അമ്പതാം ചിത്രത്തിൽ ഇന്നേവരെ കാണാത്ത ലുക്കിൽ ധനുഷ്; 'രായൻ' ഫസ്റ്റ്ലുക്ക് പോസ്റ്റർ

ധനുഷ് നായകനാവുന്ന പുതിയ ചിത്രത്തിന് രായൻ എന്ന് പേരിട്ടു. ധനുഷിന്റെ അമ്പതാം ചിത്രമായൊരുങ്ങുന്ന രായന്റെ തിരക്കഥയും സംവിധാനവും അദ്ദേഹംതന്നെയാണ് നിർവഹിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്.
ഡി 50 എന്നായിരുന്നു സിനിമ ഇതുവരെ അറിയപ്പെട്ടിരുന്നത്. രായന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം നിർമാതാക്കൾ പുറത്തുവിട്ടു. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്. ആക്ഷൻ പശ്ചാത്തലത്തിലായിരിക്കും ചിത്രമൊരുങ്ങുക എന്ന സൂചനയും പോസ്റ്റർ നൽകുന്നുണ്ട്. കാളിദാസ് ജയറാമും സുന്ദീപ് കിഷനുമാണ് മറ്റുപ്രധാനവേഷങ്ങളിൽ.
എ.ആർ. റഹ്മാനാണ് സംഗീത സംവിധാനം. ഓം പ്രകാശ് ഛായാഗ്രഹണവും പീറ്റർ ഹെയ്ൻ സംഘട്ടന സംവിധാനവും നിർവഹിക്കുന്നു. ശ്രേയസ് ശ്രീനിവാസനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
കഴിഞ്ഞവർഷം ജൂലായിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ധനുഷിന്റെ മൂന്നാം സംവിധാന സംരംഭമാണ് രായൻ. 2017-ൽ പുറത്തിറങ്ങിയ പാ പാണ്ടിയാണ് ധനുഷ് സംവിധാനംചെയ്ത ആദ്യചിത്രം. മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖാ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന നിലവുക്ക് എൻമേൽ എന്നടീ കോപം എന്ന ചിത്രവും ധനുഷ് സംവിധാനം ചെയ്യുന്നുണ്ട്. ഇതിന്റെ തിരക്കഥയും ധനുഷിന്റേത് തന്നെയാണ്.
Content Highlights: dhanush new movie titled as raayan, d 50 titled as raayan