങിയ തന്റെ ‘കാതൽ കൊണ്ടേൻ’ സിനിമയുടെ സെറ്റിൽ വച്ച് ഇതിഹാസ നടൻ നാഗേഷ് നൽകിയ ഉപദേശമാണ് സ്ക്രീനിൽ മമ്മൂട്ടിക്കൊപ്പം പിടിച്ചുനിൽക്കാൻ തന്നെ സഹായിച്ചത്. 24 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമ്പോൾ ഈ ഉപദേശം തനിക്ക് വലിയ മുതൽക്കൂട്ടായെന്നും ധനുഷ് പറഞ്ഞു.

"ഞാൻ 2002-ൽ 'കാതൽ കൊണ്ടേൻ' എന്നൊരു സിനിമയിൽ അഭിനയിച്ചിരുന്നു. ആ സിനിമയിൽ ലെജൻഡറി കൊമേഡിയൻ നാഗേഷ് സാർ ഉണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം അഭിനയിക്കാനുള്ള ഒരു ഭാഗ്യം എനിക്ക് കിട്ടി. അങ്ങനെ ഒരു ദിവസം അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ നാഗേഷ് സാർ എന്നെ വിളിച്ചിട്ട് പറഞ്ഞു; ഡേയ്, ചിലർ ലൊക്കേഷനിൽ ഭയങ്കരമായി അഭിനയിക്കും. കണ്ടാൽ തന്നെ അറിയാം, അവർ ഭയങ്കരമായി അഭിനയിക്കുകയാണെന്ന്. അവരെ കണ്ട് നീ പേടിക്കേണ്ട ആവശ്യമേയില്ല. എന്നാൽ ചിലർ അഭിനയിക്കുന്നതേ അറിയില്ല. വരും, വെറുതെ ഡയലോഗ് പറയുന്നതുപോലെ തോന്നും, അതുപോലെ തിരിച്ചു പോവുകയും ചെയ്യും. അവർക്കുമുന്നിലാണ് നീ വളരെ ഉഷാറായിരിക്കേണ്ടത്. കാരണം, ഒരു നടൻ അഭിനയിക്കുന്നത് പുറത്തറിയാനേ പാടില്ല. അവനാണ് നല്ല നടൻ എന്ന്.

24 വർഷങ്ങൾക്ക് ശേഷം എനിക്ക് ആ ഉപദേശം മമ്മൂട്ടി സാറിന്റെ കൂടെ അഭിനയിക്കുമ്പോൾ ഒരുപാട് ഉപകാരപ്പെട്ടു. അന്ന് മാത്രം അദ്ദേഹം അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ തീർന്നേനെ. സർ വരുന്നതും അറിയില്ല, പോകുന്നതും അറിയില്ല. വെറുതെ ഡയലോഗ് പറയുന്നതുപോലെ തോന്നും. പക്ഷേ ഞാൻ ഉഷാറായിരുന്നു. ആദ്യ ദിവസം മുതൽ തന്നെ ഞാൻ നല്ല ജാഗ്രതയിലായിരുന്നു. എത്രത്തോളം കഴിയുമോ അത്രത്തോളം തയ്യാറെടുപ്പുകളോടെയാണ് സാറുള്ള സീനുകളിലെല്ലാം ഞാൻ നിന്നത്. എന്തൊരു കരിസ്മയാണ്, എന്തൊരു ഓറയാണ് അദ്ദേഹത്തിന്! അതെല്ലാം സ്വാഭാവികമായി വരേണ്ടതാണ്, നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റില്ല. അങ്ങനെയൊരു 'എഫർട്ട്‌ലെസ് ആക്ടർ', 'എഫർട്ട്‌ലെസ് കരിസ്മ'.

അദ്ദേഹത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്തെന്നാൽ, അദ്ദേഹം എപ്പോഴും അദ്ദേഹമായിട്ട് തന്നെയാണ് ഇരിക്കുന്നത്. എന്തിനെക്കുറിച്ചും ഒട്ടും ആശങ്കപ്പെടാതെ, ചുറ്റും എന്ത് വേണമെങ്കിലും നടക്കട്ടെ, ആരെന്ത് വേണമെങ്കിലും പറയട്ടെ, അദ്ദേഹം അദ്ദേഹമായി തന്നെ തുടരും. സാർ, ഇപ്പോൾ എന്നെ നോക്കി 'എന്താടാ നിനക്കും അതുപോലെ ഇരിക്കാൻ പറ്റുമോ?' എന്ന് ചോദിക്കരുത്! ഒരു ഫംഗ്ഷനിൽ ഇരിക്കുകയാണ് അദ്ദേഹം, ഫംഗ്ഷൻ ബോറടിച്ചാൽ അദ്ദേഹം തന്റെ പാട്ടിന് ഫോണിൽ നോക്കിയിരിക്കും. 'നിങ്ങൾ എന്ത് വേണമെങ്കിലും വിചാരിച്ചോളൂ, എനിക്ക് പ്രശ്നമില്ല' എന്ന ഭാവം. അങ്ങനെ ഇരിക്കാൻ വലിയ ചങ്കൂറ്റം വേണം. സാറിന്റെ ആ സ്വഭാവത്തെ ഞാൻ ഒരുപാട് ആരാധിക്കുന്നു. എനിക്കും നിങ്ങളെപ്പോലെ ആകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.

