വസ്ത്രത്തിന്റെ ചുളിവ് നേരെയാക്കാൻ മാത്രം ധനുഷ് സഹായിയെ വെച്ചോ? ആരോപണങ്ങൾക്ക് മറുപടിയുമായി ആരാധകർ

#മൂവി ഡെസ്ക്
ധനുഷ് | ഫോട്ടോ: PTI
ധനുഷ് | ഫോട്ടോ: PTI

ന്റെ ബോളിവുഡ് ചിത്രമായ തേരേ ഇഷ്ക് മേം-ന്റെ പ്രചാരണത്തിരക്കിലാണ് നടൻ ധനുഷ്. ഈ പ്രചാരണത്തിനിടെയുണ്ടായ ഒരു സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. സ്വന്തം വസ്ത്രത്തിന്റെ ചുളിവ് ശരിയാക്കാൻ മാത്രം ധനുഷ് സഹായിയെ വെച്ചോ എന്നതാണ് ചർച്ചാവിഷയം. ആരോപണങ്ങൾക്ക് മറുപടിയുമായി ധനുഷിന്റെ ആരാധകരും രംഗത്തെത്തിയതോടെ വലിയ വാദപ്രതിവാദങ്ങളാണ് ഈ വിഷയത്തിൽ ഉയർന്നിരിക്കുന്നത്.

തേരേ ഇഷ്ഖ് മേം എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടെ കാറിൽ നിന്നിറങ്ങുന്ന ധനുഷിന്റെ ഒരു വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. അദ്ദേഹം നിൽക്കുമ്പോൾ ഒരു സ്ത്രീ പിന്നിൽ നിന്ന് ഓടി വന്ന് അദ്ദേഹത്തിന്റെ പാന്റ്സ് ശരിയാക്കുന്നു. അവർ താരത്തിന്റെ ഷർട്ടും ശരിയാക്കാൻ പിന്നാലെ പോകുന്നതും ഈ വീഡിയോയിലുണ്ട്. ഇതാണ് സ്വന്തം വസ്ത്രം നേരെയാക്കാൻ മാത്രം ധനുഷ് സഹായിയെ വെച്ചോ എന്ന് ഒരുവിഭാഗം സോഷ്യൽ മീഡിയാ ഉപയോക്താക്കൾ ചോദിച്ചത്. പലരും ധനുഷിനെ വിമർശിക്കുകയും ചെയ്തു.

എന്നാൽ ഈ ആരോപണങ്ങളെ പ്രതിരോധിച്ച് ധനുഷിന്റെ ആരാധകർ രംഗത്തെത്തി. വീഡിയോയിലെ സ്ത്രീ നടന്റെ സ്റ്റൈലിസ്റ്റ് ആയ കവിതാ ശ്രീറാം ആണെന്ന് ആരാധകർ ചൂണ്ടിക്കാട്ടി. ധനുഷും കവിതയും സംവിധായകൻ ആനന്ദ് എൽ. റായ്, നടി കൃതി സനോൺ എന്നിവരോടൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയും അവർ പങ്കുവെച്ചു. കവിത സ്വന്തം ഇഷ്ടപ്രകാരമാണ് ജോലി ചെയ്യുന്നത്. ധനുഷ് തന്റെ ടീമംഗങ്ങളെ സുഹൃത്തുക്കളപ്പോലെയാണ് കാണുന്നത്. എന്നാൽ ചില വിഡ്ഢികൾക്ക് ഈ അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയില്ല എന്നെല്ലാം ആരാധകർ ധനുഷിനെ പ്രതിരോധിക്കുന്നു.

ഒരു നടൻ കോസ്റ്റ്യൂം ഡിസൈനറോട് ഇത്രയധികം ബഹുമാനം കാണിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? എന്ന് ചോദിച്ചവരുമുണ്ട്. വസ്തുതകൾ അറിയാതെ ആളുകൾ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നത് നിർത്തണം. ഫോട്ടോയെടുക്കുമ്പോൾ അദ്ദേഹത്തിന്റെ വസ്ത്രധാരണം നന്നായി കാണുന്നുവെന്ന് ഉറപ്പാക്കാൻ സ്റ്റൈലിസ്റ്റ് തന്റെ ജോലി ചെയ്യുകയായിരുന്നു എന്നും മറ്റുചിലർ ചൂണ്ടിക്കാണിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തേരേ ഇഷ്ക് മേം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.

Content Highlights: Dhanush Outfit Controversy: Fans Defend Actor Amidst Social Media Speculation