പിന്നെ ബാലുമഹേന്ദ്ര സാർ നിങ്ങളെക്കുറിച്ച് എന്നോട് ഒരുപാട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാനുള്ള അനുഭവം എനിക്ക് കിട്ടിയിട്ടുണ്ട്. ലെജൻഡറി ബാലുമഹേന്ദ്ര സാർ നിങ്ങളോടൊപ്പം 'യാത്ര' എന്നൊരു സിനിമ ചെയ്തിരുന്നു. ആ സിനിമയുടെ അനുഭവങ്ങൾ അദ്ദേഹം എന്നോട് ഒരുപാട് പങ്കുവെച്ചിട്ടുണ്ട്. ഒരുതരത്തിൽ എന്റെ മകന്റെ പേര് 'യാത്ര' എന്നായത് ആ ടൈറ്റിലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്. ലൊക്കേഷനിൽ മമ്മൂട്ടി സാർ ഉണ്ടെന്ന് അറിഞ്ഞാൽ ഞാൻ ഭയങ്കര സന്തോഷത്തിലാകും. 'സാർ ഉണ്ടോ? ഇന്ന് സാർ ഉണ്ടോ?' എന്ന് ചോദിച്ചുകൊണ്ടാണ് ഞാൻ വരുന്നത്. അത്രയ്ക്കും രസമായിരിക്കും സാർ അവിടെ ഉണ്ടെങ്കിൽ. നിങ്ങളോടൊപ്പം സ്ക്രീൻ സ്പേസ് പങ്കിടാൻ കഴിഞ്ഞത് വലിയൊരു അംഗീകാരമാണ് സാർ, ഒരുപാട് സന്തോഷമുണ്ട്. ചെറുപ്പം മുതൽ നമ്മൾ കണ്ട് ആരാധിച്ച വലിയ ലെജൻഡ്‌സിനൊപ്പം ജോലി ചെയ്യുക എന്നത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല. എനിക്ക് അത് ലഭിച്ചു, ഒരുപാട് നന്ദി.

അതുപോലെ, ഇത്രയും വലിയൊരു സൂപ്പർസ്റ്റാർ ഒരു സിനിമയിൽ അഭിനയിച്ചു തീർത്തു പോവുക എന്നതിനപ്പുറം, അത് പ്രൊമോട്ട് ചെയ്യാൻ ചെന്നൈയിൽ വരുന്നു, ഇവിടെ വരുന്നു, ഹൈദരാബാദിൽ വരുന്നു. ആ ഒരു പരിശ്രമവും നിങ്ങൾ എടുക്കുന്നുണ്ട്. ഈ സഹകരണത്തിനും ഞങ്ങൾക്ക് ഇത്രയധികം പിന്തുണ നൽകുന്നതിനും വളരെ നന്ദി. സാധാരണ ഒരു സൂപ്പർസ്റ്റാർ പദവിയിൽ എത്തിയ ശേഷം എല്ലാവരും 'സേഫ്' ആയിട്ടുള്ള സിനിമകളാണ് ചെയ്യുക. എന്നാൽ ഇദ്ദേഹം എത്രത്തോളം പരീക്ഷണാത്മകമായ വേഷങ്ങളാണ് ചെയ്യുന്നതെന്ന് കാണുമ്പോൾ വലിയ അത്ഭുതം തോന്നും. അദ്ദേഹം ചെയ്യുന്ന ചില കഥാപാത്രങ്ങൾ കാണുമ്പോൾ, 'ഇതൊക്കെ ചെയ്യാൻ എത്ര ധൈര്യം വേണം, ഇത് എളുപ്പത്തിൽ ആളുകൾക്ക് ഇഷ്ടപ്പെടാതെ പോകാൻ സാധ്യതയുള്ളതാണല്ലോ' എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്നാൽ, ആളുകൾക്ക് ഇഷ്ടപ്പെടാത്ത തരത്തിലുള്ള ഒരു വേഷത്തെ പോലും ജനങ്ങളെക്കൊണ്ട് ഇഷ്ടപ്പെടുത്തി കൈയടി വാങ്ങിക്കുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്." ധനുഷിന്റെ വാക്കുകൾ.

രാജ്കുമാർ പെരിയസാമി രചനയും സംവിധാനവും നിർവഹിച്ച്, വണ്ടർബാർ ഫിലിംസും ആർ.ടേക്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് 'O.M: ഓപ്പറേഷൻ മോൾ'. ധനുഷ്, മമ്മൂട്ടി, സായ് പല്ലവി, ശ്രീലീല, നസറുദ്ദീൻ ഷാ, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നത്. രക്തചന്ദനക്കടത്ത് സംഘത്തിലേക്ക് നുഴഞ്ഞുകയറുന്ന, ഒരു രഹസ്യ ഏജന്റിന്റെ കഥയാണ് O.M പറയുന്നത്. ചിത്രം നവംബർ 20-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Content Highlights: At the promotional event for Rajkumar Periasamy's action thriller O.M: Operation Mole—releasing on November 20—Dhanush showered praise on co-star Mammootty's effortless acting, fearless experimental roles, and carefree personality, revealing that a crucial piece of acting advice from the late Nagesh during Kadhal Kondein (2002) helped him match Mammootty's screen presence, while also sharing that his son Yatra was named after Mammootty and Balu Mahendra's classic film Yathra.